IPL 2025: സഞ്ജുവിൻ്റെ പരിക്ക് ഭേദമായി; സൺറൈസേഴ്സിനെതിരായ ആദ്യ കളി തന്നെ കളിയ്ക്കുമെന്ന് റിപ്പോർട്ട്
Sanju Samson Final Fitness Clearance: സഞ്ജു സാംസണിൻ്റെ പരിക്ക് പൂർണമായി ഭേദമായെന്ന് റിപ്പോർട്ട്. ഈ മാസം 17ന് താരം രാജസ്ഥാൻ റോയൽസിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്.

രാജസ്ഥാൻ റോയൽസിന് ആശ്വാസമായി സഞ്ജു സാംസണിൻ്റെ പരിക്ക് ഭേദമായെന്ന് റിപ്പോർട്ട്. ഈ മാസം 17ആം തീയതി തന്നെ സഞ്ജു രാജസ്ഥാൻ റോയൽസ് ടീമിനൊപ്പം ചേരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സഞ്ജുവിനൊപ്പം യശസ്വി ജയ്സ്വാളും പരിക്കിൽ നിന്ന് മുക്തനായി. ഇതോടെ മാർച്ച് 23ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ ഇരുവരും കളിയ്ക്കും.
“സഞ്ജു തിങ്കളാഴ്ച രാജസ്ഥാൻ റോയൽസിനൊപ്പം ചേരും. അദ്ദേഹം ബാറ്റിംഗിനായുള്ള ഫിറ്റ്നസ് ടെസ്റ്റ് പാസായിട്ടുണ്ട്. റിലീസ് ചെയ്യുന്നതിന് മുൻപ് വിക്കറ്റ് കീപ്പിങ് ടെസ്റ്റ് കൂടി നടത്തും. ജയ്സ്വാളിനെ സംബന്ധിച്ച് അദ്ദേേഹത്തിൻ്റെ കാൽവെണ്ണയിൽ ഒരു ചെറിയ ചതവുണ്ട്. ഐപിഎൽ കളിക്കാൻ റിലീസ് ചെയ്യും മുൻപ് ജയ്സ്വാൾ റിഹാബ് നടത്തിയിരുന്നു.”- രാജസ്ഥാൻ റോയൽസുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
പരിക്ക് ഭേദമായ ജയ്സ്വാൾ ഇതിനകം തന്നെ രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ ജോയിൻ ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കിടെയാണ് സഞ്ജുവിന് പരിക്കേറ്റത്. ഒടിഞ്ഞ വലത് ചൂണ്ടുവിരൽ ഭേദമാക്കുന്നതിനായി സഞ്ജു ഓപ്പറേഷനും വിധേയനായി. പിന്നീട് താരം വിശ്രമത്തിലായിരുന്നു. ഈ മാസം 17ന് താരം ഫൈനൽ ക്ലിയറൻസ് ലഭിച്ച് ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്.




രാജസ്ഥാൻ റോയൽസിൻ്റെ നായകനായ സഞ്ജു സാംസൺ ഐപിഎലിലെ ആദ്യ മത്സരത്തിൽ പൊതുവെ തിളങ്ങാറുണ്ട്. 2021 സീസണിൽ പഞ്ചാബ് കിംഗ്സിനെതിരെ നേടിയ സെഞ്ചുറിയും ഈ പ്രകടങ്ങളിൽ പെടുന്നു. കഴിഞ്ഞ നാല് സീസണുകളായി രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന സഞ്ജു തുടരെ മികച്ച പ്രകടനങ്ങൾ നടത്തി ഇന്ത്യൻ ടി20 ടീമിലും സ്ഥിരസാന്നിധ്യമായി. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായി സഞ്ജുവിൻ്റെ അഞ്ചാം സീസണാണിത്. 2022 സീസണിൽ ടീമിനെ ഫൈനലിലെത്തിച്ച സഞ്ജു കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലുമെത്തിച്ചു. 2008ലെ ആദ്യ സീസണ് ശേഷം രാജസ്ഥാൻ റോയൽസിന് ഇതുവരെ കിരീടനേട്ടമുണ്ടായിട്ടില്ല.
ഈ മാസം 22നാണ് ഐപിഎൽ 18ആം സീസൺ ആരംഭിക്കുക. ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും.