IPL 2025: ഓപ്പണിങ് പൊസിഷന്‍ സഞ്ജു വൈഭവിന് വിട്ടുനല്‍കുമോ? പരീക്ഷണം നടത്താന്‍ പോലും ഓപ്ഷനുകളില്ലാതെ റോയല്‍സ്
Rajasthan Royals: ടീം സ്ട്രാറ്റജിയില്‍ പൊളിച്ചെഴുത്ത് നടത്താന്‍ റോയല്‍സിന് മതിയായ ഓപ്ഷനുകളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുന്‍ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനം കാഴ്ചവച്ച ആകാശ് മധ്‌വാളിനെ തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് പകരമായി പരീക്ഷിക്കാമെന്നതാണ് ടീമിന് മുന്നിലുള്ള വിരളമായ ഓപ്ഷനുകളിലൊന്ന്

പടിക്കല്‍ കൊണ്ടുപോയി കലമുടച്ച രണ്ട് മത്സരങ്ങളാകാം ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിധി നിര്‍ണയിക്കുന്നത്. പകുതിയോടടുത്ത ടൂര്‍ണമെന്റില്‍ രാജസ്ഥാന്‍ റോയല്‍സ് ഇപ്പോഴും പുറത്തായിട്ടില്ല. പ്ലേ ഓഫില്‍ ഏതൊക്കെ ടീമുകളെത്തുമെന്ന് ഇപ്പോഴേ പ്രവചിക്കുക അസാധ്യം. രാജസ്ഥാന് മുന്നേറാന്‍ ഇനിയും സമയവും സാധ്യതകളുമുണ്ട്. പക്ഷേ, നിലവിലെ ടീമിനെ വച്ച് അത് എങ്ങനെ സാധ്യമാകുമെന്നതാണ് പ്രധാന ചോദ്യം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തിന്റെ ‘ദേജാവൂ’ പോലെയായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ കഴിഞ്ഞ ദിവസം നടന്ന പോരാട്ടം. അനായാസമായി ജയിക്കാവുന്ന ഈ രണ്ട് മത്സരങ്ങളും കളഞ്ഞുകുളിച്ച് നഷ്ടപ്പെടുത്തിയ പോയിന്റുകള്‍, റോയല്‍സിന്റെ ആത്മവിശ്വാസത്തിന് ഏല്‍പിക്കുന്ന പോറല്‍ ചെറുതല്ല.
താരലേലത്തിന് മുമ്പ് നിലനിര്‍ത്തിയ താരങ്ങളില്‍ ഇടയ്ക്ക് മങ്ങുകയും, ഇടയ്ക്ക് മിന്നുകയും ചെയ്യുന്ന യശ്വസി ജയ്‌സ്വാളും, സഞ്ജു സാംസണും മാത്രമാണ് ടീമിനായി എന്തെങ്കിലും സംഭാവന ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിനും സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ മാത്രമാണ് ഇതുവരെ അര്‍ധ ശതകം നേടാനായത്. എങ്കിലും ഓപ്പണറെന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനാകുന്നുമുണ്ട്. ഇതിനിടെയാണ് പരിക്കിന്റെ പിടിയില്‍ താരം അകപ്പെടുന്നത്.
റിയാന്‍ പരാഗാണ് റോയല്‍സ് നിലനിര്‍ത്തിയ മറ്റൊരു താരം. പലപ്പോഴും വണ്‍ ഡൗണായി ഇറങ്ങാന്‍ സാധിച്ചിട്ടും, എടുത്തുപറയത്തക്ക ഒരു പ്രകടനം പരാഗിന്റെ ബാറ്റില്‍ നിന്ന് ഇതുവരെ ഉദയം കൊണ്ടിട്ടില്ല. പിന്നെയുള്ളത് ധ്രുവ് ജൂറലും, ഷിമ്രോണ്‍ ഹെറ്റ്‌മെയറും, സന്ദീപ് ശര്‍മയും. ഡല്‍ഹിക്കെതിരെയും, ലഖ്‌നൗവിനെതിരെയും അവസാന ഓവറുകള്‍ എറിഞ്ഞത് സന്ദീപായിരുന്നു. ഈ ഓവറുകളാണ് രാജസ്ഥാന്റെ പക്കല്‍ നിന്ന് മത്സരം തട്ടിത്തെറിപ്പിച്ചത്. ഡല്‍ഹിക്കെതിരെ സന്ദീപ് അവസാന ഓവറില്‍ എറിഞ്ഞത് നാല് വൈഡും, ഒരു നോബോളും. ലഖ്‌നൗവിനെതിരെ അവസാന ഓവറില്‍ വഴങ്ങിയത് 31 റണ്‍സും.




യോര്‍ക്കറുകള്‍ക്ക് മുന്നില്‍ പതറുന്ന ഹെറ്റ്‌മെയറും, ജൂറലുമാണ് റോയല്‍സിന്റെ ഫിനിഷര്‍മാര്‍. ഡല്‍ഹിക്കെതിരെയും, ലഖ്‌നൗവിനെതിരെയും ടീമിനെ അനായാസം ജയിപ്പിക്കാന്‍ ഇരുവര്‍ക്കും സാധിക്കുമായിരുന്നു. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്കിനും, ആവേശ് ഖാനും മുന്നില്‍ അടിയറവ് പറയുകയായിരുന്നു റോയല്‍സിന്റെ ഫിനിഷര്‍മാര്‍.
സീസണ്‍ മികച്ച രീതിയില്‍ ആരംഭിച്ച ജൂറലില്‍ നിന്ന് ആരാധകര്‍ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. ജൂറലിന് അത് സാധിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്യാം. എന്നാല്‍ ജോസ് ബട്ട്‌ലറെ കൈവിട്ടിട്ടാണ് റോയല്‍സ് ഹെറ്റ്‌മെയറെ നിലനിര്‍ത്തിയത് എന്ന യാഥാര്‍ത്ഥ്യം ആരാധകരില്‍ ചില്ലറ അമര്‍ഷമൊന്നുമല്ല ഉണ്ടാക്കുന്നത്.
താരലേലത്തിലൂടെ സ്വന്തമാക്കിയവരില്‍ നിതീഷ് റാണയും, ജോഫ്ര ആര്‍ച്ചറും, വനിന്ദു ഹസരങ്കയും മാത്രമാണ് ടീമിന് വേണ്ടി എന്തെങ്കിലും സംഭാവന ചെയ്തിട്ടുള്ളത്. തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ, കുമാര്‍ കാര്‍ത്തികേയ തുടങ്ങിയവര്‍ക്ക് അവസരങ്ങള്‍ അനവധി ലഭിച്ചിട്ടും വിനിയോഗിക്കാനായില്ല. ആദ്യ മത്സരത്തിലെ നാണംകെട്ട പ്രകടനത്തിന് ശേഷം ജോഫ്ര ആര്‍ച്ചര്‍ ഫോമിലേക്ക് തിരികെയെത്തിയത് ആശ്വാസകരമാണ്.
ഓപ്ഷനുകളില്ല
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ടീം സ്ട്രാറ്റജിയില്‍ പൊളിച്ചെഴുത്ത് നടത്താന്‍ റോയല്‍സിന് മതിയായ ഓപ്ഷനുകളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുന്‍ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനം കാഴ്ചവച്ച ആകാശ് മധ്‌വാളിനെ തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് പകരമായി പരീക്ഷിക്കാമെന്നതാണ് ടീമിന് മുന്നിലുള്ള വിരളമായ ഓപ്ഷനുകളിലൊന്ന്.
അരങ്ങേറ്റത്തില്‍ തകര്‍ത്തടിച്ച 14കാരന്‍ വൈഭവ് സൂര്യവന്‍ശിക്ക് ഓപ്പണര്‍ സ്ഥാനം വിട്ടുനല്‍കി സഞ്ജു വണ്‍ ഡൗണില്‍ കളിക്കുമോയെന്ന ചോദ്യവും പ്രസക്തമാണ്. അങ്ങനെ സംഭവിച്ചാല്‍ ടീം ലൈനപ്പില്‍ സ്വഭാവികമായ മാറ്റങ്ങള്‍ സംഭവിക്കും. അല്ലാത്തപക്ഷം, നിലവിലുള്ള ഓപ്ഷനുകളുമായി, പ്ലേയിങ് ഇലവനില്‍ കാര്യമായ മാറ്റം വരുത്താനാകാതെ റോയല്‍സിന് തൃപ്തിയടയേണ്ടി വരും.