IPL 2025: പ്രതികാരദാഹത്തിൽ ആർസിബി ഇന്നിറങ്ങുന്നു; എതിരാളികൾ പഞ്ചാബ് കിംഗ്സ്
PBKS vs RCB Match Preview: ഐപിഎലിൽ ഇന്ന് പഞ്ചാബ് കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു പഞ്ചാബിനോട് പരാജയപ്പെട്ടിരുന്നു.

ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ. പഞ്ചാബ് കിംഗ്സിൻ്റെ ഹോം ഗ്രൗണ്ടായ മുള്ളൻപൂരിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ തങ്ങളുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് ബെംഗളൂരു പഞ്ചാബിനോട് തോൽവി വഴങ്ങിയിരുന്നു. ഈ തോൽവിക്ക് പകരം വീട്ടാനാവും ആർസിബി ഇറങ്ങുക. വൈകുന്നേരം 3.30ന് മത്സരം ആരംഭിക്കും.
മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇരു ടീമുകളും തമ്മിലുള്ള റിവേഴ്സ് ഫിക്സ്ചർ നടന്നത്. മഴ മൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ പഞ്ചാബ് അനായാസം ബെംഗളൂരുവിനെ വീഴ്ത്തി. മുള്ളൻപൂരിൽ മഴസാധ്യതയില്ല. ചിന്നസ്വാമിയിൽ നടന്ന മത്സരങ്ങളിലൊന്നും ഇതുവരെ ബെംഗളൂരുവിന് വിജയിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ, എതിരാളികളുടെ തട്ടകത്തിൽ വിജയിക്കാൻ കഴിയുന്നുമുണ്ട്. ഈ പതിവ് തുടരുമോ എന്നതും കൗതുകമാണ്.
പഞ്ചാബ് നിരയിൽ പരാധീനതകൾ കുറവാണ്. മാർക്കസ് സ്റ്റോയിനിസ് ആണ് ഇതുവരെ ഫോമിലേക്കുയരാത്ത താരം. രണ്ട് മത്സരങ്ങൾ കളിച്ച ജോഷ് ഇംഗ്ലിസും നിരാശപ്പെടുത്തുന്നു. ബാക്കിയെല്ലാവരും മികച്ച ഫോമിലാണ്. നേഹൽ വധേരയുടെ ഫിനിഷിംഗ് പഞ്ചാബിന് വരും മത്സരങ്ങളിലും ഗുണമാവുമെന്നുറപ്പ്. സാവിയർ ബാർലറ്റ്, ഹർപ്രീത് ബ്രാർ തുടങ്ങി ടീമിൽ പുതുതായി ഇടം പിടിക്കുന്ന താരങ്ങളൊക്കെ നല്ല പ്രകടനങ്ങൾ നടത്തുന്നുണ്ടെന്നത് മാനേജ്മെൻ്റിന് നൽകുന്ന ആത്മവിശ്വാസം വലുതാണ്.




Also Read: IPL 2025: മിച്ചൽ സ്റ്റാർക്കല്ല, ആവേശ് ഖാനായാലും രാജസ്ഥാന് ഒരുപോലെ; ലഖ്നൗവിനെതിരെ പരാജയം രണ്ട് റൺസിന്
ആർസിബിയിൽ പ്രത്യേകിച്ച് പ്രശ്നങ്ങളില്ല. ലിയാം ലിവിങ്സ്റ്റൺ ആണ് ടീമിലെ വീക്ക് ലിങ്ക്. മറ്റുള്ളവരെല്ലാം മികച്ച പ്രകടനങ്ങൾ നടത്തുന്നു. ടിം ഡേവിഡിൻ്റെ പ്രകടനങ്ങളാണ് ടീമിൻ്റെ കരുത്ത്. പഞ്ചാബിനെതിരായ കഴിഞ്ഞ കളിയിൽ 26 പന്തുകൾ നേരിട്ട് ഫിഫ്റ്റിയടിച്ച താരം തൻ്റെ ഐപിഎൽ കരിയറിലെ ആദ്യ അർദ്ധസെഞ്ചുറിയാണ് കണ്ടെത്തിയത്. മുംബൈയിലുണ്ടായിരുന്ന സമയത്തെ കാടനടിയ്ക്കപ്പുറം തൻ്റെ ഓഫ് സൈഡ് ഗെയിമും സ്പിന്നർമാർക്കെതിരായ പ്രകടനങ്ങളും മെച്ചപ്പെടുത്തിയ ടിം ഡേവിഡ് ആർസിബി നിരയിലെ വിശ്വസ്തരിൽ ഒരാളാണ്. മോശം ഫോം തുടരുന്ന ലിവിങ്സ്റ്റണ് പകരം ജേക്കബ് ബെഥൽ കളിച്ചേക്കാൻ സാധ്യതയുണ്ട്. റൊമാരിയോ ഷെപ്പേർഡും ഈ പൊസിഷനിലെ മറ്റൊരു ഓപ്ഷനാണ്.