IPL 2025: ഈ കളി കൂടി തോറ്റാൽ പ്ലേ ഓഫ് മറക്കാം; രാജസ്ഥാൻ റോയൽസിന് ഇന്ന് ബെംഗളൂരു അഗ്നിപരീക്ഷ
RCB vs RR Match Preview: ഐപിഎലിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ രാജസ്ഥാൻ റോയൽസിന് ഇന്ന് അവസാന അവസരം. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആണ് ഇന്ന് രാജസ്ഥാൻ്റെ എതിരാളികൾ.

ഐപിഎലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും രാജസ്ഥാൻ റോയൽസും തമ്മിൽ ഏറ്റുമുട്ടും. ആർസിബിയുടെ തട്ടകമായ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30 ന് മത്സരം ആരംഭിക്കും, ഇന്ന് കൂടി തോറ്റാൽ രാജസ്ഥാൻ്റെ പ്ലേ ഓഫ് പ്രതീക്ഷ ഏറെക്കുറെ അവസാനിക്കും. എട്ട് മത്സരങ്ങളിൽ രണ്ട് ജയം സഹിതം നാല് പോയിൻ്റ് മാത്രമുള്ള രാജസ്ഥാൻ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഇത്ര തന്നെ മത്സരങ്ങളിൽ അഞ്ച് ജയം സഹിതം 10 പോയിൻ്റുമായി ആർസിബി നാലാം സ്ഥാനത്തുണ്ട്.
ദേവ്ദത്ത് പടിക്കലാണ് ഈ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ സർപ്രൈസ് പാക്കേജ്. മൂന്നാം നമ്പറിൽ ദേവ്ദത്ത് ചില മികച്ച ഇന്നിംഗ്സുകൾ കളിച്ചു. ജയ്പൂരിൽ നടന്ന റിവേഴ്സ് ഫിക്സ്ചറിൽ 9 വിക്കറ്റിൻ്റെ വമ്പൻ ജയമാണ് ആർസിബി കുറിച്ചത്. ഈ മത്സരത്തിലും ദേവ്ദത്ത് 28 പന്തിൽ പുറത്താവാതെ 40 റൺസെടുത്ത് നിർണായക പ്രകടനം നടത്തിയിരുന്നു. ഈ പരാജയം രാജസ്ഥാൻ റോയൽസിന് തിരുത്തിക്കുറിക്കേണ്ടതുണ്ട്. ദേവ്ദത്ത് മാത്രമല്ല, ഫിൽ സാൾട്ട്, വിരാട് കോലി, രജത് പാടിദാർ, ജിതേഷ് ശർമ്മ, ടിം ഡേവിഡ് എന്നിവരൊക്കെ പലപ്പോഴായി നല്ല ഇന്നിംഗ്സുകൾ കളിച്ചു. ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും ഈ കളിയിൽ ഡെത്ത് ഓവറിൽ പന്തെറിഞ്ഞത് ആർസിബിയുടെ ബൗളിംഗ് കരുത്താണ്. ഒപ്പം യഷ് ദയാൽ, സുയാഷ് ശർമ്മ എന്നിവരും മികച്ച ഫോമിലാണ്.




രാജസ്ഥാൻ റോയൽസിൻ്റെ പ്രശ്നങ്ങൾ പലതാണ്. അതിനൊപ്പമാണ് ക്യാപ്റ്റൻ സഞ്ജു സാംസണിൻ്റെ അഭാവം. ടോപ്പ് ഓർഡർ ബാറ്റർ എന്നതിനൊപ്പം സഞ്ജു സാംസൺ എന്ന ക്യാപ്റ്റനും രാജസ്ഥാനെ ബാധിക്കും. തരക്കേടില്ലാത്ത ബാറ്റിംഗ് നിരയുണ്ടെങ്കിലും ഇത് അവസരത്തിനൊത്തുയരുന്നില്ല എന്നതാണ് രാജസ്ഥാൻ്റെ പ്രകടനങ്ങളെ ബാധിക്കുന്നത്. സന്ദീപ് ശർമ്മയുടെ മോശം പ്രകടനങ്ങളും രാജസ്ഥാന് തിരിച്ചടിയാവുന്നു. ജോഫ്ര ആർച്ചർ മാത്രമാണ് രാജസ്ഥാൻ ബൗളിംഗിൽ സ്ഥിരതയുള്ള പ്രകടനങ്ങൾ നടത്തുന്നത്. ഇന്ന് വിജയിക്കാൻ രാജസ്ഥാൻ ഏറെ ബുദ്ധിമുട്ടേണ്ടിവരും.