IPL 2025: ഇനി മാൽദീവ്സ് ഒക്കെ ഒന്ന് കറങ്ങാം; സൺറൈസേഴ്സ് താരങ്ങൾക്ക് മാനേജ്മെൻ്റ് വക ‘ടൂർ പ്രോഗ്രാം’
SRH Team In Maldives: താരങ്ങൾക്ക് മാൽദീവ്സ് സന്ദർശനമൊരുക്കി സൺറൈസേഴ്സ് ഹൈദരാബാദ് മാനേജ്മെൻ്റ്. ഇക്കാര്യം തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഫ്രാഞ്ചൈസി തന്നെ പങ്കുവച്ചു.

താരങ്ങൾക്ക് മാൽദീവ്സിലേക്ക് ടൂർ പ്രോഗ്രാമൊരുക്കി സൺറൈസേഴ്സ് ഹൈദരാബാദ് മാനേജ്മെൻ്റ്. മത്സരങ്ങൾക്കിടെ ലഭിച്ച ഇടവേളയിലാണ് മാനേജ്മെൻ്റ് താരങ്ങളെ മാൽദീവ്സിലേക്ക് കൊണ്ടുപോയത്. ഇക്കാര്യം സൺറൈസേഴ്സ് തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. ഏപ്രിൽ 25 ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ വിജയിച്ച ഹൈദരാബാദിന് ഇനി മെയ് രണ്ടിനാണ് അടുത്ത മത്സരം.
സീസണിൽ 8 മത്സരങ്ങളിൽ നിന്ന് ആറും തോറ്റ സൺറൈസേഴ്സ് പുറത്താവലിൻ്റെ വക്കിലായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ കഴിഞ്ഞ കളിയിൽ വിജയിച്ചതോടെ ഹൈദരാബാദിന് വീണ്ടും പ്രതീക്ഷയായി. നിലവിൽ 9 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം സഹിതം ആറ് പോയിൻ്റുള്ള സൺറൈസേഴ്സ് പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. രണ്ടാം തീയതി പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസിനെയാണ് സൺറൈസേഴ്സ് നേരിടുക.




വിഡിയോ കാണാം
Sun, sea, and a team retreat for our Risers in the Maldives! 🏖️✈️ pic.twitter.com/CyE0MvZHy3
— SunRisers Hyderabad (@SunRisers) April 26, 2025
ചെന്നൈക്കെതിരെ അഞ്ച് വിക്കറ്റിനായിരുന്നു സൺറൈസേഴ്സിൻ്റെ ജയം. ചെന്നൈയുടെ തട്ടകമായ എംഎ ചിദംബരം സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഎസ്കെയെ 154 റൺസിന് ഓളൗട്ടാക്കിയ ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 19ആം ഓവറിൽ വിജയലലക്ഷ്യം മറികടന്നു. പരാജയത്തോടെ ചെന്നൈ പ്ലേഓഫിൽ നിന്ന് പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി 25 പന്തിൽ 42 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസും 19 പന്തിൽ 30 റൺസ് നേടിയ ആയുഷ് മാത്രെയും ആണ് തിളങ്ങിയത്. നാല് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേൽ ചെന്നൈയെ തകർത്തെറിഞ്ഞു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് ഓപ്പണർമാരെ വേഗം നഷ്ടമായെങ്കിലും ഇഷാൻ കിഷൻ (34 പന്തിൽ 44), കമിന്ദു മെൻഡിസ് (22 പന്തിൽ 32 നോട്ടൗട്ട്) എന്നിവർ തിളങ്ങി. ഹർഷൽ പട്ടേൽ ആയിരുന്നു കളിയിലെ താരം.
രാജസ്ഥാൻ റോയൽസിനെ 44 റൺസിന് തോല്പിച്ച് സീസൺ ആരംഭിച്ച ഹൈദരാബാദ് പിന്നീട് തുടരെ നാല് മത്സരങ്ങളിൽ തോറ്റു. ആറാമത്തെ കളിയിൽ പഞ്ചാബ് കിംഗ്സിനെ എട്ട് വിക്കറ്റിന് തോല്പിച്ച ഹൈദരാബാദ് പിന്നീട് മുംബൈ ഇന്ത്യൻസിനെതിരെ തുടരെ രണ്ട് കളിയിലും തോറ്റു. ഇതിന് ശേഷമായിരുന്നു ചെന്നൈക്കെതിരായ മത്സരം.