IPL 2025: പരാഗിന് ചുറ്റും കറങ്ങുന്ന ഉപഗ്രഹം; ദ്രാവിഡിൻ്റെ കാലഹരണപ്പെട്ട പരിശീലനം: രാജസ്ഥാൻ്റെ പ്രശ്നങ്ങൾ ചെറുതല്ല
Rajasthan Royals: രാജസ്ഥാൻ റോയൽസിലാകെ പ്രശ്നങ്ങളാണ്. ലേലത്തിന് മുൻപ് റിട്ടൻഷനിൽ പ്രശ്നം. ലേലത്തിൽ പ്രശ്നം. ലേലം കഴിഞ്ഞ് കളിയിലും പ്രശ്നം. ഈ പ്രശ്നങ്ങളിൽ പൊതുവായ രണ്ട് പേരുകളുണ്ട്. രാഹുൽ ദ്രാവിഡും റിയാൻ പരാഗും.

“സൂപ്പർ ഓവറിൽ യശസ്വി ജയ്സ്വാൾ വരുമെന്നാണ് കരുതിയത്. എന്തായാലും അത് ഞങ്ങൾക്ക് ഗുണമായി.”- രാജസ്ഥാനെതിരായ മത്സരശേഷം ഇത് പറഞ്ഞത് ഡൽഹി ക്യാപിറ്റൽസ് നായകൻ അക്സർ പട്ടേൽ. രാജസ്ഥാൻ്റെ തന്ത്രങ്ങൾ വിചിത്രമായിരുന്നു എന്ന് മിച്ചൽ സ്റ്റാർക്കും പറഞ്ഞു. എതിർ ടീമിലെ രണ്ട് താരങ്ങൾ ചൂണ്ടിക്കാട്ടിയത് തന്നെയാണ് ഈ സീസണിൽ രാജസ്ഥാൻ്റെ ഏറ്റവും വലിയ പ്രശ്നങ്ങൾ. റിയാൻ പരാഗിന് ചുറ്റും കറങ്ങുന്ന ഒരു ഉപഗ്രഹമായി രാജസ്ഥാൻ റോയൽസ് മാറി. ഒപ്പം, രാഹുൽ ദ്രാവിഡിൻ്റെ കാലഹരണപ്പെട്ട തന്ത്രങ്ങളും പരിശീലനവും. അതിനർത്ഥം ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു ചുമതലയിൽ നിന്നൊഴിവായി എന്നല്ല. ദ്രാവിഡ് വരുന്നതിന് മുൻപ് രാജസ്ഥാൻ മോശം തീരുമാനങ്ങളെടുത്തിരുന്നില്ല എന്നുമല്ല. ദ്രാവിഡ് വന്നതിന് ശേഷം ഇത് കൂടുതലാണെന്നർത്ഥം.
കഴിഞ്ഞ സീസണിൽ രാജസ്ഥാൻ്റെ ടോപ്പ് ഓർഡറിലുണ്ടായിരുന്നത് ഒരേയൊരു ലെഫ്റ്റ് ഹാൻഡറായിരുന്നു, യശസ്വി ജയ്സ്വാൾ. ജോസ് ബട്ട്ലർ, സഞ്ജു സാംസൺ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ എന്നീ വലങ്കയ്യന്മാർക്ക് ശേഷമാണ് പിന്നെ ഒരു ഇടങ്കയ്യനുണ്ടായിരുന്നത്, ഷിംറോൺ ഹെട്മെയർ. സീസണിൽ രാജസ്ഥാൻ പ്ലേഓഫിലെത്തി. ഈ സീസണിൽ ലെഫ്റ്റ് ഹാൻഡ് – റൈറ്റ് ഹാൻഡ് കോംബോ എന്ന വാശിപ്പുറത്താണ് പലപ്പോഴും റിയാൻ പരാഗ് മൂന്നാം നമ്പറിലെത്തിയത്. ഈ പൊസിഷനിൽ ഒരു കളി കളിച്ച നിതീഷ് ചെന്നൈക്കെതിരെ 36 പന്തിൽ 81 അടിച്ച് മാൻ ഓഫ് ദി മാച്ചായിരുന്നു. പിന്നെ നിതീഷ് ഈ പൊസിഷനിൽ കളിച്ചിട്ടില്ല. പകരം കളിച്ച റിയാൻ പരാഗ് ചില നല്ല ഇന്നിംഗ്സുകൾ കളിച്ചെന്നത് ശരിയാണ്. പക്ഷേ, നിതീഷിനെപ്പോലൊരു ഇംപാക്ട് പരാഗ് ഉണ്ടാക്കിയിട്ടില്ല. എന്നിട്ടും പരാഗിന് മുൻഗണന ലഭിക്കുന്നു.
നേരത്തെ മുതൽ തന്നെ റിയാൻ പരാഗ് എന്ന താരത്തെ പ്രമോട്ട് ചെയ്യാനായി പ്രവർത്തിക്കുന്ന ടീം എന്ന വിമർശനങ്ങളുണ്ടായിരുന്നു. അതിനൊരു കാരണമുണ്ട്. രാജസ്ഥാൻ റോയൽസിൻ്റെ എക്സിക്യൂട്ടിവ് ചെയർപേഴ്സൺ രഞ്ജിത് ബർഥാക്കുർ എന്ന അസം ബിസിനസുകാരനാണ്. ഈ ബർഥാക്കൂറും റിയാൻ പരാഗിൻ്റെ പിതാവായ പരാഗ് ദാസും കുടുംബസുഹൃത്തുക്കളാണ്. പരാഗ് ദാസ് അസമിൻ്റെ മുൻ രഞ്ജി താരമാണ്. അടുത്തിടെ ബർഥാക്കൂർ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്, അസമിലെ ഗുവാഹത്തിയിൽ ഹോം മത്സരങ്ങളിൽ ചിലത് നടത്തുന്നത് ലോക്കൽ പ്ലയർ റിയാൻ പരാഗിനെ പ്രമോട്ട് ചെയ്യാനാണ് എന്നായിരുന്നു. നായകൻ സഞ്ജു സാംസണിൻ്റെ ഹോം ഗ്രൗണ്ടായ തിരുവനന്തപുരത്ത് ഒരു കളിയെങ്കിലും കളിക്കാൻ ആരാധകർ മാനേജ്മെൻ്റിനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ അത് അവർ പരിഗണിച്ചിട്ടില്ല എന്നത് ചേർത്തുവായിക്കണം. കഴിഞ്ഞ കളി, ഡൽഹിക്കെതിരെ മൂന്നാം നമ്പറിലിറങ്ങി 11 പന്തിൽ എട്ട് റൺസ് നേടിയ പരാഗാണ് സൂപ്പർ ഓവറിൽ സ്റ്റാർക്കിനെതിരെ ഇറങ്ങിയത് എന്നതുകൂടി പരിഗണിക്കുമ്പോൾ രാജസ്ഥാൻ റോയൽസ് എന്ന ഫാമിലി ബിസിനസിനെപ്പറ്റിയുള്ള കൂടുതൽ വ്യക്തത ലഭിക്കും.




ദേശീയ ക്രിക്കറ്റ് അക്കാദമിയിലും അണ്ടർ 19 പിള്ളേരെയും പരിശീലിപ്പിച്ചുകൊണ്ടിരുന്നയാളാണ് രാഹുൽ ദ്രാവിഡ്. പരിശീലനം ശരിക്കും വേണ്ടത് അവർക്കാണ്. ഇന്ത്യൻ ടീമിലും ഐപിഎൽ ടീമുകളിലെ മുതിർന്ന താരങ്ങൾക്കും വടിയെടുത്തുള്ള പരിശീലനമല്ല, മാൻ മാനേജ്മെൻ്റാണ് വേണ്ടത്. അതുകൊണ്ടാണ് രാഹുൽ ദ്രാവിഡ് ഒരു മോശം പരിശീലകനും രവി ശാസ്ത്രി ഒരു നല്ല പരിശീലകനും ആവുന്നത്. ദ്രാവിഡ് ടീം പരിശീലകനായി തിരികെയെത്തിയപ്പോഴാണ് ടീമിൽ വീണ്ടും കാലഹരണപ്പെട്ട തന്ത്രങ്ങൾ കാണുന്നത്. ലെഫ്റ്റ് – റൈറ്റ് കോമ്പോ പോലെ. അത് ഒരു മോശം തന്ത്രമാണെന്നല്ല. ടി20 പോലൊരു ഗെയിമിൽ, ബാറ്റർമാർ നിന്നും ഇരുന്നും കിടന്നുമൊക്കെ കളിയ്ക്കുന്ന കളിയിൽ, ഇംപാക്ട് ആണ് പ്രധാനം. അത് മാറ്റിവച്ച് പരമ്പരാഗത തന്ത്രങ്ങളിൽ ദ്രാവിഡ് കടിച്ചുതൂങ്ങുന്നു. മിച്ചൽ സ്റ്റാർക്കിനെതിരായ അവസാന ഓവറിൽ വെറും 9 റൺസെടുക്കാൻ കഴിയാതിരുന്ന ഷിംറോൺ ഹെട്മെയർ ആണ് സൂപ്പർ ഓവറിൽ വരുന്നത്. ഹെട്മെയർ യോർക്കറിൽ സീറോ എഫക്ടാണ്. അണോർത്തഡോക്സ് ഷോട്ടുകളില്ല. ഒരു പന്തിലെങ്കിലും ഒരു സ്കൂപ്പ് ഷോട്ട് കളിച്ചിരുന്നെങ്കിൽ സ്റ്റാർക്കിന് ഒരു യന്ത്രം പോലെ ആറ് പന്തും യോർക്കർ എറിയേണ്ടിവരില്ലായിരുന്നു. സ്കൂപ്പ് ഷോട്ടടക്കം കളിക്കുന്നൊരു താരമുണ്ടായിരുന്നു, രാജസ്ഥാൻ നിരയിൽ. നിതീഷ് റാണ. ഫിഫ്റ്റിയടിച്ച് ഫോമിലുമായിരുന്നു. റാണ വന്നില്ല. ജയ്സ്വാളാണ് സ്കൂപ്പ് കളിക്കുന്ന മറ്റൊരാൾ. ഒറ്റപ്പന്ത് പോലും ഫേസ് ചെയ്യാനായില്ല. ധ്രുവ് ജുറേലിനും സ്കൂപ്പ് കളിക്കാനറിയാം. പക്ഷേ, മൂന്നാം റൺ നിരസിച്ചും രണ്ടാം റൺ നിരസിച്ചും രാജസ്ഥാനെ പരാജയത്തിലേക്ക് വലിച്ചിട്ട ജുറേലിൽ മാനേജ്മെൻ്റിന് വിശ്വാസമില്ലായിരിക്കാം. പിന്നെ ആരിലാ വിശ്വാസം. റിയാൻ പരാഗ്. അടിപൊളി!
ജുറേലിനും പരാഗിനുമായി 28 കോടിയാണ് റിട്ടൻഷനിൽ രാജസ്ഥാൻ പൊടിച്ചത്. ഇരുവരും മോശം താരങ്ങളാണെന്നല്ല. ലേലത്തിൽ രണ്ട് പേരെയും ഈ വിലയ്ക്ക് എടുക്കാമായിരുന്നു. ജോസ് ബട്ട്ലറെ നിലനിർത്താമായിരുന്നു. ഒരു ആർടിഎമ്മും ഉപയോഗിക്കാമായിരുന്നു. കഴിഞ്ഞ സീസണുകളിൽ നല്ല ഒരു ഓൾറൗണ്ടറെയാണ് രാജസ്ഥാൻ മിസ് ചെയ്തത്. ലേലത്തിൽ അതിനായി ഒരു ശ്രമവും നടത്തിയില്ല. ആറരക്കോടിയ്ക്ക് തുഷാർ ദേശ്പാണ്ഡെയെ എടുത്ത രാജസ്ഥാൻ 4.8 കോടി വിലകിട്ടിയ ഖലീൽ അഹ്മദിനെ വിട്ടുകളഞ്ഞു. വൈഭവ് അറോറയ്ക്ക് വെറും 1.8 കോടി. കൃണാൽ പാണ്ഡ്യ, അൻഷുൽ കാംബോജ്, അസ്മതുള്ള ഒമർസായ്, ഷഹബാസ് അഹ്മദ് തുടങ്ങി മൂന്ന് കോടിയ്ക്ക് താഴെ മാത്രം വില ലഭിച്ച താരങ്ങൾ നിരവധി. എന്നിട്ട് രാജസ്ഥാൻ എടുത്തത് ദേശ്പാണ്ഡെയും ക്വെന മഫാക്കയും ആകാശ് മധ്‌വളും. കഴിഞ്ഞ സീസണുകളിൽ പവർപ്ലേയിലും ഡെത്തിലും എറിഞ്ഞ് വിക്കറ്റിട്ട മധ്‌വൾ ഇതുവരെ ഒരൊറ്റ കളി കളിച്ചിട്ടില്ല.