IPL 2025: ലേലത്തിലെടുത്തു, റാഷിദ് ഖാനൊപ്പം സ്വന്തം ചിലവിൽ പരിശീലനത്തിനയച്ചു; മുംബൈ ഇന്ത്യൻസ് കൈവെള്ളയിൽ കാത്തുസൂക്ഷിക്കുന്ന മലയാളിപ്പയ്യൻ
Sports Career Of Vignesh Puthur: വിഗ്നേഷ് പുത്തൂർ എന്ന പേരാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾ തിരയുന്നത്. 24 വയസുകാരനായ, മലപ്പുറം സ്വദേശിയായ ചൈനമാൻ ബൗളർ. ചെന്നൈക്കെതിരായ ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ താരം മുംബൈ സ്കൗട്ടിങിൻ്റെ അടുത്ത വിജയമാണ്.

മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള മത്സരഫലത്തിൽ ഋതുരാജ് ഗെയ്‌ക്വാദും സംഘവും വിജയിച്ചെങ്കിലും കേരളത്തിൽ ചർച്ചയായത് മറ്റൊരു പേരാണ്, വിഗ്നേഷ് പുത്തൂർ. കളി ചെന്നൈ അനായാസം വിജയിക്കുമെന്ന ഘട്ടത്തിൽ വന്ന് മൂന്ന് വിക്കറ്റിട്ട മലയാളിപ്പയ്യൻ. കേരള സീനിയർ ടീമിനായി ഇതുവരെ കളിച്ചിട്ടില്ലാത്ത 24 വയസുകാരൻ. മുംബൈ ഇന്ത്യൻസിൻ്റെ സ്കൗട്ടിങ് മികവിൻ്റെ ഏറ്റവും പുതിയ ഉദാഹരണം.
വിഗ്നേഷ് കേരളത്തിൻ്റെ സീനിയർ ടീമിനായി ഇതുവരെ കളിച്ചിട്ടില്ല. അണ്ടർ 19, അണ്ടർ 23 ടൂർണമെൻ്റുകളിൽ കളിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗിൽ വെറും മൂന്ന് മത്സരം കളിച്ചിട്ട് നേടിയത് രണ്ട് വിക്കറ്റ്. അവിടെയൊന്നും അസാമാന്യമെന്ന് പറയാവുന്ന പ്രകടനങ്ങൾ വിഗ്നേഷ് കാഴ്ചവച്ചിട്ടില്ല. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിൻ്റെ താരമായിരുന്ന വിഗ്നേഷ് എങ്ങനെയോ മുംബൈ സ്കൗട്ടിൻ്റെ കണ്ണിലുടക്കുന്നു. പിന്നീട് ട്രയൽസിന് വിളിക്കുന്നു, മാച്ച് സിമുലേഷൻ, നീണ്ട ട്രയൽസ് ഒടുവിൽ ടീമിലും. ടീമിലെത്തിച്ചുകഴിഞ്ഞ് മുംബൈ ചെയ്തത് വിഗ്നേഷിന് രാജ്യാന്തര നിലവാരത്തിലുള്ള കളിയനുഭവമുണ്ടാക്കുകയാണ്. അതിനായി വിഗ്നേഷിനെ മുംബൈ സ്വന്തം ചിലവിൽ ദക്ഷിണാഫ്രിക്കയിലേക്കയച്ചു. അവിടെ സൗത്ത് ആഫ്രിക്ക ടി20 ടൂർണമെൻ്റിൽ മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയായ എംഐ കേപ്ടൗണിൽ സാക്ഷാൽ റാഷിദ് ഖാനുമൊത്ത് പരിശീലനം. ഇക്കഴിഞ്ഞ സീസണിൽ എംഐ കേപ്പ്ടൗണിൻ്റെ നെറ്റ് ബൗളറായിരുന്നു വിഗ്നേഷ്. ഈ സീസണിലാണ് എംഐ കേപ്ടൗൺ ആദ്യമായി എസ്എ20 കപ്പടിച്ചത്.




ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, തിലക് വർമ്മ എന്നിങ്ങനെ ശ്രദ്ധേയമായ പേരുകളും മായങ്ക് മാർക്കണ്ഡെ, കൃണാൽ പാണ്ഡ്യ, റാസിഖ് സലാം എന്നിങ്ങനെ വീണ്ടും പരന്നുകിടക്കുന്ന നിരവധി പേരുകളുമൊക്കെ മുംബൈ ഇന്ത്യൻസ് സ്കൗട്ടിങ് മികവിൻ്റെ അടയാളമാണ്. ഇതിലെ ഏറ്റവും പുതിയ കണ്ണിയാണ് വിഗ്നേഷ്. സവിശേഷകരമായ കണക്കുകളില്ലാത്ത വിഗ്നേഷിൻ്റെ ബൗളിംഗിൽ എന്തോ മികവ് കണ്ടെത്താൻ അവർക്ക് സാധിച്ചു. ഇന്ത്യയിൽ കുൽദീപ് യാദവ് കഴിഞ്ഞാൽ നിലവിൽ ഒരേയൊരെണ്ണമുള്ള ചൈനമാൻ ബൗളർ ആണെന്നത് വിഗ്നേഷിനെ യുണിക്ക് ആക്കി നിർത്തുന്നുണ്ട്. 80-82 ആണ് ശരാശരി വേഗത. വേഗത കുറച്ചെറിഞ്ഞ പന്തുകളിലാണ് ചെന്നൈ ബാറ്റർമാർക്ക് പിഴച്ചത്. അതും പുറത്താക്കിയത് സ്പിന്നർമാർക്കെതിരെ മേധാവിത്വമുള്ള ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെ. വരും മത്സരങ്ങളിൽ കൂടി മികവ് തുടരാനായാൽ വിഗ്നേഷ് ഇന്ത്യൻ ജഴ്സിയണിയുന്ന സമയം വിദൂരമല്ല.