AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ഈ സാല കപ്പ് നംദെ? ‘ചേട്ടന്‍ പാണ്ഡ്യ ഷോ’യില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ആര്‍സിബി

IPL 2025 Royal Challengers Bengaluru beat Delhi Capitals: 39 പന്തില്‍ 41 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാന്‍ താരത്തിന് സാധിച്ചില്ല. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ ഫാഫ് ഡു പ്ലെസിസിന്റെ മെല്ലെപ്പോക്കും (26 പന്തില്‍ 22) തിരിച്ചടിയായി

IPL 2025: ഈ സാല കപ്പ് നംദെ? ‘ചേട്ടന്‍ പാണ്ഡ്യ ഷോ’യില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ആര്‍സിബി
വിരാട് കോഹ്ലിയും, ക്രുണാല്‍ പാണ്ഡ്യയും Image Credit source: IPL FB Page
jayadevan-am
Jayadevan AM | Published: 28 Apr 2025 05:51 AM

ന്യൂഡല്‍ഹി: ആദ്യം പന്തുകൊണ്ടും, പിന്നെ ബാറ്റുകൊണ്ടും ക്രുണാല്‍ പാണ്ഡ്യ മിന്നിത്തിളങ്ങിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറു വിക്കറ്റിന് തകര്‍ത്ത്, പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ആര്‍ക്കും വിട്ടുകൊടുക്കാതെ അരക്കിട്ടുറപ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഒമ്പത് പന്ത് ബാക്കി നില്‍ക്കെയായിരുന്നു ആര്‍സിബിയുടെ ജയം. സ്‌കോര്‍: ഡല്‍ഹി ക്യാപിറ്റല്‍സ്-20 ഓവറില്‍ എട്ട് വിക്കറ്റിന് 162, ആര്‍സിബി-18.3 ഓവറില്‍ നാല് വിക്കറ്റിന് 165.

പുറത്താകാതെ 47 പന്തില്‍ 73 റണ്‍സെടുത്ത ക്രുണാല്‍ പാണ്ഡ്യയാണ് ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചത്. അഞ്ച് ഫോറും, നാല് സിക്‌സും അടങ്ങുന്നതായിരുന്നു പാണ്ഡ്യയുടെ ബാറ്റിങ്. പുറത്താകാതെ അഞ്ച് പന്തില്‍ 19 റണ്‍സെടുത്ത ടിം ഡേവിഡ് പാണ്ഡ്യയ്ക്ക് മികച്ച പിന്തുണ നല്‍കി. നേരത്തെ ഡല്‍ഹിയുടെ ഒരു വിക്കറ്റും പാണ്ഡ്യ വീഴ്ത്തിയിരുന്നു. ക്രുണാല്‍ പാണ്ഡ്യയാണ് ‘പ്ലെയര്‍ ഓഫ് ദ മാച്ച്’.

47 പന്തില്‍ 51 റണ്‍സെടുത്ത വിരാട് കോഹ്ലി വീണ്ടും ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ഒന്നാമതെത്തി. ഈ മത്സരത്തിന് തൊട്ടുമുമ്പ് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ അര്‍ധ സെഞ്ചുറി നേടിയ മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവിനെ (28 പന്തില്‍ 54) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഹ്ലി വീണ്ടും ഒന്നാമതെത്തിയത്.

പനി മൂലം കളിക്കാതിരുന്ന ഫില്‍ സാള്‍ട്ടിന് പകരം ജേക്കബ് ബെഥല്‍ ഓപ്പണറായെത്തി. ആറു പന്തില്‍ 12 റണ്‍സാണ് താരം നേടിയത്. ഇമ്പാക്ട് പ്ലെയറായെത്തിയ ദേവ്ദത്ത് പടിക്കല്‍ പൂജ്യത്തിന് പുറത്തായി. ഡല്‍ഹിക്ക് വേണ്ടി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റും, ദുശ്മന്ത ചമീര ഒരു വിക്കറ്റും സ്വന്തമാക്കി.

Read Also: IPL 2025: ‘പഴയ’ ഫോമിലെത്തി രാഹുൽ; തുണയായി സ്റ്റബ്സ്; ഡൽഹിയ്ക്ക് ഭേദപ്പെട്ട സ്കോർ

39 പന്തില്‍ 41 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാന്‍ താരത്തിന് സാധിച്ചില്ല. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ ഫാഫ് ഡു പ്ലെസിസിന്റെ മെല്ലെപ്പോക്കും (26 പന്തില്‍ 22) തിരിച്ചടിയായി. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (18 പന്തില്‍ 34), അഭിഷേക് പോറല്‍ (11 പന്തില്‍ 28) എന്നിവര്‍ വമ്പനടികളുമായി കളം നിറഞ്ഞു. ആര്‍സിബിക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് പിഴുതു. ജോഷ് ഹേസല്‍വുഡ് രണ്ടും, യാഷ് ദയാലും, ക്രുണാല്‍ പാണ്ഡ്യയും ഓരോന്ന് വീതവും സ്വന്തമാക്കി.