5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: എറിഞ്ഞത് ഒരോവര്‍ മാത്രം, പിന്നാലെ ‘വിഘ്‌നേഷ്’ ഔട്ട്; തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെതിരെ വിമര്‍ശനം

Royal Challengers Bengaluru beat Mumbai Indians: ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും മുംബൈ തോറ്റു. പോയിന്റ് പട്ടികയില്‍ എട്ടാമതാണ്. മുംബൈയുടെ കളിതന്ത്രങ്ങളില്‍ ആരാധകരും അതൃപ്തരാണ്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ വിഘ്‌നേഷ് പുത്തൂരിനെ ഒരോവര്‍ മാത്രമാണ് എറിയിപ്പിച്ചത്

IPL 2025: എറിഞ്ഞത് ഒരോവര്‍ മാത്രം, പിന്നാലെ ‘വിഘ്‌നേഷ്’ ഔട്ട്; തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെതിരെ വിമര്‍ശനം
വിരാട് കോഹ്ലിയും, ഹാര്‍ദ്ദിക് പാണ്ഡ്യയും Image Credit source: IPL FB Page
jayadevan-am
Jayadevan AM | Published: 08 Apr 2025 06:08 AM

മുംബൈ: നീണ്ട 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വാങ്കഡെയില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. 12 റണ്‍സിനായിരുന്നു ആര്‍സിബിയുടെ ജയം. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 221 റണ്‍സെടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ മുംബൈയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സിന് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. 32 പന്തില്‍ 64 റണ്‍സെടുത്ത ആര്‍സിബി ക്യാപ്റ്റന്‍ രജത് പട്ടീദാറാണ് കളിയിലെ താരം.

അപകടകാരിയായ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ (രണ്ട് പന്തില്‍ നാല്) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും വിരാട് കോഹ്ലിയുടെയും, ദേവ്ദത്ത് പടിക്കലിന്റെയും രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ട് ആര്‍സിബിക്ക് ശക്തമായ അടിത്തറ നല്‍കി. രണ്ടാം വിക്കറ്റ് പാര്‍ട്ട്ണര്‍ഷിപ്പില്‍ 91 റണ്‍സാണ് ആര്‍സിബിക്ക് ലഭിച്ചത്. കോഹ്ലി 42 പന്തില്‍ 67 റണ്‍സെടുത്തു. 22 പന്തില്‍ 37 റണ്‍സാണ് ദേവ്ദത്ത് അടിച്ചുകൂട്ടിയത്. വിഘ്‌നേഷ് പുത്തൂരിന്റെ പന്തില്‍ വില്‍ ജാക്ക്‌സ് ക്യാച്ചെടുത്താണ് ദേവ്ദത്ത് പുറത്തായത്.

പട്ടീദാറും, വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും (പുറത്താകാതെ 19 പന്തില്‍ 40) അവസാന ഓവറുകളില്‍ ആളിക്കത്തിയതോടെ ആര്‍സിബി 200 കടന്നു. മുംബൈയ്ക്ക് വേണ്ടി ഹാര്‍ദ്ദിക് പാണ്ഡ്യയും, ട്രെന്‍ഡ് ബോള്‍ട്ടും രണ്ട് വിക്കറ്റ് വീതവും, വിഘ്‌നേഷ് ഒരു വിക്കറ്റും വീഴ്ത്തി. തിരിച്ചുവരവില്‍ ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റ് വീഴ്ത്താനായില്ല. നാലോവര്‍ എറിഞ്ഞ താരം 29 റണ്‍സ് വഴങ്ങി.

തിലക് വര്‍മയുടെയും (29 പന്തില്‍ 56), ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും (15 പന്തില്‍ 42) പ്രകടനം മുംബൈയ്ക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും, ആര്‍സിബി ബൗളര്‍മാര്‍ കളി തിരിച്ചുപിടിച്ചു. പരിക്കില്‍ നിന്ന് മുക്തനായി ടീമിലേക്ക് തിരികെയെത്തിയ രോഹിത് ശര്‍മയ്ക്ക് ഈ മത്സരത്തിലും ടീമിന് കാര്യമായി സംഭാവന ചെയ്യാനായില്ല. ഒമ്പത് പന്തില്‍ 17 റണ്‍സാണ് രോഹിത് നേടിയത്.

വില്‍ ജാക്ക്‌സ്-18 പന്തില്‍ 22, സൂര്യകുമാര്‍ യാദവ്-26 പന്തില്‍ 28 എന്നിവര്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റേന്തുന്നതില്‍ പരാജയപ്പെട്ടത് മുംബൈയ്ക്ക് തിരിച്ചടിയായി. ക്രുണാല്‍ പാണ്ഡ്യ ആര്‍സിബിക്കായി നാലു വിക്കറ്റ് സ്വന്തമാക്കി. യാഷ് ദയാലും, ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതവും, ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും വീഴ്ത്തി.

സ്ട്രാറ്റജി പാളിയോ?

സീസണില്‍ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും മുംബൈ തോറ്റു. പോയിന്റ് പട്ടികയില്‍ എട്ടാമതാണ്. മുംബൈയുടെ കളിതന്ത്രങ്ങളില്‍ ആരാധകരും അതൃപ്തരാണ്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ വിഘ്‌നേഷ് പുത്തൂരിനെ ഒരോവര്‍ മാത്രമാണ് എറിയിപ്പിച്ചത്. തകര്‍പ്പന്‍ ഫോമിലായിരുന്ന ദേവ്ദത്ത് പടിക്കലിനെ ആ ഓവറില്‍ വിഘ്‌നേഷ് വീഴ്ത്തുകയും ചെയ്തു. വിഘ്‌നേഷിനെ സിക്‌സറിന് പായിക്കാനുള്ള ദേവ്ദത്തിന്റെ ശ്രമം വില്‍ ജാക്ക്‌സിന്റെ കൈകളില്‍ ചെന്ന് അവസാനിക്കുകയായിരുന്നു.

Read Also : IPL 2025: ഗ്ലെൻ ഫിലിപ്സ് പരിക്കേറ്റ് കിടക്കുമ്പോൾ ഗില്ലും കിഷനും തമാശ പറഞ്ഞ് ചിരിച്ചോ?; സത്യമെന്തെന്നറിയാം

ഒരോവര്‍ എറിഞ്ഞതിന് ശേഷം വിഘ്‌നേഷിന് പിന്നീട് അവസരം ലഭിച്ചില്ല. മാത്രമല്ല, പതിനഞ്ചാം ഓവറായപ്പോഴേക്കും പിന്‍വലിക്കുകയും ചെയ്തു. പകരം രോഹിത് ശര്‍മ ഇമ്പാക്ട് പ്ലയറായെത്തി. വിഘ്‌നേഷിന് കൂടുതല്‍ ഓവറുകള്‍ ലഭിക്കാത്തതില്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ തിലക് വര്‍മയെ (23 പന്തില്‍ 25) പിന്‍വലിച്ച് മിച്ചല്‍ സാന്റ്‌നറെ ബാറ്റിങിന് ഇറക്കിയതിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.