IPL 2025: ‘അപ്പഴേ പറഞ്ഞില്ലേ, വേണ്ടാ വേണ്ടാന്ന്’; രാജസ്ഥാനെ തിരിഞ്ഞുകൊത്തുന്ന റിട്ടൻഷനുകൾ: തങ്ങൾ പറഞ്ഞത് ശരിയായെന്ന് സോഷ്യൽ മീഡിയ
Rajasthan Royals Retention Strategy Backfires: രാജസ്ഥാൻ റോയൽസിൻ്റെ റിട്ടൻഷനുകൾ അവരെ തിരിഞ്ഞുകൊത്തുകയാണ്. നല്ല താരങ്ങളെ ഒഴിവാക്കി ഇന്ത്യൻ ബാറ്റിംഗ് കോറിന് ഉയർന്ന വില നൽകി നിലനിർത്തിയത് തിരിച്ചടിയായെന്നാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പ്രകടനം തെളിയിക്കുന്നത്,

ഐപിഎൽ 18ആം സീസണിൽ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ രാജസ്ഥാൻ റോയൽസിൻ്റെ നില പരുങ്ങലിലാണ്. മോശം ബൗളിംഗ് നിര രാജസ്ഥാൻ്റെ ഇതുവരെയുള്ള പ്രകടനങ്ങളിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയിരിക്കുന്നു. കുമാർ സംഗക്കാര പരിശീലകനായിരുന്ന സമയത്ത് കെട്ടിപ്പടുത്ത ടീമിൽ ഇക്കുറി സാരമായ മാറ്റം വരുത്തിയത് ടീമിൻ്റെ ബാലൻസിനെയാകെ തകിടം മറിച്ചു. ടോപ്പ് ഓർഡറിൽ ജോസ് ബട്ട്ലറിൻ്റെയും പവർപ്ലേയിൽ ട്രെൻ്റ് ബോൾട്ടിൻ്റെയും അഭാവമാണ് റോയൽസിന് കാര്യമായ തിരിച്ചടിയായത്. ഇവരെ റിലീസ് ചെയ്തത് തിരിച്ചടിയാവുമെന്ന് നേരത്തെ തന്നെ സോഷ്യൽ മീഡിയ പറഞ്ഞിരുന്നു. അത് ഇപ്പോൾ തെളിയുകയാണ്.
ഇന്ത്യൻ ഹെവി ബാറ്റിംഗ് കോറിനെ നിലനിർത്താനാണ് രാജസ്ഥാൻ ഈ സീസണിൽ ശ്രമിച്ചത്. ഒപ്പം ഹെട്മയറും സന്ദീപ് ശർമ്മയും. അത് മോശമായിരുന്നില്ല താനും. സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിയാൻ പരഗ്, ധ്രുവ് ജുറേൽ എന്നീ ഇന്ത്യൻ താരങ്ങളെ കണ്ടെത്തിയതും ഡെവലപ് ചെയ്തതും രാജസ്ഥാൻ റോയൽസാണ്. ഇവരെല്ലാവരും വളരെ മികച്ച താരങ്ങളുമാണ്. അവർ ടീമിൽ തുടരുക എന്നത് മോശമായ സമീപനമല്ല. എന്നാൽ, പരഗിനും ജുറേലിനും 14 കോടി രൂപ വീതം നൽകിയത് രാജസ്ഥാൻ്റെ ലേല തന്ത്രങ്ങൾക്ക് തിരിച്ചടിയായി. ഇവർക്ക് പകരം ബട്ട്ലറെയും ബോൾട്ടിനെയും നിലനിർത്തിയിരുന്നെങ്കിൽ രണ്ട് വലിയ പ്രതിസന്ധി ഒഴിയുമായിരുന്നു. പരഗിനെയും ജുറേലിനെയും 15 കോടി രൂപയ്ക്ക് ടീമിലെത്തിക്കാമായിരുന്നു. ഇരുവർക്കും വേണ്ടി 20 കോടി ചിലവാക്കിയാലും ഇത്ര പ്രതിസന്ധി ഉണ്ടാവുമായിരുന്നില്ല.
ഇതിന് ശേഷം ലേലം എത്തി. ലേലത്തിലും നല്ല താരങ്ങളെ രാജസ്ഥാൻ അവഗണിച്ചു. പരിക്കിൽ വലയുന്ന, പരിക്കിന് ശേഷം തിരികെയെത്തി ഇംഗ്ലണ്ട് ടീമിൽ വളരെ മോശം പ്രകടനം തുടരുന്ന ജോഫ്ര ആർച്ചറിനായി രാജസ്ഥാൻ മുടക്കിയത് 12.50 കോടി. ഇവിടെ രാജസ്ഥാൻ്റെ അടുത്ത അബദ്ധം. ട്രെൻ്റ് ബോൾട്ടിനായി മുംബൈ മുടക്കിയതും ഇതേ തുകയാണെന്നോർക്കണം. അതായത് ബോൾട്ടിനെ തിരിച്ചുപിടിക്കാൻ രാജസ്ഥാന് അവസരമുണ്ടായിരുന്നു എന്ന് സാരം.




ചേതൻ സക്കരിയ, സന്ദീപ് വാര്യർ, വില്ല്യം ഒറൂർകെ, ബ്ലെസിങ് മുസറബാനി, കെയിൽ മയേഴ്സ്, ശിവം മവി, മുസ്തഫിസുർ റഹ്മാൻ, നവീനുൽ ഹഖ്, സാക്കിബ് ഹുസൈൻ, വിദ്വാത് കവേരപ്പ, അകീൽ ഹുസൈൻ, ശാർദുൽ താക്കൂർ, കാർത്തിക് ത്യാഗി തുടങ്ങി ക്വാളിറ്റിയുള്ള താരങ്ങളൊക്കെ അൺസോൾഡാണ്. ഈ താരങ്ങളെയൊന്നും പരിഗണിക്കാതെ രാജസ്ഥാൻ ടീമിലെടുത്തത് പരിക്കിൽ തീർന്ന ആർച്ചറെയും ഇൻ്റർനാഷണൽ ക്വാളിറ്റി എത്തിയിട്ടില്ലാത്ത ക്വെന മഫാക്കയെയും. ഇന്നലെ രാജസ്ഥാനെ വിറപ്പിച്ച, കഴിഞ്ഞ സീസണിൽ തന്നെ ശ്രദ്ധേയനായ വൈഭവ് അറോറയ്ക്ക് കൊൽക്കത്ത കൊടുത്തത് വെറും 1.8 കോടി രൂപയാണ്. മഹീഷ് തീക്ഷണയും വനിന്ദു ഹസരങ്കയും നല്ല താരങ്ങളാണ്. ഐപിഎലിൽ കളിച്ച് തെളിയിച്ചവരുമാണ്.
രാജസ്ഥാനിൽ തുഷാർ ദേശ്പാണ്ഡെ, ആകാശ് മധ്‌വൾ, ഫസലുൽ ഹഖ് ഫാറൂഖി, സന്ദീപ് ശർമ്മ എന്നിവരൊക്കെ നല്ല ബൗളർമാരാണ്. എന്നാൽ, കൊൽക്കത്തയ്ക്കെതിരെ സന്ദീപ് എറിഞ്ഞത് രണ്ട് ഓവർ. തുഷാർ എറിഞ്ഞത് ഒന്ന്. അവിടെയാണ് മോശം ക്യാപ്റ്റൻസി കടന്നുവരുന്നത്. തുഷാർ ദേശ്പാണ്ഡെയും സന്ദീപ് ശർമ്മയും പവർ പ്ലേയിൽ നന്നായി എറിയാൻ കഴിയുന്ന താരങ്ങളാണ്. ഇവർക്ക് പരഗ് പന്ത് കൊടുത്തത് ഏറെ വൈകി. ആകാശ് മധ്‌വൾ സബ് ലിസ്റ്റിലുണ്ടായിരുന്നെങ്കിലും ബാറ്റിംഗ് തകർച്ച നേരിട്ടതിനാൽ അധിക ബാറ്ററെ ഇറക്കേണ്ടിവന്നു. ഇത് രാജസ്ഥാന് തിരിച്ചടിയായി. എട്ടാം സ്ഥാനത്താണ് ഇന്നലെ ഹെട്മെയർ ഇറങ്ങിയത്. 10-12 പന്തുകൾ മാത്രമേ ഹെട്മെയറിന് നൽകൂ എന്ന വാശി പോലെയാണ് മാനേജ്മെൻ്റ്.
Also Read: IPL 2025: ചീട്ടുകൊട്ടാരം പോലെ തകർന്ന് റോയൽസ് ബാറ്റിങ് നിര; ആശ്വാസമായത് ആർച്ചറുടെ മിനി വെടിക്കെട്ട്
ഇതാണ് രാജസ്ഥാൻ്റെ അടുത്ത പ്രശ്നം. ടീമിൽ എല്ലാം കറങ്ങുന്നത് റിയാൻ പരഗിന് ചുറ്റുമാണ്. രാജസ്ഥാൻ്റെ രണ്ടാം ഹോം ഗ്രൗണ്ടായി കഴിഞ്ഞ സീസണുകളിലും ഈ സീസണുകളിലുമൊക്കെയുള്ളത് അസമാണ്. അസം താരമായ റിയാൻ പരഗിനെ പിന്തുണയ്ക്കാനായാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് ഫ്രാഞ്ചൈസി ഉടമ തന്നെ പറയുന്നൊരു അഭിമുഖം അടുത്തിടെ വൈറലായിരുന്നു. രാജസ്ഥാൻ്റെ ദത്തുപുത്രനായ സഞ്ജു സാംസണിൻ്റെ ഹോം ഗ്രൗണ്ടായ തിരുവനന്തപുരത്ത് ഒരു മത്സരമെങ്കിലും നടത്തണമെന്ന് കഴിഞ്ഞ ഏതാനും സീസണുകളായി ആരാധകർ ആവശ്യപ്പെടുന്നതാണ്. എന്നാൽ, അത് മാനേജ്മെൻ്റ് കേട്ടിട്ടില്ല. റിട്ടൻഷന് തിരഞ്ഞെടുത്തവരിൽ പരഗ് ഉണ്ടായിരുന്നു. സഞ്ജുവിൻ്റെ അഭാവത്തിൽ ടീമിൻ്റെ നായകനാക്കിയതും പരഗിനെയാണ്. അസം ടീം ക്യാപ്റ്റനാണെങ്കിലും ടീം ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി പരിഗണിക്കുന്ന യശസ്വി ജയ്സ്വാളും കൊൽക്കത്തയുടെ മുൻ ക്യാപ്റ്റൻ നിതീഷ് റാണയുമടക്കം മറ്റ് ഓപ്ഷനുകൾ വേറെയുള്ളപ്പൊഴാണ് പരഗിൽ മാനേജ്മെൻ്റ് ക്യാപ്റ്റൻസി ഏൽപ്പിക്കുന്നത്.
ടീം ഈ സീസണിൽ അവസാന സ്ഥാനത്തായില്ലെങ്കിൽ അതിശയം. അല്ലെങ്കിൽ മധ്‌വൾ ടീമിലെത്തുകയും ബൗളിംഗ് ചേഞ്ചുകൾ കൃത്യമായി നടപ്പാക്കുകയും വേണം. സഞ്ജു ഒരു ക്യാപ്റ്റനെന്ന നിലയിൽ ഇക്കാര്യം നന്നായി ചെയ്തിരുന്നു. സഞ്ജു ഈ റോളിൽ തിരികെയെത്തുമ്പോൾ കുറേ മാറ്റം വരുമെന്ന് കരുതാം.