IPL 2025: തീരുമാനങ്ങളെല്ലാം ദ്രാവിഡിന്റേത്, റോയല്‍സില്‍ സഞ്ജുവിന് റോളില്ല? താരം ടീം വിടുമോ?
Rajasthan Royals Issue: ചര്‍ച്ചകളില്‍ സഞ്ജു ഭാഗമാകാത്തത് എന്തുകൊണ്ടാണെന്നാണ് ചോദ്യം. തീരുമാനങ്ങളെല്ലാം ദ്രാവിഡ് തന്നെയാണോ എടുക്കുന്നതെന്നും, ക്യാപ്റ്റനായിട്ട് പോലും സഞ്ജുവിന് റോളില്ലേയെന്നും ചോദ്യങ്ങള്‍ ഉയരുന്നു. സഞ്ജു ടീം വിടുമോയെന്ന തരത്തിലായി ഒരു പരിധി വരെ കടന്ന് ആരാധകരുടെ ചിന്ത

കൈവശമിരിക്കുന്ന മത്സരങ്ങള്‍ കൈവിടുന്നത് രാജസ്ഥാന്‍ റോയല്‍സിന് എല്ലാം സീസണിലും പതിവുള്ള കാര്യമാണ്. അതിന്റെ ആവര്‍ത്തനമാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സംഭവിച്ചതും. സീസണില്‍ ഇതുവരെ നടന്ന ഏഴ് മത്സരങ്ങളില്‍ അഞ്ചും തോറ്റെങ്കിലും, ഡല്‍ഹിയോടേറ്റ തോല്‍വിയാണ് റോയല്‍സിനെ ഞെട്ടിപ്പിക്കുന്നതും, ഇരുത്തി ചിന്തിപ്പിക്കുന്നതും. പിഴവുകളുടെ ഒരു ഘോഷയാത്രയായിരുന്നു ഡല്‍ഹിക്കെതിരായ മത്സരം. ഡിആര്‍എസ് തീരുമാനങ്ങളില്‍ തുടങ്ങിയ പിഴവ് സൂപ്പര്‍ ഓവര്‍ വരെ നീണ്ടു. സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറിലെ എക്‌സ്ട്രാസ് പെരുമഴയും മത്സരം റോയല്‍സില്‍ നിന്ന് തട്ടിത്തെറിപ്പിച്ചു.
ചേസിങിനിടെ ക്യാപ്റ്റന്‍ സഞ്ജു സാംസണിനേറ്റ പരിക്കും തിരിച്ചടിയായി. നിതീഷ് റാണയുടെ ഒറ്റയാള്‍ പോരാട്ടവും വിഫലമായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ യോര്‍ക്കറുകള്‍ മുന്നില്‍ പകച്ച ഷിമ്രോണ്‍ ഹെറ്റ്‌മെയറിനും, ധ്രുവ് ജൂറലിനും റോയല്‍സിനെ വിജയത്തിലെത്തിക്കാനായില്ല. വിക്കറ്റിനിടയിലെ ഓട്ടത്തിലുള്ള ആശയക്കുഴപ്പങ്ങളും റോയല്‍സിനെ പല തവണ കുഴപ്പത്തിലാക്കി.




സൂപ്പര്‍ ഓവറില്‍ ഹെറ്റ്‌മെയറിനെയും, റിയാന്‍ പരാഗിനെയും ബാറ്റിങിന് അയക്കാനുള്ള തീരുമാനവും പാളി. ആരാധകരും, കമന്റേറ്റര്‍മാരും, കളി കണ്ട എല്ലാവരും ഈ തീരുമാനത്തില്‍ അമ്പരന്നു. എന്തിനേറെ പറയുന്നു, ഡല്‍ഹി ക്യാപിറ്റല്‍സിന് പോലും ഈ തല തിരിഞ്ഞ സ്ട്രാറ്റജി പിടി കിട്ടിയില്ല. അക്കാര്യം ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലും, സ്റ്റാര്‍ക്കും തുറന്നുപറയുകയും ചെയ്തു.
സൂപ്പര്‍ ഓവറില്‍ നിതീഷ് റാണ എത്തുമെന്നായിരുന്നു പലരുടെയും ചിന്ത. പക്ഷേ, എത്തിയത് ഹെറ്റ്‌മെയര്‍. ഇത് മാനേജ്‌മെന്റ് തീരുമാനമായിരുന്നുവെന്നും, അത് ശരിയാണെന്ന് തനിക്ക് തോന്നുന്നുവെന്നുമായിരുന്നു റാണയുടെ പ്രതികരണം.
I knew there was definitely a rift within the setup when there were absolutely no discussions or chat in the dugout before the super over.Everyone was standing quite in a circle in the dugout.Look at Sanju’s hand signal in the first video,he is deliberately ignoring everyone. https://t.co/DfxmlwGgBG pic.twitter.com/688ji3MXrS
— Delhi Capitals Fan (@pantiyerfc) April 17, 2025
ഇപ്പോഴിതാ, റോയല്‍സ് ക്യാമ്പില്‍ കാര്യങ്ങള്‍ അത്ര നേര്‍ദിശയിലല്ലെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സൂപ്പര്‍ ഓവറിന് മുമ്പ് ഡഗൗട്ടില്‍ റോയല്‍സ് നടത്തിയ ചര്‍ച്ചയാണ് അഭ്യൂഹങ്ങള്‍ക്ക് ബലം പകരുന്നത്. സൂപ്പര്‍ ഓവറിന് മുന്നിലുള്ള ടീമിന്റെ തന്ത്രത്തെക്കുറിച്ച് മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് വിവരിക്കുന്നത്.
ചര്‍ച്ചകളില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ചിത്രത്തില്‍ ഇല്ല. സഹതാരം യുധ്‌വീര്‍ സിങ് ചരക്ക് സഞ്ജുവിനെ വിളിക്കുമ്പോള്‍, ‘താനില്ല’ എന്ന തരത്തിലുള്ള ആംഗ്യമാണ് താരം കാണിക്കുന്നതെന്നാണ് ആരാധകരുടെ ഭാഷ്യം.
I think this is Sanju's way of protesting. He won't say anything against Dravid to his face .
— Ashwin M (@Ashwin826) April 17, 2025
ചര്‍ച്ചകളില്‍ സഞ്ജു ഭാഗമാകാത്തത് എന്തുകൊണ്ടാണെന്നാണ് ചോദ്യം. തീരുമാനങ്ങളെല്ലാം ദ്രാവിഡ് തന്നെയാണോ എടുക്കുന്നതെന്നും, ക്യാപ്റ്റനായിട്ട് പോലും സഞ്ജുവിന് റോളില്ലേയെന്നും ചോദ്യങ്ങള്‍ ഉയരുന്നു. സഞ്ജു ടീം വിടുമോയെന്ന തരത്തിലായി ഒരു പരിധി വരെ കടന്ന് ആരാധകരുടെ ചിന്ത. അതിനുള്ള സാധ്യതയും, സാഹചര്യവും എന്തായാലും ഈ സീസണില്‍ ഇല്ല.
സഞ്ജു അവിഭാജ്യ ഘടകം
സഞ്ജുവുമായി പ്രശ്‌നങ്ങളില്ലെന്ന് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. ഈ റിപ്പോര്‍ട്ടുകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു. സഞ്ജു ടീമിന്റെ വളരെ അവിഭാജ്യ ഘടകമാണ്. ഓരോ തീരുമാനത്തിലും ചർച്ചയിലും അദ്ദേഹം പങ്കാളിയാണ്. മത്സരം തോല്‍ക്കുമ്പോഴും, കാര്യങ്ങള്‍ ശരിയായി നടക്കാത്തപ്പോഴും തങ്ങള്‍ വിമര്‍ശനം നേരിടേണ്ടി വരും. എന്നാല്‍, അടിസ്ഥാനരഹിതമായ കാര്യങ്ങളില്‍ ഒന്നും ചെയ്യാനാകില്ലെന്നും ദ്രാവിഡ് വ്യക്തമാക്കി. ടീമിന്റെ മനോഭാവം മികച്ചതാണ്. താരങ്ങളുടെ കഠിനാധ്വാനത്തില്‍ സംതൃപ്തനാണെന്നും ദ്രാവിഡ് പറഞ്ഞു.