IPL 2025: തോറ്റുതുടങ്ങിയവര്‍ ഇന്ന് ജയിക്കാനായി ഇറങ്ങും; ബൗളിങ് പാളിച്ചകള്‍ റോയല്‍സിന് തലവേദന; ആര്‍ച്ചറെ മാറ്റുമോ?
IPL 2025 RR vs KKR: സഞ്ജുവിനൊപ്പം തിളങ്ങിയ ധ്രുവ് ജൂറല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ശുഭം ദുബെ എന്നിവര്‍ക്ക് ഫോം നിലനിര്‍ത്താനും, സണ്‍റൈസേഴ്‌സിനെതിരെ നിരാശപ്പെടുത്തിയ യശ്വസി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, നിതീഷ് റാണ എന്നിവര്‍ക്ക് മികച്ച പ്രകടനം നടത്താനും സാധിച്ചാല്‍ റോയല്‍സിന്റെ ബാറ്റിങ് കൊല്‍ക്കത്തയ്ക്ക് തലവേദനയാകുമെന്ന് തീര്‍ച്ച

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് സീസണിലെ ആദ്യ ജയം തേടി രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. റോയല്‍സിന്റെ ഹോം ഗ്രൗണ്ടുകളിലൊന്നായ ഗുവാഹത്തി ബര്‍സാപാര സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. ഇരുടീമുകളും സീസണിലെ ആദ്യ മത്സരത്തില്‍ തോറ്റിരുന്നു. റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 44 റണ്‍സിനും, കൊല്‍ക്കത്ത റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് ഏഴ് വിക്കറ്റിനുമാണ് തോറ്റത്. ബൗളിങിലെ പാളിച്ചകളാണ് ഇരുടീമുകള്‍ക്കും കഴിഞ്ഞ മത്സരത്തില്‍ വിനയായത്. ബൗളിങിലെ പോരായ്മ റോയല്‍സിനാണ് ഏറ്റവും കൂടുതല്‍ തലവേദന.
സണ്‍റൈസേഴ്‌സിനെതിരെ എല്ലാ ബൗളര്‍മാരും തല്ലു വാങ്ങി. തുഷാര്‍ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റെടുത്തതാണ് അല്‍പമെങ്കിലും എടുത്തുപറയാനുള്ളത്. ഏറെ പ്രതീക്ഷകളോടെ റോയല്‍സ് ടീമിലെത്തിച്ച ജോഫ്ര ആര്‍ച്ചര്‍ നാലോവറില്‍ വഴങ്ങിയത് 76 റണ്‍സാണ്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബൗളര്‍ ഇത്രയും റണ്‍സ് വഴങ്ങുന്നത്.
അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തില്‍ ആര്‍ച്ചറെ മാറ്റുമോയെന്നാണ് ആരാധകരുടെ ചോദ്യം. ഹൈദരാബാദില്‍ ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സ് റോയല്‍സ് ബൗളര്‍മാര്‍ക്കെതിരെ അടിച്ചുകൂട്ടിയത് 20 ഓവറില്‍ 286 റണ്‍സ്. ബൗളര്‍മാര്‍ നിരാശപ്പെടുത്തിയെങ്കിലും റോയല്‍സിന്റെ ബാറ്റര്‍മാര്‍ മികച്ചുനിന്നു. ടോപ് ഓര്‍ഡറില്‍ സഞ്ജു സാംസണ്‍ ഒഴികെയുള്ളവര്‍ നിരാശപ്പെടുത്തിയിട്ടും റോയല്‍സിന് 242 റണ്‍സ് നേടാനായി.




കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിനൊപ്പം തിളങ്ങിയ ധ്രുവ് ജൂറല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ശുഭം ദുബെ എന്നിവര്‍ക്ക് ഫോം നിലനിര്‍ത്താനും, സണ്‍റൈസേഴ്‌സിനെതിരെ നിരാശപ്പെടുത്തിയ യശ്വസി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, നിതീഷ് റാണ എന്നിവര്‍ക്ക് മികച്ച പ്രകടനം നടത്താനും സാധിച്ചാല്‍ റോയല്‍സിന്റെ ബാറ്റിങ് കൊല്‍ക്കത്തയ്ക്ക് തലവേദനയാകുമെന്ന് തീര്‍ച്ച. ഗുവാഹത്തിയിലേത് ഹൈദരാബാദിലെ പോലെ റണ്ണൊഴുങ്ങുന്ന പിച്ചല്ല എന്നതില്‍ റോയല്‍സ് ബൗളര്‍മാര്‍ക്കും ആശ്വസിക്കാം. 180 റണ്‍സാണ് ഈ പിച്ചിലെ ആവറേജ് സ്‌കോര്‍. ഈ മത്സരത്തിലും ബൗളര്‍മാര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ലെങ്കില്‍ റോയല്‍സിന് അത് കനത്ത തിരിച്ചടിയാകും.
ആര്‍സിബിക്കെതിരെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 174 റണ്‍സാണെടുത്തത്. ആര്‍സിബി മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. വമ്പനടിക്ക് പേരുകേട്ട ക്വിന്റോണ്‍ ഡി കോക്ക്, വെങ്കടേഷ് അയ്യര്‍, ആന്ദ്രെ റസല്‍ തുടങ്ങിയവര്‍ കഴിഞ്ഞ മത്സരത്തില്‍ നിറംമങ്ങി. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കും, സുനില്‍ നരെയ്‌നും മാത്രമാണ് സ്‌കോര്‍ബോര്‍ഡിലേക്ക് കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചത്.
സുനില്‍ നരെയ്ന്‍ ഒഴികെയുള്ള ബൗളര്‍മാര്‍ ധാരാളം റണ്‍സുകള്‍ വഴങ്ങിയതും തിരിച്ചടിയായി. ഡി കോക്കും, റസലും ഉള്‍പ്പെടെയുള്ള ബാറ്റര്‍മാര്‍ ഫോമിലേക്ക് തിരിച്ചെത്താനും, വരുണ്‍ ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ള ബൗളര്‍മാര്‍ക്ക് മികച്ച പ്രകടനം നടത്താനും സാധിച്ചാല്‍ കൊല്‍ക്കത്തയെ കീഴ്‌പ്പെടുത്തുക റോയല്‍സിന് എളുപ്പമാകില്ല. ഒപ്പം സുനില്‍ നരെയ്‌ന്റെ ഓള്‍റൗണ്ട് മികവും കൊല്‍ക്കത്തയ്ക്ക് കരുത്താണ്.