IPL 2025: അഗ്രഷന്‍ എന്ന് പറഞ്ഞാല്‍ ഇങ്ങനെയുമുണ്ടോ? ഹൈദരാബാദില്‍ പഞ്ചാബിന്റെ വക സിക്‌സര്‍ മഴ; അടിച്ചുകൂട്ടിയത് 245 റണ്‍സ്
IPL 2025 Sunrisers Hyderabad vs Punjab Kings: ടോസ് നേടിയ പഞ്ചാബ് ബാറ്റിങിന് തിരഞ്ഞെടുക്കുകയായിരുന്നു. കൂറ്റന്‍ സ്‌കോറില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പഞ്ചാബ് ഓപ്പണര്‍മാരുടെ പ്രകടനം. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും, പ്രഭ്‌സിമ്രാന്‍ സിങും തുടക്കം മുതല്‍ അടിച്ചുതകര്‍ത്തു

സിക്‌സും ഫോറും എത്രയടിച്ചാലും മതിവരാത്ത ബാറ്റര്‍മാര്‍. പോരാത്തതിന് റണ്ണൊഴുകുന്ന ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയവും. പോരേ പൂരം ! ഐപിഎല്‍ ചരിത്രത്തില്‍ പലതവണ റണ്‍മലകള്‍ കണ്ട രാജീവ് ഗാന്ധി സ്റ്റേഡിയം ഇത്തവണയും അത്തരമൊരു കാഴ്ചയ്ക്ക് സാക്ഷിയായി. സാധാരണ സണ്‍റൈസേഴ്‌സാണ് ഇത്തരത്തില്‍ റണ്‍മല കെട്ടിപ്പൊക്കിയിരുന്നതെങ്കില്‍ ഇത്തവണ അത് പഞ്ചാബ് കിങ്‌സായിരുന്നുവെന്ന് മാത്രം. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് പഞ്ചാബ് നേടിയത്.
ടോസ് നേടിയ പഞ്ചാബ് ബാറ്റിങിന് തിരഞ്ഞെടുക്കുകയായിരുന്നു. കൂറ്റന്‍ സ്‌കോറില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പഞ്ചാബ് ഓപ്പണര്‍മാരുടെ പ്രകടനം. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും, പ്രഭ്‌സിമ്രാന്‍ സിങും തുടക്കം മുതല്‍ അടിച്ചുതകര്‍ത്തു. നാലോവറില്‍ 66 റണ്‍സാണ് ഈ സഖ്യം പിരിയുന്നതിന് മുമ്പ് പഞ്ചാബിന് ലഭിച്ചത്.




13 പന്തില്‍ 36 റണ്‍സെടുത്ത പ്രിയാന്‍ഷ് ആദ്യം പുറത്തായി. ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി ക്യാച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പ്രിയാന്‍ഷ് തുടങ്ങിവച്ചത് പൂര്‍ത്തിയാക്കി. ഒപ്പം പ്രഭ്‌സിമ്രാനും സണ്‍റൈസേഴ്‌സ് ബൗളര്‍മാരെ നിഷ്‌കരുണം പ്രഹരിച്ചു. അര്‍ധ സെഞ്ചുറിക്ക് എട്ട് റണ്‍സ് അകലെ പ്രഭ്‌സിമ്രാന്‍ വീണു. 23 പന്തില്‍ 42 റണ്‍സെടുത്ത താരത്തെ ഇഷന്‍ മലിംഗ പുറത്താക്കി.
ശ്രേയസിന് സ്‌ട്രൈക്ക് കൈമാറുക മാത്രമായിരുന്നു പിന്നീട് ക്രീസിലെത്തിയ നെഹാല്‍ വധേരയുടെ ചുമതല. 22 പന്തില്‍ 27 റണ്‍സെടുത്ത വധേരയെയും മലിംഗയാണ് പുറത്താക്കിയത്. മുന്‍ മത്സരങ്ങളില്‍ പഞ്ചാബിന് വേണ്ടി തകര്‍ത്തടിച്ച ശശാങ്ക് സിംഗിന് ഈ മത്സരത്തില്‍ തിളങ്ങാനായില്ല. മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത താരത്തെ ഹര്‍ഷല്‍ പട്ടേല്‍ എല്‍ബിഡബ്ല്യുവില്‍ കുരുക്കി.
അപകടകാരിയായ ഗ്ലെന്‍ മാക്‌സ്വെലിനെയും ഹര്‍ഷല്‍ പട്ടേല്‍ നിലയുറപ്പിക്കും മുമ്പ് മടക്കി. ഏഴ് പന്തില്‍ മൂന്ന് റണ്‍സെടുത്ത മാക്‌സ്വെല്ലിനെ ഹര്‍ഷല്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. തൊട്ടുപിന്നാലെ പഞ്ചാബിന്റെ ടോപ് സ്‌കോററായ ശ്രേയസിനെയും ഹര്‍ഷല്‍ പുറത്താക്കി. ഹര്‍ഷലിന്റെ പന്തില്‍ ഷോട്ടിന് ശ്രമിച്ച ശ്രേയസിന് പിഴച്ചു. ട്രാവിസ് ഹെഡിന്റെ കൈകളില്‍ ചെന്നാണ് പന്ത് വീണത്. 36 പന്തില്‍ 82 റണ്‍സെടുത്താണ് ശ്രേയസ് മടങ്ങിയത്. ആറു വീതം സിക്‌സറും ഫോറും താരം പായിച്ചു.
Read Also : IPL 2025: ഓപ്പണറായിട്ടും പന്തിന് രക്ഷയില്ല; വീണ്ടും ലഖ്‌നൗവിനെ തോളിലേറ്റി പൂരനും മര്‍ക്രമും
തുടക്കത്തില്‍ ഏറെ തല്ല് വാങ്ങിയെങ്കിലും 14 മുതല്‍ 19 വരെയുള്ള ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിയാനായത് സണ്‍റൈസേഴ്‌സിന് ആശ്വാസമായി. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് ശേഷം ക്രീസിലെത്തിയവരില്‍ മാര്‍ക്കസ് സ്‌റ്റോയിനിസ് ഒഴികെയുള്ളവര്‍ പഞ്ചാബിന് വേണ്ടി സ്‌കോര്‍ ബോര്‍ഡ് അതിവേഗം മുന്നോട്ട് ചലിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു.
എന്നാല്‍ മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറുകളില്‍ 27 റണ്‍സാണ് പഞ്ചാബ് അടിച്ചുകൂട്ടിയത്. അവസാന നാല് പന്തുകളും മാര്‍ക്കസ് സ്റ്റോയിനിസ് സിക്‌സര്‍ പറത്തി. പുറത്താകാതെ 11 പന്തില്‍ 34 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്.
തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മുഹമ്മദ് ഷമി
ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരമെന്ന നാണക്കേടിന്റെ റെക്കോഡില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മുഹമ്മദ് ഷമി. നാലോവറില്‍ 75 റണ്‍സാണ് ഷമി പഞ്ചാബിനെതിരെ വഴങ്ങിയത്. ജോഫ്ര ആര്‍ച്ചറിനാണ് നിലവില്‍ ഈ റെക്കോഡുള്ളത്. ഈ സീസണില്‍ സണ്‍റൈസേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ജോഫ്ര ആര്‍ച്ചര്‍ 76 റണ്‍സ് വഴങ്ങിയിരുന്നു.