IPL 2025: ഐപിഎൽ 18ആം സീസണ് ഇന്ന് തുടക്കം: കൊൽക്കത്തയിൽ കനത്ത മഴ; ഓറഞ്ച് അലേർട്ടിൽ ആരാധകർക്ക് ആശങ്ക
IPL 2025 Starts Today KKR vs RCB: ഐപിഎലിന് ഇന്ന് തുടക്കം. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ആതിഥേയർ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് ഉദ്ഘാടന മത്സരത്തിൽ നേരിടുക. അതേസമയം, കൊൽക്കത്തയിലെ കനത്ത മഴയും ഓറഞ്ച് അലേർട്ടും ആരാധകർക്ക് ആശങ്കയാണ്.

ഐപിഎലിൻ്റെ 18ആം സീസണ് ഇന്ന് തുടക്കം. നിലവിലെ ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡൻസിൽ രാത്രി 7.30നാണ് മത്സരം. കൊൽക്കത്തയിൽ പെയ്യുന്ന കനത്ത മഴ ആരാധകർക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മഴയെ തുടർന്ന് കൊൽക്കത്തയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
കൊൽക്കത്തയിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 2015ലെ ഐപിഎൽ ഉദ്ഘാടന പരിപാടിയ്ക്കിടെയും ഈഡൻ ഗാർഡൻസിൽ മഴ പെയ്തിരുന്നു. ഉദ്ഘാടന പരിപാടികൾ തടസമില്ലാതെ നടക്കുമെങ്കിലും മഴ പെയ്താൽ കളി നടക്കില്ല. അങ്ങനെയെങ്കിൽ ഐപിഎലിൻ്റെ ഉദ്ഘാടന മത്സരം തന്നെ ഉപേക്ഷിക്കേണ്ടിവരുമെന്ന സാഹചര്യമാണുള്ളത്. ടോസിന് 45 മിനിട്ട് മുൻപാണ് ഉദ്ഘാടന പരിപാടികൾ ആരംഭിക്കുക.
കളിയുടെ സമയത്ത് മഴ ഒഴിഞ്ഞുനിന്നാലും ഇതുവരെ തുടരുന്ന മഴയും നനഞ്ഞ ഔട്ട്ഫീൽഡും അന്തരീക്ഷത്തിലെ ഈർപ്പവുമെല്ലാം കളിയെ സ്വാധീനിക്കും. കാലാവസ്ഥാ പ്രവചനമനുസരിച്ച് രാത്രിയിൽ കനത്ത മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ രണ്ടാം ഇന്നിംഗ്സിൽ രണ്ട് ന്യൂ ബോൾ എന്ന പുതിയ നിയമം ആദ്യ മത്സരത്തിൽ തന്നെ നടപ്പാക്കിയേക്കും.




മത്സരത്തിലേക്ക് വന്നാൽ, കഴിഞ്ഞ സീസണിൽ ടീമിനെ ചാമ്പ്യന്മാരാക്കിയ ശ്രേയാസ് അയ്യർ ഇല്ലാതെയാണ് കൊൽക്കത്ത ഇറങ്ങുന്നത്. പോയ വർഷത്തെ കോർ ഏറെക്കുറെ തിരികെ പിടിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. സുനിൽ നരേൻ ഓപ്പണിങ് തുടരുമോ എന്നാണ് കണ്ടറിയേണ്ടത്. അങ്ക്‌ക്രിഷ് രഘുവൻശി, അജിങ്ക്യ രഹാനെ എന്നീ രണ്ട് ഓപ്പണിങ് ഓപ്ഷൻ കൂടി ഡികോക്കിനൊപ്പമുണ്ട്. ഇവരൊക്കെ ആദ്യ ഇലവനിലുണ്ടാവും. സ്പെൻസർ ജോൺസണും ആദ്യ ഇലവനിൽ കളിക്കും.
Also Read: IPL 2025: ‘ഈ സാല’യും നോക്കണ്ട, ഇത്തവണ ആർസിബി അവസാന സ്ഥാനത്ത്; കാരണം ഇതാണ്
ആർസിബിയിൽ ദേവ്ദത്ത് പടിക്കലിൻ്റെ തിരിച്ചുവരവാണ് ശ്രദ്ധേയം. ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, റാസിഖ് സലാം എന്നിങ്ങനെ അതിശക്തമായ പേസ് ബാറ്ററിയും കൊൽക്കത്തയുടെ പഴയ ഓപ്പണർ ഫിൽ സാൾട്ടും ആർസിബിയെ ഇത്തവണ കരുത്തരാക്കുന്നു. സ്പിന്നർ സുയാഷ് ശർമ്മയും പഴയ കൊൽക്കത്ത താരമാണ്. ജിതേഷ് ശർമ്മ, ടിം ഡേവിഡ്, കൃണാൽ പാണ്ഡ്യ എന്നിവരും ആദ്യ ഇലവനിൽ കളിക്കും.