5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: റോയല്‍സിനായി വിജയം പിടിച്ചെടുത്ത് സന്ദീപ് ശര്‍മയുടെ അവസാന ഓവര്‍; ക്യാപ്റ്റന്‍സി നഷ്ടപ്പെടും മുമ്പ് റിയാന്‍ പരാഗിനും നേട്ടം

Rajasthan Royals vs Chennai Super Kings: റോയല്‍സിനെ പോലെ തന്നെ സിഎസ്‌കെയ്ക്കും ആദ്യ ഓവറില്‍ വിക്കറ്റ് നഷ്ടമായി. അക്കൗണ്ട് തുറക്കും മുമ്പേ രചിന്‍ രവീന്ദ്രയെ ജോഫ്ര ആര്‍ച്ചര്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂറലിന്റെ കൈകളിലെത്തിച്ചു. രാഹുല്‍ ത്രിപാഠി, ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, വിജയ് ശങ്കര്‍ എന്നിവരെ പുറത്താക്കി വനിന്ദു ഹസരങ്ക ആഞ്ഞടിച്ചു

IPL 2025: റോയല്‍സിനായി വിജയം പിടിച്ചെടുത്ത് സന്ദീപ് ശര്‍മയുടെ അവസാന ഓവര്‍; ക്യാപ്റ്റന്‍സി നഷ്ടപ്പെടും മുമ്പ് റിയാന്‍ പരാഗിനും നേട്ടം
രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം Image Credit source: PTI
jayadevan-am
Jayadevan AM | Published: 31 Mar 2025 06:36 AM

സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയം രുചിച്ചെങ്കിലും ഒടുവില്‍ രാജസ്ഥാന്‍ റോയല്‍സും വിജയ തീരമണിഞ്ഞു. ആവേശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറു വിക്കറ്റിനാണ് റോയല്‍സ് കീഴടങ്ങിയത്. ആദ്യം ബാറ്റു ചെയ്ത റോയല്‍സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. ചെന്നൈയുടെ പോരാട്ടം 20 ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സിന് അവസാനിച്ചു. 36 പന്തില്‍ 81 റണ്‍സെടുത്ത നിതീഷ് റാണയാണ് കളിയിലെ താരം. ഫോമിലേക്ക് തിരികെയെത്തിയ റാണയുടെ പോരാട്ടമാണ് റോയല്‍സിന്റെ സ്‌കോര്‍ബോര്‍ഡിന് കുതിപ്പേകിയത്.

തകര്‍ച്ചയോടെയായിരുന്നു റോയല്‍സിന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ നഷ്ടമായി. മൂന്ന് പന്തില്‍ നാല് റണ്‍സെടുത്ത ജയ്‌സ്വാള്‍ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ രവിചന്ദ്രന്‍ അശ്വിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ റാണ തുടക്കം മുതല്‍ അടിച്ചുതകര്‍ത്തു. മറുവശത്ത് റാണയ്ക്ക് പരമാവധി സ്‌ട്രൈക്ക് എത്തിക്കാനായിരുന്നു സഞ്ജുവിന്റെ ശ്രമം. രണ്ടാം വിക്കറ്റില്‍ ഇരുവരും 82 റണ്‍സാണ് റോയല്‍സിന് സമ്മാനിച്ചത്. ഒടുവില്‍ നൂര്‍ അഹമ്മദിന്റെ പന്തില്‍ അലക്ഷ്യമായ ഷോട്ടിന് ശ്രമിച്ച് സഞ്ജു (16 പന്തില്‍ 20) പുറത്തായി.

ക്യാപ്റ്റന്‍ റിയാന്‍ പരാഗാണ് തുടര്‍ന്ന് ക്രീസിലെത്തിയത്. റാണ-പരാഗ് സഖ്യം റോയല്‍സിനെ മുന്നോട്ട് നയിക്കുന്നതിനിടെ മൂന്നാം വിക്കറ്റും വീണു. അശ്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി സ്റ്റമ്പ് ഔട്ട് ചെയ്ത് റാണ പുറത്ത്. ഏഴ് പന്തില്‍ മൂന്ന് റണ്‍സെടുത്ത ധ്രുവ് ജൂറല്‍ വന്ന പോലെ മടങ്ങി. നൂര്‍ അഹമ്മദിനായിരുന്നു വിക്കറ്റ്. വനിന്ദു ഹസരങ്കയ്ക്കും (അഞ്ച് പന്തില്‍ നാല്) തിളങ്ങാനായില്ല. ഇതിനിടെ മഥീഷ പതിരനയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി പരാഗും (28 പന്തില്‍ 37) പുറത്തായി.

16 പന്തില്‍ 19 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്‌മെയറെയും പതിരന പുറത്താക്കി. ജോഫ്ര ആര്‍ച്ചര്‍-0, കുമാര്‍ കാര്‍ത്തികേയ-1, മഹീഷ് തീക്ഷണ-2 (നോട്ടൗട്ട്), തുഷാര്‍ ദേശ്പാണ്ഡെ 1 (നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ചെന്നൈയ്ക്കായി ഖലീല്‍ അഹമ്മദ്, നൂര്‍ അഹമ്മദ്, മഥീഷ പതിരന എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, രവീന്ദ്ര ജഡേജയും, രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റും വീഴ്ത്തി.

Read Also : IPL 2025: സീഷൻ അൻസാരിയുടെ റെക്കോർഡ് പ്രകടനവും ഹൈദരാബാദിനെ തുണച്ചില്ല; ജയം തുടർന്ന് ഡൽഹി

റോയല്‍സിനെ പോലെ തന്നെ സിഎസ്‌കെയ്ക്കും ആദ്യ ഓവറില്‍ വിക്കറ്റ് നഷ്ടമായി. അക്കൗണ്ട് തുറക്കും മുമ്പേ രചിന്‍ രവീന്ദ്രയെ ജോഫ്ര ആര്‍ച്ചര്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂറലിന്റെ കൈകളിലെത്തിച്ചു. രാഹുല്‍ ത്രിപാഠി-23, ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്-63, ശിവം ദുബെ-18, വിജയ് ശങ്കര്‍-9 എന്നിവരെ പുറത്താക്കി വനിന്ദു ഹസരങ്ക ആഞ്ഞടിച്ചു. ഇത്തവണ ധോണിയെ ഒമ്പതാം നമ്പറിലിറക്കിയുള്ള സാഹസത്തിന് ചെന്നൈ മുതിര്‍ന്നില്ല. ഏഴാമതായി ബാറ്റിങിന് എത്തിയ ധോണി 11 പന്തില്‍ 16 റണ്‍സെടുത്തു. രവീന്ദ്ര ജഡേജയും-22 പന്തില്‍ 32, ജാമി ഒവര്‍ട്ടണും-നാല് പന്തില്‍ 11 പുറത്താകാതെ നിന്നു.

സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടത്. എന്നാല്‍ വിജയലക്ഷ്യം മറികടക്കാന്‍ സന്ദീപ് ചെന്നൈയെ അനുവദിച്ചില്ല. വിക്കറ്റ് കീപ്പിനുള്ള ക്ലിയറന്‍സ് ലഭിച്ചാല്‍ അടുത്ത മത്സരം മുതല്‍ റോയല്‍സിനെ സഞ്ജു നയിക്കും. അങ്ങനെയെങ്കില്‍, താല്‍ക്കാലിക ക്യാപ്റ്റനായ പരാഗിന് ഏറെ ആശ്വാസം പകരുന്നതാണ് ചെന്നൈയ്‌ക്കെതിരായ വിജയം.