AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ‘ഞങ്ങളുടെ മകൻ നിങ്ങൾക്ക് ആനന്ദം കണ്ടെത്താനുള്ള വിഷയമല്ല’; ട്രോളുകളോട് പ്രതികരിച്ച് സഞ്ജന ഗണേശൻ

Sanjana Ganesan Reacts To Trolls: മകൻ അങ്കദുമായി ബന്ധപ്പെട്ട ട്രോളുകളോട് പ്രതികരിച്ച് സഞ്ജന ഗണേശൻ. മകൻ ഇൻ്റർനെറ്റിലെ കോണ്ടൻ്റ് ആവുന്നതിനോട് തങ്ങൾക്ക് യോജിപ്പില്ല എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

IPL 2025: ‘ഞങ്ങളുടെ മകൻ നിങ്ങൾക്ക് ആനന്ദം കണ്ടെത്താനുള്ള വിഷയമല്ല’; ട്രോളുകളോട് പ്രതികരിച്ച് സഞ്ജന ഗണേശൻ
സഞ്ജന ഗണേശൻImage Credit source: Social Media
abdul-basith
Abdul Basith | Published: 28 Apr 2025 15:37 PM

മകൻ അങ്കദിനെതിരായ ട്രോളുകളോട് പ്രതികരിച്ച് അവതാരകയും ജസ്പ്രീത് ബുംറയുടെ ഭാര്യയുമായ സഞ്ജന ഗണേശൻ. തങ്ങളുടെ മകൻ നിങ്ങൾക്ക് ആനന്ദം കണ്ടെത്താനുള്ള വിഷയമല്ല എന്ന് സഞ്ജന പറഞ്ഞു. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ട്രോളുകൾക്കെതിരെ സഞ്ജന രംഗത്തുവന്നത്. ഈ സ്റ്റോറി ബുംറയും പങ്കുവച്ചു.

“സോഷ്യൽ മീഡിയയിൽ നിന്ന് അങ്കദിനെ അകറ്റിനിർത്താൻ ഞാനും ബുംറയും കഴിയുന്നതൊക്കെ ചെയ്യുന്നുണ്ട്. ഇൻ്റർനെറ്റ് വളരെ നികൃഷ്ടമാണ്. വളരെ മോശം സ്ഥലമാണ്. ക്യാമറകൾ നിറഞ്ഞ ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് കുഞ്ഞിനെ കൊണ്ടുവരുന്നതിലെ കുഴപ്പങ്ങൾ എനിക്കറിയാം. ഞാനും അങ്കദും ബുംറയെ പിന്തുണയ്ക്കാൻ മാത്രമാണ് അവിടെവന്നത്.”- സഞ്ജന കുറിച്ചു.

സഞ്ജന ഗണേശൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറി

“മകൻ ഇൻ്റർനെറ്റിൽ വൈറൽ കോണ്ടൻ്റ് ആവുന്നതിനോടും വാർത്തയാവുന്നതിനോടും ഞങ്ങൾക്ക് യാതൊരു താത്പര്യവുമില്ല. അനാവശ്യ അഭിപ്രായങ്ങളുള്ള കീബോർഡ് വാരിയേഴ്സ് അങ്കദ് ആരെന്നോ അവൻ്റെ പ്രശ്നമെന്താണെന്നോ അവൻ്റെ പേഴ്സണാലിറ്റി എന്താണെന്നോ മൂന്ന് സെക്കൻഡ് നീളുന്ന ഫുട്ടേജിൽ നിന്ന് പറയേണ്ടതില്ല.”- അവർ കൂട്ടിച്ചേർത്തു.

അവന് ഒന്നര വയസാണ്. അവൻ്റെ നേർക്ക് ട്രോമ, ഡിപ്രഷൻ തുടങ്ങിയ വാക്കുകൾ എറിയുന്നത് ഒരു സമൂഹമെന്ന നിലയിൽ നമ്മൾ എവിടെയെത്തി എന്ന് കാണിക്കുന്നു. അത് വളരെ സങ്കടകരമാണ്. നിങ്ങൾക്കൊന്നും ഞങ്ങളുടെ മകനെപ്പറ്റി ഒന്നുമറിയില്ല. ഞങ്ങളുടെ ജീവിതത്തെപ്പറ്റിയും അറിയില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായങ്ങൾ അതിനോട് ശരിയാവും വിധത്തിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അല്പം കരുതലും ദയയും ഇന്നത്തെ കാലത്ത് ഏറെ നല്ലതാണ്.”- സഞ്ജന വിശദീകരിച്ചു.

Also Read: IPL 2025: സാധ്യതകളുണ്ടെങ്കിലും പ്രതീക്ഷ നശിച്ച് രാജസ്ഥാൻ റോയൽസ്; കോച്ചും അത് തുറന്നുപറഞ്ഞു

ലഖ്നൗവിനെതിരെ ഈ മാസം 27ന് നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ബുംറ മുംബൈയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ബുംറ ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഗ്യാലറിയിലുണ്ടായിരുന്ന സഞ്ജനയെയും അങ്കദിനെയും ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു. ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രോളുകളായത്.

മത്സരത്തിൽ 54 റൺസിൻ്റെ വമ്പൻ വിജയമാണ് മുംബൈ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 215 റൺസ് നേടിയ മുംബൈ ലഖ്നൗവിനെ 161 റൺസിന് ഓൾഔട്ടാക്കി.