AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ഒരോവര്‍ എറിഞ്ഞ് പിന്നെയും വിഘ്‌നേഷ് പുറത്ത്, ഇഷാന്‍ കിഷന്റെ വിക്കറ്റില്‍ ഒന്നിലേറെ ചോദ്യങ്ങള്‍

IPL 2025 Mumbai Indians vs Sunrisers Hyderabad: മലയാളിതാരം വിഘ്‌നേഷ് പുത്തൂരിന് വിക്കറ്റൊന്നും ലഭിച്ചില്ല. വിഘ്‌നേഷ് എറിഞ്ഞ ഒരോവറില്‍ ക്ലാസണ്‍ 15 റണ്‍സ് നേടി. പിന്നീട് വിഘ്‌നേഷിന് എറിയാന്‍ അവസരം ലഭിച്ചതുമില്ല. മാത്രമല്ല താരത്തെ പിന്‍വലിക്കുകയും ചെയ്തു

IPL 2025: ഒരോവര്‍ എറിഞ്ഞ് പിന്നെയും വിഘ്‌നേഷ് പുറത്ത്, ഇഷാന്‍ കിഷന്റെ വിക്കറ്റില്‍ ഒന്നിലേറെ ചോദ്യങ്ങള്‍
മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ Image Credit source: IPL FB Page
jayadevan-am
Jayadevan AM | Published: 23 Apr 2025 21:33 PM

ത്സരം കണ്ടവരുടെയെല്ലാം കിളി പറത്തുന്നതായിരുന്നു ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടി. ടോസ് നേടിയ മുംബൈ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു സണ്‍റൈസേഴ്‌സിന്റെ തുടക്കം. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ അപകടകാരിയായ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ ട്രെന്‍ഡ് ബോള്‍ട്ട് പൂജ്യത്തിന് പുറത്താക്കി. നേരിട്ട നാലാം പന്തില്‍ നമന്‍ ധിറിന് ക്യാച്ച് നല്‍കിയാണ് ഹെഡ് പുറത്തായത്. തൊട്ടടുത്ത ഓവറില്‍ ഇഷന്‍ കിഷനും ഔട്ടായി. നാല് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് കിഷന്‍ എടുത്തത്.

എന്നാല്‍ കിഷന്റെ ഔട്ടില്‍ ഒന്നിലേറെ ചോദ്യങ്ങളും ഉയരുകയാണ്. ദീപക് ചഹര്‍ കിഷന്റെ ലെഗ് സൈഡില്‍ എറിഞ്ഞ പന്ത് താരത്തിന് കണക്ട് ചെയ്യാനായില്ല. പന്ത് വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കല്‍ട്ടണിന്റെ കൈകളിലെത്തുകയും ചെയ്തു. ഔട്ടല്ലെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമായതിനാല്‍ ബൗളറോ, വിക്കറ്റ് കീപ്പറോ അപ്പീല്‍ ചെയ്തതുമില്ല. മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മാത്രമാണ് നേരിയ തോതിലെങ്കിലും അപ്പീല്‍ ചെയ്തത്.

വൈഡ് വിളിക്കണോ, ഔട്ട് അനുവദിക്കണമോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു അമ്പയര്‍. അമ്പയര്‍ ചെറുതായി വിരല്‍ ഉയര്‍ത്താന്‍ തുടങ്ങിയപ്പോഴേക്കും, ദീപക് ചഹര്‍ നേരിയ തോതില്‍ അപ്പീല്‍ ചെയ്തു. അമ്പയര്‍ ഔട്ട് വിധിക്കുന്നതിന് മുമ്പ് തന്നെ കിഷന്‍ മടങ്ങാന്‍ തുടങ്ങിയിരുന്നുവെന്നതാണ് ശ്രദ്ധേയം. ഉടനെ അമ്പയര്‍ കിഷന്‍ ഔട്ടാണെന്ന് വിധിച്ചു.

റിവ്യൂവിന് പോലും കിഷന്‍ ശ്രമിച്ചില്ല. സ്‌നിക്കോമീറ്ററില്‍ കിഷന്‍ ഔട്ടല്ലെന്ന് വ്യക്തമായിരുന്നു. കിഷന് റിവ്യൂവിന് ശ്രമിക്കാത്തത് എന്താണെന്നും, അമ്പയര്‍ വ്യക്തതയില്ലാതെ ഔട്ട് അനുവദിച്ചത് എന്തിനാണെന്നുമാണ് ആരാധകരുടെ ചോദ്യം.

കിഷന്‍ മടങ്ങിയതിന് പിന്നാലെ അഭിഷേക് ശര്‍മയും പുറത്തായി. എട്ട് പന്തില്‍ എട്ട് റണ്‍സ് മാത്രമായിരുന്നു അഭിഷേകിന്റെ സമ്പാദ്യം. ഒരിടവേളയ്ക്ക് ശേഷം പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തിയ വിഘ്‌നേഷ് പുത്തൂരാണ് അഭിഷേകിന്റെ ക്യാച്ചെടുത്തത്. ബോള്‍ട്ടിനായിരുന്നു വിക്കറ്റ്.

Read Also: Pahalgam terror attack: പഹല്‍ഗാം ആക്രമണം, ദുഃഖത്തില്‍ പങ്കുചേര്‍ന്ന് കായികലോകവും; ഐപിഎല്ലില്‍ ഇന്ന് ‘ആഘോഷങ്ങളി’ല്ല

അതിനടുത്ത ഓവറില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ദീപക് ചഹര്‍ ഔട്ടാക്കിയതോടെ സണ്‍റൈസേഴ്‌സിന്റെ ടോപ് ഓര്‍ഡര്‍ നിഷ്പ്രയാസം പോലെ തകര്‍ന്നു. രണ്ട് മുതല്‍ അഞ്ച് വരെയുള്ള ഓരോ ഓവറിലും സണ്‍റൈസേഴ്‌സിന് ഓരോ വിക്കറ്റ് നഷ്ടമായി. ഹെയിന്റിച്ച് ക്ലാസണന്റെയും (44 പന്തില്‍ 71), ഇമ്പാക്ട് പ്ലയറായെത്തിയ അഭിനവ് മനോഹറിന്റെയും (37 പന്തില്‍ 43) പ്രകടനമാണ് സണ്‍റൈസേഴ്‌സിനെ 100 കടത്തിയത്. അഭിനവ് ഹിറ്റ് വിക്കറ്റാവുകയായിരുന്നു.

മലയാളിതാരം വിഘ്‌നേഷ് പുത്തൂരിന് വിക്കറ്റൊന്നും ലഭിച്ചില്ല. വിഘ്‌നേഷ് എറിഞ്ഞ ഒരോവറില്‍ ക്ലാസണ്‍ 15 റണ്‍സ് നേടി. പിന്നീട് വിഘ്‌നേഷിന് എറിയാന്‍ അവസരം ലഭിച്ചതുമില്ല. മാത്രമല്ല താരത്തെ പിന്‍വലിക്കുകയും ചെയ്തു. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കറുത്ത ആം ബാന്‍ഡുകള്‍ താരങ്ങള്‍ ധരിച്ചിരുന്നു. മത്സരത്തിന് മുമ്പ് മൗനവും ആചരിച്ചു.