IPL 2025: കണ്ടടോ, ഞങ്ങളുടെ പഴയ രാജസ്ഥാന്‍ റോയല്‍സിനെ; ഇതില്‍പരം എന്ത് വേണം?
Vaibhav Suryavanshi Breaks World Record: ഐപിഎല്‍ 2025 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ക്ക് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിന് മുമ്പ് വരെ ഒന്നും സന്തോഷിക്കാനുണ്ടായിരുന്നില്ല. എന്നാല്‍ എല്ലാ സങ്കടവും ഒറ്റയടിക്ക് മായ്ച്ചു കളയുന്നതായിരുന്നു ഈ മത്സരം. എങ്കിലും പ്ലേ ഓഫ് സാധ്യതകള്‍ ഇനിയും വിദൂരമാണ്

ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ഏപ്രില്‍ 28ന് പാതിരാത്രിയിലായിരുന്നു ‘സൂര്യോദയം’. 14കാരന്‍ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് അഴകിന് അത്രയേറെ ശോഭയായിരുന്നു. സിക്‌സറുകളില്‍ ചാലിച്ച് സൂര്യവംശി കുറിച്ച ‘റെക്കോഡ് കാവ്യ’ത്തിന് അടുത്തകാലത്തെങ്ങും എതിരാളികളുണ്ടാകില്ലെന്നും തീര്‍ച്ച. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ പരിക്കില്‍ അപ്രതീക്ഷിതമായി പ്ലേയിങ് ഇലനിലെത്തിയ വൈഭവ് വളരെ പെട്ടെന്നാണ് ടീമിന്റെ നെടുംതൂണായി മാറിയത്. അതും വെറും മൂന്ന് മത്സരങ്ങളുടെ മാത്രം പിന്‍ബലത്തില്‍. അരങ്ങേറ്റ മത്സരത്തില്‍ വെടിക്കെട്ടിന് തിരികൊളുത്തിയാണ് താരം മടങ്ങിയതെങ്കില്‍, ഗുജറാത്ത് ടൈറ്റന്‍സിനെതിരെ എല്ലാം പൊട്ടിതീര്‍ന്നിട്ടാണ് വൈഭവ് ക്രീസ് വിട്ടത്. ഈ 14കാരനെ എന്തിന് ടീമിലെടുത്തെന്ന ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ ഉത്തരങ്ങളാണ് ആ ബാറ്റില്‍ നിന്ന് ഉദയം കൊണ്ടത്. ഒപ്പം പ്രതീക്ഷകള്‍ കെട്ടടങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ആരാധകരോട് ‘നില്ല്, പോകാന്‍ വരട്ടെ’ എന്ന് വിളിച്ചുപറയുന്നതായിരുന്നു ആ പ്രകടനം.
ഗുജറാത്ത് ഞെട്ടി
പതിവുപോലെ ഗംഭീരമായിരുന്നു ഗുജറാത്തിന്റെ തുടക്കം. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും, സായ് സുദര്‍ശനും നല്‍കിയത് മികച്ച അടിത്തറ. 10.2 ഓവറില്‍ 93 റണ്‍സ് വരെ വിക്കറ്റ് നഷ്ടപ്പെടാതെ ഈ സഖ്യം ഗുജറാത്തിനെ മുന്നോട്ടുകൊണ്ടുപോയി. ഒടുവില്‍ 30 പന്തില്‍ 39 റണ്‍സെടുത്ത സായിയെ മഹീഷ് തീക്ഷണ വീഴ്ത്തി.
രണ്ടാം വിക്കറ്റില്‍ ജോസ് ബട്ട്‌ലറിനൊപ്പം ചേര്‍ന്ന് ഗില്‍ ഗുജറാത്തിനെ മികച്ച നിലയിലെത്തിച്ചു. ഈ സഖ്യം 74 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഈ കൂട്ടുക്കെട്ട് പൊളിക്കാനും തീക്ഷണ വേണ്ടി വന്നു. 50 പന്തില്‍ 84 റണ്‍സെടുത്താണ് ഗില്‍ മടങ്ങിയത്. തീക്ഷ്ണയ്ക്ക് ലഭിച്ച രണ്ട് വിക്കറ്റുകളും രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗെടുത്ത ക്യാച്ചുകളിലൂടെയായിരുന്നു. 26 പന്തില്‍ 50 റണ്‍സെടുത്ത ബട്ട്‌ലര്‍ പുറത്താകാതെ നിന്നു. ഗുജറാത്തിന്റെ സ്‌കോര്‍: 20 ഓവറില്‍ നാല് വിക്കറ്റിന് 209.




പിന്നീട് റെക്കോഡുകളുടെ പെരുമഴയ്ക്കുള്ള കാര്‍മേഘം സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ഉരുണ്ടുകൂടി. തുടര്‍ന്ന് അത് തിമിര്‍ത്തുപെയ്തു. തുടക്കം മുതല്‍ രാജസ്ഥാന്‍ ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയും, യശ്വസി ജയ്‌സ്വാളും അടിച്ചുതകര്‍ത്തു. 38 പന്തില്‍ 101 റണ്‍സെടുത്ത സൂര്യവംശി മടങ്ങിയപ്പോഴേക്കും രാജസ്ഥാന്‍ 11.5 ഓവറില്‍ 166 റണ്‍സ് എടുത്തിരുന്നു. 11 സിക്‌സറും, ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഈ 14കാരന്‍ പയ്യന്റെ ഇന്നിങ്‌സ്.
പ്ലേയിങ് ഇലവനില്‍ ആദ്യമായി അവസരം ലഭിച്ച ഗുജറാത്തിന്റെ അഫ്ഗാന്‍ താരം കരിം ജനതിന്റെ ഒരോവറില്‍ മാത്രം സൂര്യവംശി നേടിയത് 30 റണ്‍സാണ്. സൂര്യവംശിക്ക് ശേഷം ക്രീസിലെത്തിയ നിതീഷ് റാണ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്തായി.
ഗംഭീരമായിരുന്നു ജയ്‌സ്വാളിന്റെ പ്രകടനം. 40 പന്തില്‍ 70 റണ്‍സെടുത്ത് താരം പുറത്താകാതെ നിന്നു. എങ്കിലും സൂര്യവംശയുടെ പ്രകടനൈവഭവത്തില്‍ ജയ്‌സ്വാളിന്റെ പ്രകടനം മുങ്ങിപ്പോയി. റിയാന്‍ പരാഗും (15 പന്തില്‍ 32) പുറത്താകാതെ നിന്നു. 25 പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു റോയല്‍സിന്റെ വിജയം. അതും രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി.
സൂര്യവംശി കുറിച്ച റെക്കോഡുകള്‍
- ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. സെഞ്ചുറി നേട്ടം 35 പന്തില്‍
- ടി20 ഫോർമാറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ (14 വയസ്സും 32 ദിവസവും) താരം. 2013-ൽ സയ്യിദ് മുഷ്താഖ് അലി ട്രോഫി വെസ്റ്റ് സോൺ മത്സരത്തിൽ മുംബൈയ്‌ക്കെതിരെ 18 വയസ്സും 118 ദിവസവും പ്രായമുള്ളപ്പോൾ സെഞ്ച്വറി നേടിയ വിജയ് സോളിന്റെ റെക്കോർഡാണ് തകർത്തത്
- ടി20യിൽ അർദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും സൂര്യവംശി തന്നെ. കാബൂൾ ഈഗിൾസിനെതിരായ ഷ്പഗീസ ലീഗ് 2022 മത്സരത്തിൽ ബൂസ്റ്റ് ഡിഫൻഡേഴ്‌സ് താരമായിരുന്ന അഫ്ഗാന്‍ മുന്‍ ക്യാപ്റ്റന്‍ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് നബിയുടെ മകൻ ഹസ്സൻ ഐസാഖിലിന്റെ റെക്കോർഡ് തകര്‍ത്തു.
- ഐപിഎല്ലിലെ ഈ സീസണിലെ അതിവേഗ അര്‍ധ സെഞ്ചുറി. നേട്ടം 17 പന്തില്‍
Read Also: IPL 2025: സാധ്യതകളുണ്ടെങ്കിലും പ്രതീക്ഷ നശിച്ച് രാജസ്ഥാന്‍ റോയല്‍സ്; കോച്ചും അത് തുറന്നുപറഞ്ഞു
മനം നിറഞ്ഞ്
ഐപിഎല്‍ 2025 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ക്ക് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിന് മുമ്പ് വരെ ഒന്നും സന്തോഷിക്കാനുണ്ടായിരുന്നില്ല. എന്നാല്‍ എല്ലാ സങ്കടവും ഒറ്റയടിക്ക് മായ്ച്ചു കളയുന്നതായിരുന്നു ഈ മത്സരം. എങ്കിലും പ്ലേ ഓഫ് സാധ്യതകള്‍ ഇനിയും വിദൂരമാണ്. 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവുമായി എട്ടാമതാണ് ടീം.