IPL 2025: ജയ്സ്വാളിൻ്റെ ഫിഫ്റ്റി; പരാഗിൻ്റെ ഫിനിഷിങ്: രാജസ്ഥാനെതിരെ പഞ്ചാബിൻ്റെ വിജയലക്ഷ്യം 206 റൺസ്
IPL 2025 RR First Innings: ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിംഗ്സിന് 206 റൺസ് വിജയലക്ഷ്യം. യശസ്വി ജയ്സ്വാളിൻ്റെയും സഞ്ജു സാംസണിൻ്റെയും മികച്ച ഇന്നിംഗ്സുകളാണ് രാജസ്ഥാനെ തുണച്ചത്.

ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിംഗ്സിന് 206 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടി. 67 റൺസ് നേടിയ യശസ്വി ജയ്സ്വാൾ രാജസ്ഥാൻ്റെ ടോപ്പ് സ്കോററായപ്പോൾ പഞ്ചാബ് കിംഗ്സിനായി ലോക്കി ഫെർഗൂസൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ഛണ്ഡീഗഡിൽ ഇതാദ്യമായാണ് ഐപിഎലിൽ ഒരു ടീം 200 റൺസിന് മുകളിൽ സ്കോർ ചെയ്യുന്നത്.
ക്യാപ്റ്റനായി സഞ്ജു സാംസൺ മടങ്ങിയെത്തിയ മത്സരത്തിൽ രാജസ്ഥാന് നല്ല തുടക്കം ലഭിച്ചു. സഞ്ജുവും യശസ്വി ജയ്സ്വാളും ചേർന്ന ഓപ്പണിംഗ് സഖ്യം പഞ്ചാബ് ബൗളർമാരെ ഫലപ്രദമായി നേരിട്ടു. പവർപ്ലേയിൽ ഇരുവരും തകർത്തടിച്ചെങ്കിലും പവർപ്ലേയ്ക്ക് ശേഷം സ്കോറിങ് നിരക്ക് കുറഞ്ഞു. ഇത് സഞ്ജുവിൻ്റെ വിക്കറ്റിലേക്ക് നയിച്ചു. ലോക്കി ഫെർഗൂസൻ്റെ പന്തിൽ കൂറ്റൻ ഷോട്ടിന് ശ്രമിച്ചാണ് സഞ്ജു പുറത്തായത്. 26 പന്തിൽ 38 റൺസ് നേടി സഞ്ജു മടങ്ങി. 89 റൺസാണ് ജയ്സ്വാളുമൊത്ത് ആദ്യ വിക്കറ്റിൽ സഞ്ജു കൂട്ടിച്ചേർത്തത്.
കഴിഞ്ഞ കളി മൂന്നാം നമ്പറിലിറങ്ങി തകർപ്പൻ പ്രകടനം കാഴ്ചവച്ച നിതീഷ് റാണയെ തഴഞ്ഞ് ഈ കളിയിലെത്തിയത് റിയാൻ പരഗ്. ഇതിനിടെ 40 പന്തിൽ ജയ്സ്വാൾ ഫിഫ്റ്റി തികച്ചു. തൻ്റെ ഐപിഎൽ കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയായിരുന്നു ഇത്. ഫിഫ്റ്റിയ്ക്ക് ശേഷം ജയ്സ്വാൾ ആക്രമണം വർധിപ്പിച്ചെങ്കിലും ലോക്കി ഫെർഗൂസൻ വീണ്ടും പഞ്ചാബിൻ്റെ രക്ഷയ്ക്കെത്തി. 45 പന്തിൽ 67 റൺസ് നേടിയ ജയ്സ്വാളിനെ വീഴ്ത്തിയാണ് ഫെർഗൂസൻ തൻ്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കിയത്. നാലാം നമ്പരിലെത്തിയ നിതീഷ് റാണയ്ക്ക് ഏഴ് പന്തിൽ 12 റൺസ് മാത്രമേ നേടാനായുള്ളൂ.




ആദ്യ ഘട്ടത്തിൽ ടൈമിങ് കണ്ടെത്താൻ ഏറെ വിഷമിച്ച റിയാൻ പരഗ് ഇന്നിംഗ്സിൻ്റെ അവസാനത്തിൽ ചില മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞു. ഇതിനിടെ 12 പന്തിൽ 20 റൺസ് നേടിയ ഷിംറോൺ ഹെട്മെയറെ അർഷ്ദീപ് സിംഗ് പുറത്താക്കി. നാലാം വിക്കറ്റിൽ റിയാൻ പരഗുമൊത്ത് 47 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഹെട്മെയർ മടങ്ങിയത്. പരാഗും പിന്നാലെയെത്തിയ ധ്രുവ് ജുറേലും ബൗണ്ടറികൾ കണ്ടെത്തിയതോടെ രാജസ്ഥാൻ 200 കടന്നു. 25 പന്തിൽ 43 റൺസ് നേടിയ പരാഗും 5 പന്തിൽ 13 റൺസ് നേടിയ ഷ്രുവ് ജുറേലും നോട്ടൗട്ടാണ്.