IPL 2025: പകരക്കാരനായി ടീമിലെത്തി, ഇപ്പോള്‍ പകരമില്ലാത്ത താരമായി; ലഖ്‌നൗവിന്റെ ലക്കായി ശാര്‍ദ്ദുല്‍ താക്കൂര്‍
Shardul Thakur: പകരക്കാരനായി ടീമിലെത്തിയ താരത്തിന് നിലവില്‍ പകരക്കാരനില്ലാത്ത അവസ്ഥയാണ്. പര്‍പ്പിള്‍ ക്യാപ് പോരാട്ടത്തില്‍ നിലവില്‍ ശാര്‍ദ്ദുളാണ് ഒന്നാമത്. ലഖ്‌നൗവിന്റെ ലക്കായി മാറിയിരിക്കുകയാണ് ഈ 33കാരന്‍

ഐപിഎല്‍ മെഗാ താരലേലത്തില്‍ ആര്‍ക്കും വേണ്ടാത്ത താരമായിരുന്നു ശാര്‍ദ്ദുല്‍ താക്കൂര്‍. മുന്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്ന താക്കൂര്‍ ഈ സീസണ് മുന്നോടിയായി ഏറെ പ്രതീക്ഷയോടെയായിരുന്നു ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ട് കോടി രൂപയായിരുന്നു അടിസ്ഥാനത്തുക. ലേലത്തിന്റെ ഒരു ഘട്ടത്തില്‍ പോലും താക്കൂറിനായി ഒരു ടീം പോലും രംഗത്തെത്താത്തത് അപ്രതീക്ഷിതമായി. അങ്ങനെ ലേലം കഴിഞ്ഞു. പക്ഷേ, താക്കൂര്‍ തളര്‍ന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ പിന്നീട് മിന്നിത്തിളങ്ങുകയായിരുന്നു താരം. രഞ്ജി ക്രിക്കറ്റില്‍ മുംബൈയ്ക്കായി പുറത്തെടുത്തത് മികച്ച പ്രകടനം. ബൗളിങ് ഓള്‍റൗണ്ടറെങ്കിലും ബാറ്റിങിലായിരുന്നു താരം കൂടുതല്‍ തിളങ്ങിയത്. താരം ഐപിഎല്‍ അര്‍ഹിച്ചിരുന്നുവെന്ന് ആരാധകര്‍ക്കും തോന്നിയ നിമിഷം.
ദിവസങ്ങള്‍ കടന്നു പോയി. ഐപിഎല്ലെത്തി. പതിവുപോലെ പല ഫ്രാഞ്ചെസികളെയും പരിക്കുകള്‍ വലച്ചു. അതില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായിരുന്നു. ലഖ്‌നൗവിന്റെ ഒന്നിലേറെ ബൗളര്‍മാരാണ് പരിക്കിന്റെ പിടിയില്‍ അകപ്പെട്ടത്. മൊഹ്‌സിന്‍ ഖാന് സീസണിന്റെ പകുതിയോളം നഷ്ടമാകുമെന്ന് തിരിച്ചറിഞ്ഞതോടെ ലഖ്‌നൗ പകരക്കാരനെ അന്വേഷിച്ച് തുടങ്ങി. ഒടുവില്‍ ആ അന്വേഷണം ചെന്ന് അവസാനിച്ചതോ ശാര്‍ദ്ദുല്‍ താക്കൂരിലും. അങ്ങനെ ശാര്‍ദ്ദുല്‍ ടീമിലെത്തി. എത്രയെത്ര വെല്ലുവിളികളുണ്ടായാലും അര്‍ഹതപ്പെട്ടത് കൈകളില്‍ എത്തിച്ചേരുമെന്ന് കാലം തെളിയിച്ച നിമിഷം.




സീസണിലെ ലഖ്‌നൗവിന്റെ ആദ്യ മത്സരത്തില്‍ തന്നെ ശാര്‍ദ്ദുല്‍ പ്ലേയിങ് ഇലവനിലെത്തി. ബാറ്റിങില്‍ നിര്‍ഭാഗ്യകരമായ റണ്ണൗട്ടിലൂടെ പൂജ്യത്തിന് പുറത്തായി. ലഖ്‌നൗവിന്റെ ഓപ്പണിങ് ബൗളറായ ശാര്‍ദ്ദുല്‍ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ആദ്യ വിക്കറ്റ് വീഴ്ത്തി. രണ്ടാം ഓവറിലും സ്വന്തമാക്കി ഒരു വിക്കറ്റ്. രണ്ടാമത്തെ മത്സരം കരുത്തരായ സണ്‍റൈസേഴ്‌സിനെതിരെ.
ഹൈദരാബാദിലെ റണ്ണൊഴുകും പിച്ചില്‍ ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സിനെ പിടിച്ചുലച്ചത് ശാര്‍ദ്ദുളിന്റെ പന്തുകളായിരുന്നു. അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, അഭിനവ് മനോഹര്‍, മുഹമ്മദ് ഷമി എന്നിവരെ താരം പുറത്താക്കി. നാലു വിക്കറ്റുകള്‍ കീശയിലിട്ട ശാര്‍ദ്ദുളായിരുന്നു കളിയിലെ താരം. ചുരുക്കിപ്പറഞ്ഞാല്‍, പകരക്കാരനായി ടീമിലെത്തിയ താരത്തിന് നിലവില്‍ പകരക്കാരനില്ലാത്ത അവസ്ഥയാണ്. പര്‍പ്പിള്‍ ക്യാപ് പോരാട്ടത്തില്‍ നിലവില്‍ ശാര്‍ദ്ദുളാണ് ഒന്നാമത്. ലഖ്‌നൗവിന്റെ ലക്കായി മാറിയിരിക്കുകയാണ് ഈ 33കാരന്‍.