AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ഋഷഭ് പന്തിൻ്റെ ‘വ്യാജ പരിക്ക് അടവ്’ വീണ്ടും?; ആരോപണവുമായി സമൂഹമാധ്യമങ്ങൾ

Rishabh Pant Faked Injury: ഋഷഭ് പന്ത് വീണ്ടും പരിക്കഭിനയിച്ചെന്ന് സോഷ്യൽ മീഡിയയുടെ ആരോപണം. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിലെ അതേ തന്ത്രമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ പന്ത് പുറത്തെടുത്തത് എന്നാണ് ആരോപണം.

IPL 2025: ഋഷഭ് പന്തിൻ്റെ ‘വ്യാജ പരിക്ക് അടവ്’ വീണ്ടും?; ആരോപണവുമായി സമൂഹമാധ്യമങ്ങൾ
ഋഷഭ് പന്ത്Image Credit source: Social Media
abdul-basith
Abdul Basith | Updated On: 09 Apr 2025 20:16 PM

കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിൽ പുറത്തെടുത്ത വ്യാജ പരിക്ക് അടവ് വീണ്ടും ഋഷഭ് പന്ത് പുറത്തെടുത്തെന്ന് ആരോപണം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഋഷഭ് പന്ത് പരിക്കഭിനയിച്ചു എന്നാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്. മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് നാല് റൺസിന് വിജയിച്ചിരുന്നു.

മത്സരത്തിൽ അനായാസം മുന്നോട്ടുകുതിക്കുകയായിരുന്നു കൊൽക്കത്ത. 239 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്ത 12 ഓവർ അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെന്ന നിലയിലായിരുന്നു. ഈ സമയത്ത് പുറം ഭാഗത്ത് പരിക്കെന്ന് കാട്ടി പന്ത് ഫിസിയോയെ വിളിച്ചു. ഫിസിയോ വന്ന് പന്തിനെ പരിശോധിച്ച ശേഷം ഒരു ഇടവേളയെടുത്താണ് കൊൽക്കത്ത ഇന്നിംഗ്സ് തുടർന്നത്. പിന്നീട് കൊൽക്കത്തയ്ക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. അജിങ്ക്യ രഹാനെ, രമൺദീപ് സിംഗ്, അങ്ക്ക്രിഷ് രഘുവൻശി, വെങ്കടേഷ് അയ്യർ, ആന്ദ്രേ റസൽ എന്നിവർ വേഗം മടങ്ങിയതാണ് ലഖ്നൗവിനെ വിജയത്തിലേക്ക് നയിച്ചത്.

ഇങ്ങനെ ഒരു ഇഞ്ചുറി അടവ് കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിലും ഋഷഭ് പന്ത് പുറത്തെടുത്തിരുന്നു. ഇന്ത്യ മുന്നോട്ടുവച്ച 177 റൺസ് വിജയലക്ഷ്യത്തിലേക്ക് ദക്ഷിണാഫ്രിക്ക അനായാസം കുതിയ്ക്കെ പന്ത് പരിക്കാണെന്ന് കാട്ടി ഫിസിയോയെ വിളിച്ചു. ഇന്നിംഗ്സിന് ഇടവേളയെടുക്കേണ്ടിവന്ന ഹെയ്ൻറിച്ച് ക്ലാസന് മൊമൻ്റം നഷ്ടമാവുകയും തൊട്ടടുത്ത ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുകയുമായിരുന്നു. ഇത് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഇത്തരത്തിൽ ഒരു ഇഞ്ചുറി അടവാണ് കൊൽക്കത്തയ്ക്കെതിരെയും ഋഷഭ് പന്ത് നടത്തിയത് എന്നാണ് ആരോപണം.

Also Read: IPL 2025: ‘നിങ്ങളൊരു ഓന്താണെന്ന് റായുഡു; ഓന്ത് തൻ്റെ ആരാധനാപാത്രം ധോണിയാണെന്ന് സിദ്ധു’: കമൻ്ററിക്കിടെ തമ്മിലടിച്ച് താരങ്ങൾ

ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 238 റൺസ് നേടി. നിക്കോളാസ് പൂരാൻ (36 പന്തിൽ 87 നോട്ടൗട്ട്), മിച്ചൽ മാർഷ് (48 പന്തിൽ 81) എന്നിവരാണ് ലഖ്നൗവിനായി തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 234 റൺസെടുക്കാനേ സാധിച്ചുള്ളൂ. അജിങ്ക്യ രഹാനെ (35 പന്തിൽ 61) കൊൽക്കത്തയുടെ ടോപ്പ് സ്കോററായി. 15 പന്തിൽ 38 റൺസ് നേടി പുറത്താവാതെ നിന്ന റിങ്കു സിംഗ് പൊരുതിയെങ്കിലും വിജയത്തിലെത്താനായില്ല.