IPL 2025: ഇതാണ് അടിമാലി ഫാമിലി; റെക്കോർഡുകൾ പഴങ്കഥയാക്കി അഭിഷേക് ശർമ്മയുടെ സെഞ്ചുറി; റണ്മല കടന്ന് ഹൈദരാബാദ്
IPL 2025 SRH Won Against PBKS: പഞ്ചാബ് കിംഗ്സിനെതിരെ തകർപ്പൻ ജയവുമായി സൺറൈസേഴ്സ്. 246 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദ് 19ആം ഓവറിൽ വിജയത്തിലെത്തി.

നാല് തുടർ പരാജയങ്ങൾക്കൊടുവിൽ സൺറൈസേഴ്സ് ഹൈദരാബാദ് വിജയവഴിയിൽ. പഞ്ചാബ് കിംഗ്സിനെ തകർത്തെറിഞ്ഞാണ് ഹൈദരാബാദ് അവിശ്വസനീയ വിജയം നേടിയത്. പഞ്ചാബ് മുന്നോട്ടുവച്ച 246 റൺസ് വിജയലക്ഷ്യം 19ആം ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹൈദരാബാദ് മറികടന്നു. 141 റൺസ് നേടി പുറത്തായ അഭിഷേക് ശർമ്മയാണ് ഹൈദരാബാദിൻ്റെ വിജയശില്പി.
കഴിഞ്ഞ മത്സരങ്ങളിൽ നിരാശപ്പെടുത്തിയ ഓപ്പണർമാർ ഫോമിലേക്കുയർന്ന മത്സരമായിരുന്നു ഇത്. വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന് ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും ചേർന്ന് നൽകിയത് അവിശ്വസനീയ തുടക്കം. 171 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇരുവരും പങ്കാളികളായത്. 19 പന്തിൽ അഭിഷേക് ശർമ്മയും 31 പന്തിൽ ട്രാവിസ് ഹെഡും ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിയ്ക്ക് പിന്നാലെ 37 പന്തിൽ 66 റൺസ് നേടിയ ട്രാവിസ് ഹെഡിനെ വീഴ്ത്തി ചഹാൽ കൂട്ടുകെട്ട് പൊളിച്ചു.
Also Read: IPL 2025: സ്വന്തം നാട്ടിൽ ആദ്യമായി രാജസ്ഥാൻ ഇന്നിറങ്ങുന്നു; എതിരാളികൾ മുറിവേറ്റ ആർസിബി
എന്നാൽ, അഭിഷേക് ശർമ്മയെ തളയ്ക്കാൻ പഞ്ചാബിന് കഴിഞ്ഞില്ല. ഫാസ്റ്റ് ബൗളർമാരെയും സ്പിൻ ബൗളർമാരെയും ഒരുപോലെ കൈകാര്യം ചെയ്ത അഭിഷേക് ഹെയ്ൻറിച് ക്ലാസനെ ഒരു വശത്ത് നിർത്തി കത്തിക്കയറി. 40 പന്തിൽ താരം സെഞ്ചുറി തികച്ചു. ശശാങ്ക് സിംഗ് അടക്കം എട്ട് പേരാണ് പഞ്ചാബിനായി പന്തെറിഞ്ഞത്. എന്നാൽ, ആർക്കും അഭിഷേകിനെ തളയ്ക്കാനായില്ല. ഒടുവിൽ 55 പന്തിൽ 14 ബൗണ്ടറിയും 10 സിക്സറും സഹിതം 141 റൺസ് നേടിയ താരം അർഷ്ദീപ് സിംഗിന് മുന്നിൽ വീണു. രണ്ടാം വിക്കറ്റിൽ ക്ലാസനുമൊത്ത് 51 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് അഭിഷേക് മടങ്ങിയത്. പുറത്താവാതെ നിന്ന ക്ലാസനും (14 പന്തിൽ 21) ഇഷാൻ കിഷനും (6 പന്തിൽ 9) ചേർന്ന് ഹൈദരാബാദിനെ അനായാസ വിജയത്തിലെത്തിച്ചു.
ജയത്തോടെ പോയിൻ്റ് പട്ടികയിൽ ഹൈദരാബാദ് എട്ടാം സ്ഥാനത്തേക്ക് കയറി. ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം സഹിതം നാല് പോയിൻ്റാണ് ഹൈദരാബാദിനുള്ളത്.