AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ‘ഞാനും സഞ്ജുവും തമ്മിൽ ഒരു പ്രശ്നവുമില്ല’; അടിസ്ഥാനരഹിതമായ വാർത്തകളാണ് പുറത്തുവരുന്നതെന്ന് രാഹുൽ ദ്രാവിഡ്

Rahul Dravid - Sanju Samson: താനും സഞ്ജു സാംസണും തമ്മിൽ പ്രശ്നങ്ങളില്ലെന്ന് രാഹുൽ ദ്രാവിഡ്. പുറത്തുവരുന്നത് അടിസ്ഥാനരഹിതമായ വാർത്തകളാണെന്നും അതിൽ തനിക്കൊന്നും ചെയ്യാനാവില്ലെന്നും ദ്രാവിഡ് പറഞ്ഞു.

IPL 2025: ‘ഞാനും സഞ്ജുവും തമ്മിൽ ഒരു പ്രശ്നവുമില്ല’; അടിസ്ഥാനരഹിതമായ വാർത്തകളാണ് പുറത്തുവരുന്നതെന്ന് രാഹുൽ ദ്രാവിഡ്
സഞ്ജു സാംസൺ, രാഹുൽ ദ്രാവിഡ്Image Credit source: Social Media
abdul-basith
Abdul Basith | Published: 19 Apr 2025 10:23 AM

താനും സഞ്ജുവും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ തള്ളി രാജസ്ഥാൻ റോയൽസ് പരിശീലകൻ രാഹുൽ ദ്രാവിഡ്. സഞ്ജു ടീമിലെ സുപ്രധാന താരമാണെന്നും ജയപരാജയങ്ങൾ സാധാരണയാണെന്നും ദ്രാവിഡ് പറഞ്ഞു. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ദ്രാവിഡിൻ്റെ പ്രതികരണം. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ സൂപ്പർ ഓവറിന് മുന്നോടിയായി ടീം അംഗങ്ങൾ തമ്മിൽ നടത്തിയ ചർച്ചയിൽ നിന്ന് സഞ്ജു വിട്ടുനിൽക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതോടെയാണ് സഞ്ജുവും ദ്രാവിഡും തമ്മിൽ ആഭ്യന്തര പ്രശ്നങ്ങളുണ്ടെന്ന വാർത്തകൾ പുറത്തുവന്നത്.

“സഞ്ജു ടീമിലെ സുപ്രധാന താരമാണ്. എല്ലാ തീരുമാനങ്ങളിലും ചർച്ചകളിലും സഞ്ജു ഉൾപ്പെടുന്നുണ്ട്. ചിലപ്പോൾ മത്സരങ്ങൾ തോൽക്കാം. ചിലപ്പോൾ കാര്യങ്ങൾ ശരിയായി നടക്കില്ല. വിമർശനങ്ങൾ നേരിടേണ്ടിവന്നേക്കാം. പക്ഷേ, അടിസ്ഥാനരഹിതമായ കാര്യങ്ങളെപ്പറ്റി നമുക്കൊന്നും ചെയ്യാനാവില്ല. ടീം സ്പിരിറ്റ് വളരെ മികച്ചതാണ്. എത്ര കഠിനമായാണ് ഇവർ ശ്രമിക്കുന്നതെന്നതിൽ എനിക്ക് മതിപ്പുണ്ട്. പ്രകടനം നടത്താൻ കഴിയാതാവുമ്പോൾ താരങ്ങൾക്ക് എത്ര വിഷമമുണ്ടാവും എന്നതിനെപ്പറ്റി ആളുകൾ ചിന്തിക്കുന്നില്ല.”- ദ്രാവിഡ് പറഞ്ഞു.

സഞ്ജുവിൻ്റെ പരിക്കിനെപ്പറ്റിയും ദ്രാവിഡ് വിശദീകരിച്ചു. “വയറ്റിൽ സഞ്ജുവിന് വേദനയുണ്ടായിരുന്നു. സ്കാൻ ചെയ്തിട്ടുണ്ട്. ഇന്ന് സ്കാൻ റിസൽട്ട് വരുമ്പോൾ ബാക്കിയെന്ത് ചെയ്യാനാവുമെന്നതിനെപ്പറ്റി വ്യക്തതയുണ്ടാവും. പരിക്ക് എത്ര ഗുരുതരമാണെന്നതറിഞ്ഞിട്ട് ബാക്കി തീരുമാനങ്ങളെടുക്കും.”- ദ്രാവിഡ് തുടർന്നു.

ഡൽഹി ക്യാപിറ്റൽസിനെതിരായ കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിൻ്റെ പല തീരുമാനങ്ങളും വിമർശിക്കപ്പെട്ടിരുന്നു. രാജസ്ഥാൻ റോയൽസ് നിലനിർത്തിയ രണ്ട് താരങ്ങൾക്ക് അവസാന ഓവറിൽ 9 റൺസെടുക്കാനായില്ല. അഞ്ചാം പന്തിൽ രണ്ട് റൺസ് ഓടാനുള്ള അവസരമുണ്ടായിട്ടും ധ്രുവ് ജുറേൽ അതിന് തയ്യാറായില്ല. യശസ്വി ജയ്സ്വാൾ, നിതീഷ് റാണ എന്നീ രണ്ട് ഇൻഫോം ബാറ്റർമാർ ഉണ്ടായിരുന്നിട്ടും മത്സരത്തിൽ നിരാശപ്പെടുത്തിയ ഷിംറോൺ ഹെട്മെയറും റിയാൻ പരാഗും സൂപ്പർ ഓവറിൽ ബാറ്റിംഗിനിറങ്ങി. ഇതൊക്കെ വ്യാപകമായി വിമർശിക്കപ്പെട്ടു.

Also Read: IPL 2025: ടിം ഡേവിഡിൻ്റെ ഫിഫ്റ്റിയും ആർസിബിയെ തുണച്ചില്ല; നേഹൽ വധേരയുടെ മികവിൽ പഞ്ചാബിന് ജയം

നേരത്തെ, രാജസ്ഥാൻ റോയൽസിൻ്റെ റിട്ടൻഷനിൽ തന്നെ വിമർശനങ്ങളുയർന്നിരുന്നു. ജോസ് ബട്ട്ലർ, യുസ്‌വേന്ദ്ര ചഹാൽ എന്നിവർക്ക് പകരം റിയാൻ പരാഗ്, ധ്രുവ് ജുറേൽ എന്നിവരെ നിലനിർത്തിയതും ഐപിഎൽ ലേലത്തിൽ നല്ല താരങ്ങളെ വിട്ടുകളഞ്ഞതുമൊക്കെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.