IPL 2025: ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് റോയല്‍സ് ബാറ്റിങ് നിര; ആശ്വാസമായത് ആര്‍ച്ചറുടെ മിനി വെടിക്കെട്ട്
IPL 2025 RR vs KKR: രണ്ടാം വിക്കറ്റിലെ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെയും, യശ്വസി ജയ്‌സ്വാളിന്റെയും കൂട്ടുക്കെട്ട് റോയല്‍സിനെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും അപ്രതീക്ഷിച്ച കൂട്ടത്തകര്‍ച്ചയാണ് നേരിട്ടത്. 15 പന്തില്‍ 25 റണ്‍സെടുത്ത പരാഗിനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. പരാഗ് മടങ്ങിയതിന് പിന്നാലെ ജയ്‌സ്വാളും ഔട്ടായി

ഗുവാഹത്തി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബൗളിങിനെ നേരിടാകാതെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാനായത് 151 റണ്‍സ് മാത്രം. ടോസ് നേടിയ കൊല്‍ക്കത്ത രാജസ്ഥാനെ ബാറ്റിങിന് അയക്കുകയായിരുന്നു. ഭേദപ്പെട്ട തുടക്കമെന്ന് തോന്നിച്ചെങ്കിലും തുടരെ തുടരെ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത് റോയല്‍സിന് തിരിച്ചടിയായി. ആദ്യം നഷ്ടമായത് സഞ്ജു സാംസണിന്റെ വിക്കറ്റാണ്. 11 പന്തില്‍ 13 റണ്‍സ് നേടിയ സഞ്ജുവിനെ വൈഭവ് അറോറ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. രണ്ട് ബൗണ്ടറികള്‍ അടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. 3.5 ഓവറില്‍ സഞ്ജു മടങ്ങുമ്പോള്‍ റോയല്‍സ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത് 33 റണ്‍സ്.
രണ്ടാം വിക്കറ്റിലെ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെയും, യശ്വസി ജയ്‌സ്വാളിന്റെയും കൂട്ടുക്കെട്ട് റോയല്‍സിനെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും അപ്രതീക്ഷിച്ച കൂട്ടത്തകര്‍ച്ചയാണ് നേരിട്ടത്. 15 പന്തില്‍ 25 റണ്‍സെടുത്ത പരാഗിനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. പരാഗ് മടങ്ങിയതിന് പിന്നാലെ ജയ്‌സ്വാളും ഔട്ടായി. 24 പന്തില്‍ 29 റണ്‍സെടുത്ത ജയ്‌സ്വാള്‍ മൊയിന്‍ അലിയുടെ പന്തില്‍ ഹര്‍ഷിത് റാണയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു.




നിതീഷ് റാണ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. ഒമ്പത് പന്തില്‍ എട്ട് റണ്‍സെടുത്ത റാണയെ മൊയിന്‍ അലി ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ഇന്ന് പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ച വനിന്ദു ഹസരങ്കയ്ക്ക് ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. നാല് പന്തില്‍ നാല് റണ്‍സെടുത്ത ഹസരങ്ക ചക്രവര്‍ത്തിയുടെ പന്തില്‍ ഔട്ടായി.
Read Also : IPL 2025: ഇമ്പാക്ടെന്ന് പറഞ്ഞാല്‍ ഒന്നൊന്നര ഇമ്പാക്ട്; പകരമെത്തുന്നവരെല്ലാം ഒരേ പൊളി
കൊല്‍ക്കത്ത ബാറ്റ് ചെയ്യുമ്പോള്‍ ബൗളറെ ഇമ്പാക്ട് പ്ലയറാക്കാനായിരുന്നു പദ്ധതിയെങ്കിലും ബാറ്റിങ് നിര കൂട്ടത്തകര്‍ച്ച നേരിട്ടതോടെ റോയല്‍സിന് പ്ലാന്‍ മാറ്റേണ്ടി വന്നു. കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച ശുഭം ദുബെയെ റോയല്‍സ് ഇമ്പാക്ട് പ്ലയറാക്കിയെങ്കിലും ഫലമുണ്ടായില്ല. 12 പന്തില്‍ ഒമ്പത് റണ്‍സെടുത്ത് ദുബെയും പുറത്തായി.
ടോപ് സ്‌കോററായ ധ്രുവ് ജൂറലും (28 പന്തില്‍ 32) പുറത്തായതോടെ റോയല്‍സിന്റെ പതനം പൂര്‍ത്തിയായി. സണ്‍റൈസേഴ്‌സിനെതിരെ തിളങ്ങിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറും (എട്ട് പന്തില്‍ ഏഴ്) ഇന്ന് നിറംമങ്ങി. അവസാന ഓവറുകളില്‍ ജോഫ്ര ആര്‍ച്ചര്‍ നടത്തിയ ചെറു വെടിക്കെട്ടാണ് റോയല്‍സിന്റെ സ്‌കോര്‍ 150 കടത്തിയത്. ഏഴ് പന്തില്‍ രണ്ട് സിക്‌സറുകള്‍ പായിച്ച ആര്‍ച്ചര്‍ 16 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്ക് വേണ്ടി വൈഭവ് അറോറ, ഹര്‍ഷിത് റാണ, മൊയിന്‍ അലി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, സ്‌പെന്‍സര്‍ ജോണ്‍സണ്‍ ഒരു വിക്കറ്റും സ്വന്തമാക്കി.