IPL 2025 – Punjab Kings: സർപ്രൈസുകളില്ല; പഞ്ചാബ് കിംഗ്സിൻ്റെ നായകൻ ശ്രേയാസ് അയ്യർ തന്നെ
Shreyas Iyer Is The Captain Of Punjab Kings: വരുന്ന ഐപിഎൽ സീസണിൽ പഞ്ചാബ് കിംഗ്സിൻ്റെ നായകനായി ശ്രേയാസ് അയ്യരെ പ്രഖ്യാപിച്ചു. പഞ്ചാബ് കിംഗ്സ് താരങ്ങളായ ശ്രേയാസ് അയ്യരും യുസ്‌വേന്ദ്ര ചഹാലും ശശാങ്ക് സിംഗും അതിഥികളായി എത്തിയ ബിഗ് ബോസ് ഷോയിൽ വച്ചാണ് പ്രഖ്യാപനമുണ്ടായത്.
വരുന്ന സീസണിൽ പഞ്ചാബ് കിംഗ്സിനെ ശ്രേയാസ് അയ്യർ നയിക്കും. ബിഗ് ബോസ് ഷോയിലൂടെയാണ് പ്രഖ്യാപനം. പഞ്ചാബ് കിംഗ്സ് താരങ്ങളായ ശ്രേയാസ് അയ്യർ, യുസ്‌വേന്ദ്ര ചഹാൽ, ശശാങ്ക് സിംഗ് എന്നിവർ ഷോയിൽ അതിഥികളായി എത്തിയിരുന്നു. ഇതിനിടയിലാണ് ശ്രേയാസിനെ ക്യാപ്റ്റനാക്കിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ 26.75 കോടി രൂപയ്ക്കാണ് ശ്രേയാസിനെ പഞ്ചാബ് ടീമിലെത്തിച്ചത്.
പോയ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ക്യാപ്റ്റനായിരുന്നു ശ്രേയാസ്. ടീമിനെ ജേതാക്കളാക്കാനും താരത്തിന് കഴിഞ്ഞു. എന്നാൽ, ഈ സീസണ് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തിയ താരങ്ങളുടെ പട്ടികയിൽ ശ്രേയാസ് ഉണ്ടായിരുന്നില്ല. താരം കൂടുതൽ പണം ചോദിച്ചു എന്നും അതുകൊണ്ടാണ് റിലീസ് ചെയ്തതെന്നും പിന്നീട് ക്ലബ് തന്നെ അറിയിച്ചിരുന്നു. ലേലത്തിലെത്തിയ ശ്രേയാസിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഡൽഹി ക്യാപിറ്റൽസും രംഗത്തുണ്ടായിരുന്നു എങ്കിലും വാശിയേറിയ ലേലം വിളിയിലൂടെ പഞ്ചാബ് ശ്രേയാസിനെ ടീമിലെത്തിക്കുകയായിരുന്നു. ഈ സമയത്ത് ഐപിഎലിലെ ഏറ്റവും ഉയർന്ന തുകയായിരുന്നു ഇത്. അല്പസമയത്തിന് ശേഷം ഋഷഭ് പന്തിന് ലക്നൗ സൂപ്പർ ജയൻ്റ്സ് 27 കോടി രൂപ നൽകിയതോടെ ഈ തുക രണ്ടാമതായി.
Also Read : IPL 2025: ഐപിഎൽ 2025 മാർച്ച് 23 മുതൽ; സ്ഥിരീകരിച്ച് ബിസിസിഐ വൈസ് പ്രസിഡന്റ്
ഇതുവരെ ഐപിഎൽ കിരീടം നേടാത്ത ടീമാണ് പഞ്ചാബ് കിംഗ്സ്. ജോർജ് ബെയ്‌ലി, ശിഖർ ധവാൻ, വീരേന്ദർ സെവാഗ് തുടങ്ങി മികച്ച താരങ്ങൾ പഞ്ചാബിനെ നയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പഞ്ചാബിന് കിരീടനേട്ടമുണ്ടായിട്ടില്ല. ഇത്തവണ പ്രൂവൺ ക്യാപ്റ്റനായ ശ്രേയാസിനൊപ്പം സൂപ്പർ പരിശീലകൻ റിക്കി പോണ്ടിംഗിനെയും പഞ്ചാബ് ടീമിലെത്തിച്ചിട്ടുണ്ട്. ലേലത്തിൽ നല്ല ഒരു ടീമിനെ രൂപപ്പെടുത്താനും പഞ്ചാബിന് സാധിച്ചു. അതുകൊണ്ട് തന്നെ ഇക്കുറി കിരീടം നേടാമെന്ന പ്രതീക്ഷയും പഞ്ചാബിനുണ്ട്.
ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മാർച്ച് 23 മുതലാണ് ആരംഭിക്കുക. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. പ്ലേ ഓഫ് മത്സരങ്ങൾ എന്ന് നടക്കുമെന്നോ എപ്പോഴാവും ലീഗ് അവസാനിക്കുക എന്നോ അദ്ദേഹം അറിയിച്ചില്ല. ഏറെ വൈകാതെ തന്നെ ബിസിസിഐ ഇക്കാര്യം അറിയിക്കുമെന്നാണ് കരുതപ്പെടുന്നത്. ഫെബ്രുവരി – മാർച്ച് മാസങ്ങളിലായി നടക്കുന്ന ചാമ്പ്യൻസ് ട്രോഫി അവസാനിച്ച് ഏറെ വൈകാതെ തന്നെ ഐപിഎൽ ആരംഭിക്കുമെന്നാണ് സൂചന. ഇത്തവണ രാജസ്ഥാൻ റോയൽസ് ഒഴികെ ബാക്കിയെല്ലാ ടീമുകളും ബാലൻഡ്സായൻ ശക്തമായ ടീമിനെയാണ് രംഗത്തിറക്കുന്നത്.
ഇതിനിടെ ബിസിസിഐയുടെ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തിരുന്നു. ദേവജിത് സൈകിയയാണ് പുതിയ സെക്രട്ടറി. ഐസിസിയുടെ ചെയർമാനായ മുൻ സെക്രട്ടറി ജയ് ഷാക്ക് പകരമാണ് ദേവജിത് സൈകിയ എത്തുന്നത്. മുൻ അസം ക്രിക്കറ്റ് താരമാണ് സൈകിയ. ക്രിക്കറ്റിലും നിയമമേഖലയിലും പശ്ചാത്തലമുമുണ്ട്. അഭിഭാഷകനാണ്. ബിസിസിഐ ജോയിൻ്റ് സെക്രട്ടറിയായിരുന്നു. മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമായ സൈകിയ 1990നും 1991നും ഇടയിൽ അസമിന് വേണ്ടി വിക്കറ്റ് കീപ്പറായി നാല് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.