IPL 2025: 3 ഓവറിൽ 53, ഒറ്റ റണ്ണൗട്ടിൽ തകർന്നടിഞ്ഞ് ആർസിബി; ഡൽഹിയുടെ വിജയലക്ഷ്യം 164 റൺസ്
IPL 2025 RCB Score vs DC: ഐപിഎലിൽ ആർസിബിയ്ക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് 164 റൺസ് വിജയലക്ഷ്യം. തകർപ്പൻ തുടക്കം ലഭിച്ച ആർസിബി പിന്നീട് ബാറ്റിംഗ് തകർച്ച നേരിടുകയായിരുന്നു.

ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഡൽഹി ക്യാപിറ്റൽസിന് റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 163 റൺസാണ് നേടിയത്. ആദ്യത്തെ മൂന്നോവറിൽ 53 റൺസ് അടിച്ചുകൂട്ടിയ ബെംഗളൂരു പിന്നീട് തകരുകയായിരുന്നു. 37 വീതം നേടിയ ഫിൽ സാൾട്ടും ടിം ഡേവിഡുമാണ് ആർസിബിയുടെ ടോപ്പ് സ്കോറർമാർ. ഡൽഹിക്കായി വിപ്രജ് നിഗവും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വിസ്ഫോടനാത്മക തുടക്കമാണ് ബെംഗളൂരുവിന് ലഭിച്ചത്. ഏഴ് റൺസ് മാത്രം പിറന്ന ആദ്യ ഓവറിന് ശേഷം അടുത്ത രണ്ട് ഓവറിൽ ഫിൽ സാൾട്ടും വിരാട് കോലിയും ചേർന്ന് 46 റൺസാണ് അടിച്ചുകൂട്ടിയത്. സീസണിലെ ഏറ്റവും വേഗതയേറിയ ടീം ഫിഫ്റ്റിയും ഇതോടെ ബെംഗളൂരു സ്വന്തമാക്കി. 3.4 ഓവറിൽ ആർസിബി 61ലെത്തി. അടുത്ത പന്തിൽ ഇല്ലാത്ത റണ്ണിനോടിയ സാൾട്ട് റണ്ണൗട്ടായത് നിർണായകമായി. കോലി മടക്കി അയച്ചപ്പോൾ തിരികെ കയറാൻ ശ്രമിക്കുന്നതിനിടെ കാല് തെറ്റിയ സാൾട്ട് 17 പന്തിൽ 37 റൺസെടുത്ത് പുറത്താവുകയായിരുന്നു.




3.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് നേടിയ ആർസിബി പിന്നെ ബാറ്റിംഗ് തകർച്ച നേരിട്ടു. ദേവ്ദത്ത് പടിക്കലിനെ (1) മുകേഷ് കുമാറും വിരാട് കോലിയെ (14 പന്തിൽ 22) വിപ്രജ് നിഗവും പുറത്താക്കി. പിന്നാലെ ലിയാം ലിവിങ്സ്റ്റണെ (4) മോഹിത് ശർമ്മ മടക്കി അയച്ചു. ജിതേഷ് ശർമ്മ (3), രജത് പാടിദാർ (25) എന്നിവരെ വീഴ്ത്തിയ കുൽദീപ് യാദവ് ആർസിബിയുടെ നട്ടെല്ലൊടിച്ചു. കൃണാൽ പാണ്ഡ്യയെ (18) വീഴ്ത്തിയ വിപ്രജ് നിഗം തൻ്റെ രണ്ടാം വിക്കറ്റ് കണ്ടെത്തി. അവസാന ഘട്ടത്തിൽ ടിം ഡേവിഡ് നടത്തിയ വെടിക്കെട്ടാണ് ആർസിബിയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. 20 പന്തിൽ 37 റൺസ് നേടിയ ടിം ഡേവിഡ് നോട്ടൗട്ടാണ്.