IPL 2025: ആദ്യ കളിയാണോ? എന്നാ ഒരു ഫിഫ്റ്റിയടിച്ചേക്കാം; 2020 മുതൽ മാറ്റമില്ലാതെ തുടരുന്ന സഞ്ജുവിൻ്റെ പതിവ്
IPL 2025 Sanju Samson: സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 66 റൺസ് നേടിയതോടെ ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ ഫിഫ്റ്റി പ്ലസ് സ്കോർ നേടുന്നത് തുടർന്ന് സഞ്ജു. ആദ്യ കളിയിൽ സഞ്ജുവിൻ്റെ ആറാം ഫിഫ്റ്റിയാണിത്.

ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ ഫിറ്റിയടിക്കുന്നത് തുടർന്ന് മലയാളി താരം സഞ്ജു സാംസൺ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 66 റൺസ് നേടിയതോടെ ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ സഞ്ജു തുടർച്ചയായി ഫിഫ്റ്റി പ്ലസ് റൺസ് നേടുന്നത് ഇത് ആറാം തവണയാണ്. 2020 സീസൺ മുതലാണ് സഞ്ജു ഈ പതിവ് ആരംഭിച്ചത്. അതിന് ശേഷം 2025 വരെയുള്ള സീസണിൽ ഈ പതിവ് നിലനിർത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.
2020ൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 32 പന്തിൽ 74 റൺസ് നേടിയാണ് സഞ്ജു ഈ പതിവിന് തുടക്കമിട്ടത്. തൊട്ടടുത്ത സീസണിൽ പഞ്ചാബ് കിംഗ്സിനെതിരെ ഒരു തകർപ്പൻ സെഞ്ചുറി. ക്യാപ്റ്റനായുള്ള ആദ്യ കളി സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡും ഇതോടെ സഞ്ജുവിന് സ്വന്തം. അന്ന് സഞ്ജു നേടിയത് 63 പന്തിൽ 119 റൺസ്. പിന്നീടുള്ള രണ്ട് സീസണുകളിൽ സൺറൈസേഴ്സ് ആയിരുന്നു എതിരാളികൾ. ഈ മത്സരങ്ങളിൽ നേടിയത് 55 റൺസ് വീതം. കഴിഞ്ഞ സീസണിൽ ലഖ്നൗവിനെതിരെ 52 പന്തുകളിൽ നിന്ന് 82 നോട്ടൗട്ട്. ഇന്നലെ വീണ്ടും ഹൈദരാബാദിനെതിരെ.
Also Read: IPL 2025: ‘നീ ഏതാടാ മോനേ?’; മത്സരത്തിന് ശേഷം വിഗ്നേഷ് പുത്തൂരുമായുള്ള ധോണിയുടെ ദൃശ്യങ്ങൾ വൈറൽ




സൺറൈസേഴ്സിനെതിരായ തകർപ്പൻ പ്രകടനത്തിൽ മറ്റൊരു നേട്ടവും സഞ്ജു സ്വന്തമാക്കി. ടി20യിൽ 4000 റൺസ് തികയ്ക്കുന്ന ആദ്യ രാജസ്ഥാൻ റോയൽസ് ബാറ്ററെന്ന റെക്കോർഡും മലയാളി താരം ഈ കളി സ്വന്തം പേരിലാക്കി.
ഹൈദരാബാദ് ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 44 റൺസിനാണ് സൺറൈസേഴ്സ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 286 റൺസ് നേടി. മറുപടി ബാറ്റിംഗിൽ രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തിൽ 242 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഹൈദരാബാദിനായി 47 പന്തിൽ 106 റൺസ് നേടി പുറത്താവാതെ നിന്ന ഇഷാൻ കിഷൻ കളിയിലെ താരമായി.