IPL 2025: ക്യാപ്റ്റൻസിയിൽ ഷെയിൻ വോണിനെയും പിന്നിലാക്കി നമ്മുടെ സ്വന്തം സഞ്ജു; രാജസ്ഥാൻ്റെ ഏറ്റവും മികച്ച ക്യാപ്റ്റൻ
Sanju Samson Captaincy Record: രാജസ്ഥാൻ റോയൽസിനെ ഏറ്റവുമധികം വിജയങ്ങളിലേക്ക് നയിക്കുന്ന ക്യാപ്റ്റനെന്ന റെക്കോർഡ് ഇനി സഞ്ജു സാംസണ്. പഞ്ചാബ് കിംഗ്സിനെതിരായ വിജയത്തോടെയാണ് സഞ്ജു ഈ നേട്ടത്തിലെത്തിയത്.

രാജസ്ഥാൻ റോയൽസിൻ്റെ തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനായി സഞ്ജു സാംസൺ. പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തിയതോടെ രാജസ്ഥാൻ റോയൽസിനെ ഏറ്റവുമധികം മത്സരങ്ങളിൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനെന്ന റെക്കോർഡിലാണ് സഞ്ജു എത്തിയത്. ടീമിന് ആദ്യ സീസണിൽ കിരീടം നേടിക്കൊടുത്ത ഷെയിൻ വോണിൻ്റെ റെക്കോർഡ് തകർത്താണ് സഞ്ജുവിൻ്റെ നേട്ടം. പഞ്ചാബ് കിംഗ്സിനെ 50 റൺസിനാണ് രാജസ്ഥാൻ മറികടന്നത്.
പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാൻ നായകനായി തൻ്റെ 32ആം ജയമാണ് സഞ്ജു കുറിച്ചത്. 62 മത്സരങ്ങളിലാണ് താരം ടീമിനെ നയിച്ചത്. ഷെയിൻ വോണിന് 31 വിജയങ്ങളുണ്ട്. വോൺ രാജസ്ഥാനെ നയിച്ചത് 56 മത്സരങ്ങളിൽ. നിലവിൽ രാജസ്ഥാൻ പരിശീലകനായ രാഹുൽ ദ്രാവിഡ് 34 മത്സരങ്ങളിൽ 18 വിജയവുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. 27 മത്സരങ്ങളിൽ ടീമിനെ നയിച്ച സ്റ്റീവ് സ്മിത്ത് 15 തവണയും 24 മത്സരങ്ങളിൽ ക്യാപ്റ്റനായ അജിങ്ക്യ രഹാനെ 9 തവണയും രാജസ്ഥാനായി ജയം രുചിച്ചു.
പഞ്ചാബ് കിംഗ്സിനെതിരെ അനായാസ ജയമാണ് രാജസ്ഥാൻ റോയൽസ് കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 205 റൺസെന്ന മികച്ച സ്കോർ കണ്ടെത്തി. യശസ്വി ജയ്സ്വാൾ (67) ഫോമിലേക്ക് തിരികെവന്നപ്പോൾ റിയാൻ പരാഗ് (43), സഞ്ജു സാംസൺ (38) എന്നിവരും രാജസ്ഥാനായി തിളങ്ങി. പഞ്ചാബിനായി ലോക്കി ഫെർഗൂസൻ രണ്ട് വിക്കറ്റ് വീഴ്ത്തി.




Also Read: IPL 2025: തോൽവിക്കയത്തിൽ നിന്നും കരകയറാൻ സൺറൈസേഴ്സ്; തുടർവിജയം നേടി ഗുജറാത്ത്
മറുപടി ബാറ്റിംഗിൽ ജോഫ്ര ആർച്ചറിൻ്റെ ആദ്യ ഓവറിൽ തന്നെ പഞ്ചാബ് ബാക്ക്ഫൂട്ടിലായി. ഓവറിലെ ആദ്യ പന്തിൽ പ്രിയാൻഷ് ആര്യയെയും അവസാന പന്തിൽ ശ്രേയാസ് അയ്യരെയും വീഴ്ത്തിയ ആർച്ചർ ഒരു വിക്കറ്റ് കൂടി വീഴ്ത്തി കളിയിലെ താരമായി. നാല് വിക്കറ്റ് നഷ്ടത്തിൽ 43 റൺസെന്ന നിലയിൽ നിന്ന് നേഹൽ വധേരയും (62) ഗ്ലെൻ മാക്സ്‌വലും (30) പൊരുതിയെങ്കിലും രാജസ്ഥാൻ വിജയം പിടിച്ചെടുത്തു.
നാല് മത്സരങ്ങളിൽ രണ്ട് വീതം ജയവും തോൽവിയും സഹിതം നാല് പോയിൻ്റുമായി രാജസ്ഥാൻ റോയൽസ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയം സഹിതം നാല് പോയിൻ്റുള്ള പഞ്ചാബ് നാലാമതും. ഈ മാസം 9ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് രാജസ്ഥാൻ്റെ അടുത്ത മത്സരം.