IPL 2025: രാജസ്ഥാന്‍ റോയല്‍സിന് കണ്ടകശനി; സഞ്ജു ആര്‍സിബിക്കെതിരെയും കളിക്കില്ല
Sanju Samson: സഞ്ജുവിന്റെ അസാന്നിധ്യത്തില്‍ റിയാന്‍ പരാഗ് ആര്‍സിബിക്കെതിരായ മത്സരത്തില്‍ ക്യാപ്റ്റനാകും. ലഖ്‌നൗവിനെതിരെ മികച്ച രീതിയില്‍ ബാറ്റേന്തിയ 14കാരന്‍ വൈഭവ് സൂര്യവന്‍ശി ആര്‍സിബിക്കെതിരെയും ജയ്‌സ്വാളിനൊപ്പം റോയല്‍സിന്റെ ഓപ്പണറാകാനാണ് സാധ്യത.

ആര്‍സിബിക്കെതിരെ 24ന് നടക്കുന്ന മത്സരത്തിലും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കളിക്കില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തിനിടെയേറ്റ പരിക്കാണ് തിരിച്ചടിയായത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയും സഞ്ജു കളിച്ചിരുന്നില്ല. താരം ജയ്പുരില്‍ മെഡിക്കല്‍ സ്റ്റാഫിനൊപ്പം തുടരുമെന്നാണ് റിപ്പോര്‍ട്ട്. സഞ്ജു സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹം ജയ്പുരില്‍ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കൊപ്പമാണെന്നും റോയല്‍സ് വ്യക്തമാക്കി. റീഹാബ് പ്രക്രിയയുടെ ഭാഗമായി താരം ബെംഗളൂരുവിലേക്ക് പോകില്ലെന്നും ടീം പ്രസ്താവനയില്‍ വ്യക്തമാക്കി.
ടീം മാനേജ്മെന്റ് സഞ്ജുവിന്റെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 28ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ സഞ്ജു കളിക്കണമോയെന്നതില്‍ തുടര്‍പരിശോധനകള്‍ക്ക് ശേഷം തീരുമാനമെടുക്കും. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.
ഡഗൗട്ടിലേക്ക് മടങ്ങുമ്പോള്‍ താരം 19 പന്തില്‍ 31 റണ്‍സെടുത്തിരുന്നു. സഞ്ജു, യശ്വസി ജയ്‌സ്വാള്‍, നിതീഷ് എന്നീ ബാറ്റര്‍മാര്‍ മാത്രമാണ് ആ മത്സരത്തില്‍ റോയല്‍സിനു വേണ്ടി പൊരുതിയത്. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ഡല്‍ഹി റോയല്‍സിനെ തറപറ്റിച്ചു.




ഡല്‍ഹിക്കെതിരെ അവസാന നിമിഷം മത്സരം കൈവിട്ടതുപോലെ, ലഖ്‌നൗവിനെതിരെയും റോയല്‍സ് തോറ്റു. അനായാസം ജയിക്കുമെന്ന് തോന്നിച്ച മത്സരത്തില്‍ അവസാന നിമിഷം അപ്രതീക്ഷിതമായി റോയല്‍സ് തോല്‍ക്കുകയായിരുന്നു. വെറും രണ്ട് റണ്‍സിനായിരുന്നു തോല്‍വി.
ഡല്‍ഹിക്കെതിരെയും, ലഖ്‌നൗവിനെതിരെയും സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറുകളാണ് തിരിച്ചടിയായത്. ഡല്‍ഹിക്കെതിരെ അവസാന ഓവറില്‍ നാല് വൈഡും, ഒരു നോബോളുമാണ് സന്ദീപ് എറിഞ്ഞത്. ലഖ്‌നൗവിനെതിരെ 31 റണ്‍സും വഴങ്ങി.
ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അവസാന ഓവറിലും, ലഖ്‌നൗവിനെതിരെ നടന്ന മത്സരത്തില്‍ ആവേശ് ഖാന്റെ അവസാന ഓവറിലും റോയല്‍സിന്റെ ഫിനിഷര്‍മാരായ ഷിമ്രോണ്‍ ഹെറ്റ്‌മെയറും, ധ്രുവ് ജൂറലും പതറിയതും തിരിച്ചടിയായി.
അനായാസം ജയിക്കാവുന്ന രണ്ട് മത്സരങ്ങളും കൈവിട്ടത് റോയല്‍സിന് തിരിച്ചടിയാണ്. എട്ട് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രം ജയിച്ച റോയല്‍സ് എട്ടാം സ്ഥാനത്താണ്. ടൂര്‍ണമെന്റിലെ മുന്നോട്ട്‌പോക്കിന് വരും മത്സരങ്ങളില്‍ വിജയിച്ചേ മതിയാകൂ. ഈ സാഹചര്യത്തിലാണ് സഞ്ജുവിന്റെ പരിക്ക് ടീമിന് തിരിച്ചടിയാകുന്നത്.
സഞ്ജുവിന്റെ അസാന്നിധ്യത്തില്‍ റിയാന്‍ പരാഗ് ആര്‍സിബിക്കെതിരായ മത്സരത്തില്‍ ക്യാപ്റ്റനാകും. ലഖ്‌നൗവിനെതിരെ മികച്ച രീതിയില്‍ ബാറ്റേന്തിയ 14കാരന്‍ വൈഭവ് സൂര്യവന്‍ശി ആര്‍സിബിക്കെതിരെയും ജയ്‌സ്വാളിനൊപ്പം റോയല്‍സിന്റെ ഓപ്പണറാകാനാണ് സാധ്യത.