IPL 2025: ‘ഏത് കളിക്കാരനെപ്പറ്റി അറിയാനും മുംബൈക്ക് ആപ്പുണ്ട്’; സെറ്റപ്പ് വേറെ ലെവലെന്ന് രമൺദീപ് സിംഗ്
Ramandeep Singh About Mumbai Indians: ലോകത്തിലെ ഏത് താരങ്ങളെപ്പറ്റി അറിയാനും മുംബൈ ഇന്ത്യൻസിന് പ്രത്യേകം ആപ്പുണ്ടെന്ന് രമൺദീപ് സിംഗ്. ആഭ്യന്തര, രാജ്യാന്തര താരങ്ങളെപ്പറ്റി ഈ ആപ്പിലൂടെ അറിയാമെന്നും രമൺദീപ് വെളിപ്പെടുത്തി.

മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയിലെ സൗകര്യങ്ങൾ വേറെ ലെവലെന്ന് മുൻ മുംബൈ താരവും നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കളിക്കാരനുമായ രമൺദീപ് സിംഗ്. ഏത് കളിക്കാരനെപ്പറ്റിയുള്ള എന്ത് വിവരവും അറിയാൻ മുംബൈ ഇന്ത്യൻസിന് സ്വന്തമായി ആപ്പുണ്ടെന്നും രമൺദീപ് പറഞ്ഞു. രാജ് ശമാനിയുടെ പോഡ്കാസ്റ്റിലാണ് രമൺദീപിൻ്റെ വെളിപ്പെടുത്തൽ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള വ്യത്യാസമായിരുന്നു ചോദ്യം. “മുംബൈ നന്നായി പ്ലാൻ ചെയ്യും. ഓരോ കളിക്കാർക്ക് വേണ്ടിയും പ്രത്യേകം പ്ലാനുകളുണ്ടാവും. മുംബൈക്ക് പ്രത്യേകമായി ഒരു ആപ്പുണ്ട്. സ്വന്തമായി വികസിപ്പിച്ച ആപ്പാണ്. ഏത് കളിക്കാരനെപ്പറ്റിയും സെർച്ച് ചെയ്യാം. അത് ആഭ്യന്തര താരമാണെങ്കിലും രാജ്യാന്തര താരമാണെങ്കിലും. കളിക്കാരൻ്റെ പേര് അടിച്ചുകൊടുത്താൽ വിവരം കിട്ടും. ഒരു ബൗളറിൻ്റെ പേര് ടൈപ്പ് ചെയ്താൽ അയാൾ പന്തെറിയുന്ന വിഡിയോകൾ ലഭിക്കും. ഇങ്ങനെ ഒരു ആപ്പുണ്ട്. ഒരു ബാറ്ററും ബൗളറും തമ്മിലുള്ള ഫേസ് ഓഫിൻ്റെ എല്ലാ വിവരങ്ങളും വിഡിയോ ആയിട്ട് ലഭിക്കും.”- രമൺദീപ് വെളിപ്പെടുത്തി.
2022ൽ മുംബൈ ഇന്ത്യൻസിനായാണ് രമൺദീപ് സിംഗ് കരിയർ ആരംഭിച്ചത്. ലോവർ ഓർഡറിൽ കൂറ്റൻ ഷോട്ടുകൾക്ക് കഴിവുള്ള താരം തകർപ്പൻ ഫീൽഡർ കൂടിയാണ്. 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രമൺദീപിനെ ടീമിലെത്തിച്ചു. കൊൽക്കത്തയ്ക്കായും മികച്ച പ്രകടനങ്ങളാണ് താരം നടത്തുന്നത്. ഇന്ത്യയ്ക്കായി രണ്ട് ടി20 മത്സരങ്ങൾ കളിച്ച താരം ആഭ്യന്തര കരിയറിൽ പഞ്ചാബിൻ്റെ താരമാണ് രമൺദീപ് സിംഗ്.
Also Read: IPL 2025: ബൂം ബൂം!; ഇങ്ങനെയൊക്കെ പന്തെറിഞ്ഞാലെങ്ങനെ?; ലഖ്നൗവിനെതിരെ മുംബൈക്ക് വമ്പൻ വിജയം
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് മുംബൈ ഇന്ത്യൻസ്. അഞ്ച് തവണയാണ് മുംബൈ ഐപിഎൽ കിരീടം നേടിയിട്ടുള്ളത്. ഏറ്റവുമധികം കിരീടങ്ങൾ നേടിയിട്ടുള്ള ടീമെന്ന റെക്കോർഡ് ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം പങ്കിടുകയാണ് മുംബൈ. സീസണിൽ ആദ്യ അഞ്ച് മത്സരങ്ങളിൽ ഒരെണ്ണം മാത്രം വിജയിച്ച മുംബൈ ഇപ്പോൾ തിരിച്ചുവരവിൻ്റെ പാതയിലാണ്. നിലവിൽ 9 മത്സരങ്ങളിൽ നിന്ന് അഞ്ചെണ്ണം വിജയിച്ച ടീം പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. 10 പോയിൻ്റാണ് മുംബൈക്കുള്ളത്. ഇന്ന് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ വിജയിച്ചതോടെ മുംബൈ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.