IPL 2025: പിഎസ്എൽ കരാർ ലംഘിച്ച് ഐപിഎൽ കളിക്കാനെത്തി; കോർബിൻ ബോഷിനെ ഒരു വർഷത്തേക്ക് വിലക്കി പിസിബി
PSL Bans Corbin Bosch: ദക്ഷിണാഫ്രിക്കൻ താരമായ കോർബിൻ ബോഷിനെ ഒരു വർഷത്തേക്ക് വിലക്കി പിഎസ്എൽ. കരാർ ലംഘിച്ച് ഐപിഎലിൽ കളിക്കാനെത്തിയതിനെ തുടർന്നാണ് വിലക്ക്.

പിഎസ്എൽ കരാർ ലംഘിച്ച് ഐപിഎൽ കളിക്കാനെത്തിയ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ കോർബിൻ ബോഷിനെ ഒരു വർഷത്തേക്ക് വിലക്കി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പെഷവാർ സാൽമിയുടെ കരാർ ലംഘിച്ചാണ് താരം മുംബൈ ഇന്ത്യൻസിൽ കളിക്കാനായി ഐപിഎലിലെത്തിയത്. ഇതിന് പിന്നാലെ ബോഷിനെതിരെ പിസിബി അധികൃതർ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ ഒരു വർഷത്തേക്ക് വിലക്കിയത്.
30 വയസുകാരനായ കോർബിൻ ബോഷ് ഡയമണ്ട് കാറ്റഗറിയിലാണ് ബാബർ അസം നായകനായ പെഷവാർ സാൽമിയിലെത്തിയത്. എന്നാൽ, മുംബൈ ഇന്ത്യൻസിൻ്റെ ഓഫർ വന്നതോടെ പിഎസ്എലിൽ നിന്ന് പിന്മാറിയ താരം ഐപിഎൽ കളിക്കാനെത്തി. പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ പേസർ ലിസാഡ് വില്ല്യംസിൻ്റെ പകരക്കാരനായാണ് ബോഷിൻ്റെ വരവ്.
അടുത്ത വർഷത്തെ പിഎസ്എൽ കളിക്കാൻ യോഗ്യതയുണ്ടായിരിക്കില്ലെന്ന് കോർബിൻ ബോഷിനോട് പിസിബി ഔദ്യോഗികമായി അറിയിച്ചു. താരങ്ങൾ കൂടുതൽ ഉത്തരവാദിത്തവും പ്രൊഫഷണലിസവും കാണിക്കണമെന്നും പിസിബി വാർത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.




സംഭവത്തിൽ കോർബിൻ ബോഷ് മാപ്പ് ചോദിച്ചിരുന്നു. “പിഎസ്എലിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ കടുത്ത ഖേദമുണ്ട്. പാകിസ്താനികളോടും പെഷവാർ സാൽമിയുടെ ആരാധകരോടും ക്രിക്കറ്റ് കമ്മ്യൂണിറ്റിയോടും മാപ്പ് ചോദിക്കുന്നു. എൻ്റെ പ്രവൃത്തിയ്ക്കുള്ള മുഴുവൻ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. ഇതിൻ്റെ അനന്തരഫലങ്ങൾ എന്തായാലും ഏറ്റെടുക്കാൻ തയ്യാറാണ്. ഭാവിയിൽ പിഎസ്എലിലേക്ക് തിരികെവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.”- കോർബിൻ ബോഷ് പറഞ്ഞു.
2024ൽ പാകിസ്താനെതിരായ ഏകദിനത്തിലാണ് താരം രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. ഒരു ടെസ്റ്റും രണ്ട് ഏകദിന മത്സരങ്ങളും മാത്രമേ താരം കളിച്ചിട്ടുള്ളൂ. എന്നാൽ, ഫ്രാഞ്ചൈസി ക്രിക്കറ്റിൽ കോർബിൻ ബോഷ് മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഈ വർഷത്തെ എസ്എ20 സീസണിൽ മുംബൈ കേപ്പ്ടൗണിൻ്റെ താരമായിരുന്ന ബോഷ് ടീമിൻ്റെ പ്രഥമ കിരീടനേട്ടത്തിൽ നിർണായക പങ്കാണ് വഹിച്ചത്. മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചെങ്കിലും താരം ഇതുവരെ ഐപിഎലിൽ അരങ്ങേറിയിട്ടില്ല.
മുംബൈ ഇന്ത്യൻസ് തുടർ പരാജയങ്ങളിൽ ഉഴറുകയാണ്. ഇതുവരെ അഞ്ച് മത്സരങ്ങൾ കളിച്ച മുംബൈ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മാത്രമാണ് വിജയിച്ചത്. ഈ മാസം 13ന് ഡൽഹി ക്യാപിറ്റൽസാണ് മുംബൈയുടെ അടുത്ത എതിരാളികൾ. രണ്ട് പോയിൻ്റ് മാത്രമുള്ള മുംബൈ പോയിൻ്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.