IPL 2025: ഒരു മാറ്റവുമില്ല; ഊഴം നിന്ന് അടിവാങ്ങി രാജസ്ഥാൻ: ഗുജറാത്തിന് വമ്പൻ സ്കോർ
GT First Innings Score vs RR: രാജസ്ഥാൻ റോയൽസിനെതിരെ കൂറ്റൻ സ്കോറുമായി ഗുജറാത്ത് ടൈറ്റൻസ്. 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് ഗുജറാത്ത് അടിച്ചുകൂട്ടിയത്.

ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരെ വമ്പൻ സ്കോറുമായി ഗുജറാത്ത് ടൈറ്റൻസ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 209 റൺസ് നേടി. 84 റൺസ് നേടിയ ശുഭ്മൻ ഗിൽ ആണ് ഗുജറാത്തിൻ്റെ ഇന്നിംഗ്സ് മുന്നോട്ടുനയിച്ചത്. ജോസ് ബട്ട്ലർ (50), സായ് സുദർശൻ (39) എന്നിവരും തിളങ്ങി. മഹീഷ് തീക്ഷണ രാജസ്ഥാനായി രണ്ട് വിക്കറ്റ് വീഴ്ത്തി.
പതിവുപോലെ സായ് സുദർശനും ശുഭ്മൻ ഗില്ലും ചേർന്ന് ഗുജറാത്തിന് തകർപ്പൻ തുടക്കം നൽകി. 9 റൺസിൽ നിൽക്കെ സായ് സുദർശൻ നൽകിയ അനായാസ അവസരം ഷിംറോൺ ഹെട്മെയർ പാഴാക്കിയത് രാജസ്ഥാന് കനത്ത തിരിച്ചടിയായി. ആദ്യ വിക്കറ്റിൽ സഖ്യം 93 റൺസിൻ്റെ കൂട്ടുകെട്ടിലാണ് പങ്കാളികളായത്. 30 പന്തിൽ 39 റൺസ് നേടിയ സുദർശനെ മടക്കി മഹേഷ് തീക്ഷണ രാജസ്ഥാന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഇതിനിടെ 29 പന്തിൽ ഗിൽ ഫിഫ്റ്റിയിലെത്തി.
ഫിഫ്റ്റിയ്ക്ക് ശേഷം ആക്രമണം അഴിച്ചുവിട്ട ഗില്ലിനൊപ്പം ജോസ് ബട്ട്ലർ കൂടി ചേർന്നതോടെ സ്കോർ കുതിച്ചു. 74 റൺസാണ് ഗില്ലും ബട്ട്ലറും ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 50 പന്തിൽ 84 റൺസെടുത്ത ഗില്ലിനെ മടക്കി മഹീഷ് തീക്ഷണ ഈ കൂട്ടുകെട്ട് പൊളിച്ചു.




Also Read: IPL 2025: സാധ്യതകളുണ്ടെങ്കിലും പ്രതീക്ഷ നശിച്ച് രാജസ്ഥാന്‍ റോയല്‍സ്; കോച്ചും അത് തുറന്നുപറഞ്ഞു
ഗിൽ മടങ്ങിയെങ്കിലും ബട്ട്ലർ ആക്രമണം തുടർന്നു. തന്നെ കൈവിട്ടത് മോശം തീരുമാനമായെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന പ്രകടനമാണ് താരം നടത്തിയത്. 180-190കളിൽ ഒതുങ്ങുമായിരുന്ന സ്കോർ 200ലേക്ക് എത്തിക്കാൻ ബട്ട്ലറിൻ്റെ ഇന്നിംഗ്സിന് സാധിച്ചു.
നാലാം നമ്പറിലെത്തിയ വാഷിംഗ്ടൺ സുന്ദർ (8 പന്തിൽ 13) 19ആം ഓവറിൽ സന്ദീപ് ശർമ്മയുടെ ഇരയായി മടങ്ങി. രാഹുൽ തെവാട്ടിയ (4 പന്തിൽ 9) അവസാന ഓവറിൽ ജോഫ്ര ആർച്ചറുടെ ആദ്യ ഇരയായി. ഇന്നിംഗ്സിലെ അവസാന പന്തിൽ, 26 പന്തിൽ ബട്ട്ലർ ഫിഫ്റ്റി തികച്ചു. ബട്ട്ലറും (26 പന്തിൽ 50) ഷാരൂഖ് ഖാനും (2 പന്തിൽ 5) നോട്ടൗട്ടാണ്.