AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CSK Captain: പരിക്കേറ്റ് ഋതുരാജ് ഗെയ്ക്വാദ് പുറത്ത്; ചെന്നൈയുടെ നായകനായി വീണ്ടും ധോണി

Ruturaj Gaikwad - MS Dhoni: ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ നായകനായി എംഎസ് ധോണി തിരികെയെത്തുന്നു. നിലവിലെ നായകനായ ഋതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് ധോണി തിരികെയെത്തുന്നത്.

CSK Captain: പരിക്കേറ്റ് ഋതുരാജ് ഗെയ്ക്വാദ് പുറത്ത്; ചെന്നൈയുടെ നായകനായി വീണ്ടും ധോണി
എംഎസ് ധോണി, ഋതുരാജ് ഗെയ്ക്വാദ്Image Credit source: Social Media
abdul-basith
Abdul Basith | Updated On: 10 Apr 2025 18:43 PM

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ നായകനായി വീണ്ടും എംഎസ് ധോണി. നിലവിലെ ക്യാപ്റ്റനായ ഋതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെയാണ് എംഎസ് ധോണി വീണ്ടും നായകനായത്. അഞ്ച് മത്സരങ്ങളിൽ നാല് പരാജയം സഹിതം കേവലം രണ്ട് പോയിൻ്റുമായി ഒൻപതാം സ്ഥാനത്താണ് നിലവിൽ ചെന്നൈ. നേരത്തെ രവീന്ദ്ര ജഡേജ ക്യാപ്റ്റനായിരുന്ന സീസണിൽ മോശം പ്രകടനങ്ങളെ തുടർന്ന് പാതിയിൽ ധോണിയെ ക്യാപ്റ്റനാക്കിയിരുന്നു.

പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗെയ്ക്വാദിന് പകരം കളിക്കാൻ ഇറക്കാവുന്ന കുറച്ച് താരങ്ങൾ സ്ക്വാഡിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആര് വേണമെന്ന് കൃത്യമായി തീരുമാനിച്ചിട്ടില്ല. ക്യാപ്റ്റൻസി ഏറ്റെടുക്കാൻ ധോണിയ്ക്ക് സമ്മതമായിരുന്നു എന്നും ഫ്ലെമിങ് വ്യക്തമാക്കി.

കൈമുട്ടിന് പരിക്കേറ്റ് ഋതുരാജ് പുറത്തായെന്നാണ് റിപ്പോർട്ടുകൾ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ ഗെയ്ക്വാദിൻ്റെ കൈമുട്ടിന് പരിക്കേറ്റിരുന്നു. ഈ പരിക്കാണോ ഇപ്പോൾ വഷളായതെന്ന് വ്യക്തമല്ല. ഇത് ചെന്നൈ മാനേജ്മെൻ്റ് അറിയിച്ചിട്ടുമില്ല. ഈ മാസം 11ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം മുതൽ ധോണിയാവും ചെന്നൈയെ നയിക്കുക. 2023 ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ധോണി അവസാനമായി ചെന്നൈയെ നയിച്ചത്. സീസണിൽ ചെന്നൈ കിരീടം നേടുകയും ചെയ്തു.

മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ കളി മാത്രമാണ് ചെന്നൈ സൂപ്പർ കിംഗ്സ് ജയിച്ചത്. പിന്നീട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകൾക്കെതിരെയെല്ലാം ചെന്നൈ തോറ്റു. സീസണിൽ ചെന്നൈയുടെ പ്രകടനങ്ങൾ വ്യാപകമായി വിമർശിക്കപ്പെടുന്നുണ്ട്.

Also Read: IPL 2025: ഡൽഹിയുടെ ജയക്കുതിപ്പ് തടയാൻ ബെംഗളൂരു; ഐപിഎലിൽ ഇന്ന് കരുത്തർ മുഖാമുഖം

ഋതുരാജ് ഗെയ്ക്വാദിൻ്റെ പ്രകടനങ്ങളും ധോണിയുടെ ബാറ്റിംഗ് പൊസിഷനുമൊക്കെ ആരാധകർ അതിരൂക്ഷമായി വിമർശിക്കുന്നുണ്ട്. വൺ ഡൗണായി ഇറങ്ങുന്ന ഋതുരാജിന് ഇതുവരെ നല്ല പ്രകടനങ്ങൾ നടത്താൻ കഴിഞ്ഞിട്ടില്ല. ബാറ്റിംഗ് ഓർഡറിൽ ഏറെ വൈകിയിറങ്ങുന്നതിനെതിരെ അതിരൂക്ഷ വിമർശനങ്ങളുയർന്ന സാഹചര്യത്തിൽ കഴിഞ്ഞ കളി ധോണി നേരത്തെ ഇറങ്ങിയിരുന്നു. എന്നിട്ടും ചെന്നൈയ്ക്ക് വിജയിക്കാനായില്ല.