IPL 2025: വെറുതെയല്ല തോല്‍ക്കുന്നത്, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രശ്‌നം കണ്ടെത്തി ഷെയ്ന്‍ വാട്‌സണ്‍
Shane Watson on CSK’s struggles: പഞ്ചാബ് കിങ്‌സിനെതിരെ നടക്കുന്ന മത്സരം ചെന്നൈയ്ക്ക് നിര്‍ണായകമാണ്. മത്സരത്തിന് മുമ്പ് ചെന്നൈയുടെ പോരായ്മകളെക്കുറിച്ച് തുറന്നുപറഞ്ഞ് മുന്‍താരം ഷെയ്ന്‍ വാട്‌സണ്‍ രംഗത്തെത്തി

ഐപിഎല്‍ 2025 സീസണ്‍ ഏറെ സന്തോഷത്തോടെയാണ് വരവേറ്റതെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകര്‍ ഇന്ന് നിരാശയിലാണ്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തറപറ്റിച്ച ചെന്നൈ ടീമിന്റെ പതനം പിന്നീട് അവിശ്വസനീയമായ തരത്തിലായിരുന്നു. ആര്‍സിബിയോട് 50 റണ്‍സിനും, രാജസ്ഥാനോട് ആറു റണ്‍സിനും, ഡല്‍ഹിയോട് 25 റണ്‍സിനും തോറ്റു. ഒരു മത്സരത്തില്‍ പോലും 200 കടക്കാന്‍ ചെന്നൈയ്ക്ക് സാധിച്ചില്ല. ആര്‍സിബിക്കെതിരെ ധോണിയെ ഒമ്പതാമത് ഇറക്കിയ തീരുമാനം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഡല്‍ഹിക്കെതിരെ എല്ലാ ബാറ്റര്‍മാരും നിറംമങ്ങി. ഡല്‍ഹി ബൗളിംഗിനെ അതിജീവിച്ചെങ്കിലും വിജയ് ശങ്കറിന്റെയും (54 പന്തില്‍ 69), ധോണിയുടെയും (26 പന്തില്‍ 30) മെല്ലെപ്പോക്ക് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. വിജയലക്ഷ്യം മറികടക്കുന്നതിനുള്ള ഒരു നീക്കവും ചെന്നൈ ബാറ്റര്‍മാരില്‍ നിന്നുണ്ടായില്ലെന്നാണ് വിമര്‍ശനം.
ഇന്ന് പഞ്ചാബ് കിങ്‌സിനെതിരെ നടക്കുന്ന മത്സരം ചെന്നൈയ്ക്ക് നിര്‍ണായകമാണ്. മത്സരത്തിന് മുമ്പ് ചെന്നൈയുടെ പോരായ്മകളെക്കുറിച്ച് തുറന്നുപറഞ്ഞ് മുന്‍താരം ഷെയ്ന്‍ വാട്‌സണ്‍ രംഗത്തെത്തി. മുഖ്യപരിശീലകന്‍ സ്റ്റീഫൻ ഫ്ലെമിംഗിനും എംഎസ് ധോണിക്കും വ്യക്തമായ പദ്ധതിയില്ലെന്ന് വാട്‌സണ്‍ പറഞ്ഞു.




സിഎസ്‌കെയ്ക്ക് മികച്ച തുടക്കം നൽകാൻ കഴിയാത്തത് വലിയ അത്ഭുതമാണെന്നും താരം വ്യക്തമാക്കി. താരങ്ങളുടെ റോളുകളെക്കുറിച്ച് സ്റ്റീഫൻ ഫ്ലെമിംഗിനും എംഎസ് ധോണിക്കും വ്യക്തതയില്ല. ഓരോ ലേലത്തിന് ശേഷവും ചെന്നൈ കൃത്യമായ ആസൂത്രണം നടത്താറുണ്ട്. ഇതിന് മുമ്പ് ഫ്ലെമിംഗിനും എംഎസ് ധോണിക്കും താരങ്ങളുടെ റോളിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇത്തവണ ഇതൊന്നും കാണുന്നില്ലെന്നും, കുറച്ച് വിടവുകള്‍ നികത്തേണ്ടതുണ്ടെന്നും വാട്‌സണ്‍ വ്യക്തമാക്കി.