IPL 2025: ശ്രേയസിനായി മുടക്കിയ 26.75 കോടി പഞ്ചാബിന് ലാഭം; പക്ഷേ, ഋഷഭ് പന്തിനായി ലഖ്‌നൗ മുടക്കിയ 27 കോടിയോ?
Shreyas Iyer and Rishabh Pant Performance analysis in IPL 2025: പന്തിനായി 27 കോടി മുടക്കിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഇതുവരെ ആശ്വസിക്കാനായി ഒന്നുമില്ല. മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ലഖ്‌നൗ തോറ്റു. ഒരു മത്സരത്തില്‍ പോലും ടീമിനായി കാര്യമായി സംഭാവന ചെയ്യാന്‍ ക്യാപ്റ്റന്‍ കൂടിയായ പന്തിന് സാധിച്ചില്ല. ആദ്യ മത്സരത്തില്‍ പൂജ്യം, രണ്ടാമത്തേതില്‍ 15, മൂന്നാമത്തേതില്‍ രണ്ട്. ഇതാണ് ഇതുവരെയുള്ള പന്തിന്റെ പ്രകടനം

ഐപിഎല്‍ താരലേലത്തില്‍ കൂടുവിട്ട് കൂടുമാറിയ രണ്ട് മുന്‍ നായകന്‍മാരായിരുന്നു പ്രധാന ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടനേട്ടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യറും, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായിരുന്നു ഋഷഭ് പന്തും. മുന്‍ടീമുകളോടുള്ള അതൃപ്തിയാണ് പുതിയ ഫ്രാഞ്ചെസി തേടാന്‍ ഇരുവരെയും പ്രേരിപ്പിച്ചത്. രണ്ടു പേരും വന്‍തുക താരലേലത്തില്‍ കൊയ്യുമെന്ന് ഉറപ്പുണ്ടായിരുന്ന ആരാധകര്‍ക്ക്, ഇവര്‍ എത്ര നേടുമെന്നറിയാന്‍ മാത്രമായിരുന്നു ആകാംക്ഷ. ഒടുവില്‍ പ്രതീക്ഷിച്ചതുപോലെ ഐപിഎല്‍ ലേലചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകകള്‍ ഇരുവരെയും തേടിയെത്തി. പന്തിന് കിട്ടിയത് 27 കോടി. ശ്രേയസിന് 26.75 കോടിയും. ഡല്‍ഹി വിട്ട പന്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെത്തി. ലേലത്തില്‍ കാശ് വീശിയെറിഞ്ഞ പഞ്ചാബ് കിങ്‌സാണ് ശ്രേയസിനെ സ്വന്തമാക്കിയത്. രണ്ട് ടീമുകളും ഇതുവരെ കപ്പ് നേടാനാകാത്തവര്‍ എന്ന ചീത്തപ്പേര് പേറുന്നവര്‍.
സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പഞ്ചാബ് കിങ്‌സ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രണ്ട് മത്സരങ്ങളിലും ടീം വിജയിച്ചു. ഗുജറാത്ത് ടൈറ്റന്‍സിനെ 11 റണ്‍സിനും, ലഖ്‌നൗവിനെ എട്ട് വിക്കറ്റിനും തകര്‍ത്തു. രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ ഫോമിലായിരുന്നു നായകന്‍ ശ്രേയസ് അയ്യര്‍. ആദ്യ മത്സരത്തില്‍ 42 പന്തില്‍ 97 നോട്ടൗട്ട്. രണ്ടാമത്തെ മത്സരത്തില്‍ 30 പന്തില്‍ 52. അതും നോട്ടൗട്ട്. തനിക്കായി പഞ്ചാബ് മുടക്കിയ 26.75 കോടി രൂപ നഷ്ടമായില്ലെന്നാണ് ഇതുവരെയുള്ള പ്രകടനങ്ങളില്‍ ശ്രേയസ് തെളിയിക്കുന്നത്.




പക്ഷേ, പന്തിനായി 27 കോടി മുടക്കിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഇതുവരെ ആശ്വസിക്കാനായി ഒന്നുമില്ല. മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ലഖ്‌നൗ തോറ്റു. ഒരു മത്സരത്തില്‍ പോലും ടീമിനായി കാര്യമായി സംഭാവന ചെയ്യാന്‍ ക്യാപ്റ്റന്‍ കൂടിയായ പന്തിന് സാധിച്ചില്ല. ആദ്യ മത്സരത്തില്‍ പൂജ്യം, രണ്ടാമത്തേതില്‍ 15, മൂന്നാമത്തേതില്‍ രണ്ട്. ഇതാണ് ഇതുവരെയുള്ള പന്തിന്റെ പ്രകടനം. താരത്തിനായി ചെലവഴിച്ച ആ 27 കോടി വെള്ളത്തിലായോ എന്നാണ് സൈബറിടങ്ങളില്‍ ഉയരുന്ന ചോദ്യം. ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ട്. കാര്യങ്ങള്‍ മാറിമറിയാം. ആ പ്രതീക്ഷയിലാണ് ലഖ്‌നൗ ആരാധകര്‍.