IPL 2025: വിജയലക്ഷ്യം 158 മാത്രം; പഞ്ചാബിനെതിരെ ആര്‍സിബി പ്രതികാരം വീട്ടുമോ?
IPL 2025 Royal Challengers Bengaluru vs Punjab Kings: ഏഴാം വിക്കറ്റില്‍ മാര്‍ക്കോ യാന്‍സനുമായി ചേര്‍ന്ന് ശശാങ്ക് പഞ്ചാബിന്റെ സ്‌കോര്‍ബോര്‍ഡ് 150 കടത്തി. ശശാങ്ക് 33 പന്തില്‍ 31 റണ്‍സുമായും, യാന്‍സന്‍ 20 പന്തില്‍ 25 റണ്‍സുമായും പുറത്താകാതെ നിന്നു

രണ്ട് ദിവസം മുമ്പ്, അതായത് ഏപ്രില്‍ 18ന് പഞ്ചാബ് കിങ്‌സിനോടേറ്റ തോല്‍വിക്ക് പ്രതികാരം വീട്ടാന്‍ ആര്‍സിബിക്ക് മറികടക്കേണ്ടത് 157 റണ്‍സ് മാത്രം. ബൗളിങ് തിരഞ്ഞെടുക്കാനായിരുന്നു ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പട്ടീദാറിന്റെ തീരുമാനം. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും, പ്രിഭ്‌സിമ്രാന്‍ സിങും, തരക്കേടില്ലാത്ത തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. 4.2 ഓവറില്‍ 42 റണ്‍സില്‍ എത്തിനില്‍ക്കവെയാണ് പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 15 പന്തില്‍ 22 റണ്‍സെടുത്ത പ്രിയാന്‍ഷിനെ പുറത്താക്കി ക്രുണാല്‍ പാണ്ഡ്യയാണ് ആര്‍സിബിക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തന്റെ രണ്ടാം ഓവറില്‍ പ്രഭ്‌സിമ്രാന്‍ സിങിനെയും പുറത്താക്കി ക്രുണാല്‍ പഞ്ചാബിന് ഇരട്ടപ്രഹരം സമ്മാനിച്ചു. 17 പന്തില്‍ 33 റണ്‍സായിരുന്നു പ്രഭ്‌സിമ്രാന്റെ സമ്പാദ്യം. പ്രിയാന്‍ഷും, പ്രഭ്‌സിമ്രാനും ടിം ഡേവിഡിന് ക്യാച്ചുകള്‍ സമ്മാനിച്ചാണ് വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചത്.
അധികം വൈകാതെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ വിക്കറ്റ് കൂടി നഷ്ടമായതോടെ പഞ്ചാബ് പ്രതിരോധത്തിലായി. 10 പന്തില്‍ ആറു റണ്‍സെടുത്ത ശ്രേയസിനെ സീസണില്‍ ആദ്യമായി അവസരം ലഭിച്ച റൊമാരിയോ ഷെപ്പേര്‍ഡ് പുറത്താക്കുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യയാണ് ശ്രേയസിന്റെ ക്യാച്ചെടുത്തത്.




ശ്രേയസിന് പിന്നാലെ ആറു പന്തില്‍ അഞ്ച് റണ്‍സെടുത്ത നെഹാല്‍ വധേരയും മടങ്ങിയതോടെ പഞ്ചാബ് ടോപ് ഓര്‍ഡര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. അഞ്ചാം വിക്കറ്റില്‍ ജോഷ് ഇംഗ്ലിസും, ശശാങ്ക് സിങും പഞ്ചാബിനെ കര കയറ്റാന്‍ ശ്രമിച്ചു. ഈ സഖ്യം പഞ്ചാബ് സ്‌കോര്‍ ബോര്‍ഡില്‍ 36 റണ്‍സ് ചേര്‍ത്തു. 17 പന്തില്‍ 29 റണ്‍സെടുത്ത ഇംഗ്ലിസിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് സുയാഷ് ശര്‍മ ഈ കൂട്ടുക്കെട്ട് പൊളിച്ചു.
Read Also: IPL 2025: അരങ്ങേറ്റത്തിൽ കുറിച്ചത് മൂന്ന് റെക്കോർഡ്; ഐപിഎലിൽ വരവറിയിച്ച് വൈഭവ് സൂര്യവൻശി
തൊട്ടുപിന്നാലെ മാര്‍ക്കസ് സ്റ്റോയിനിസിനെയും സുയാഷ് സമാന രീതിയില്‍ പുറത്താക്കി. രണ്ട് പന്തുകള്‍ നേരിട്ട സ്‌റ്റോയിനിസ് ഒരു റണ്‍സെടുത്ത് പുറത്തായി. ഏഴാം വിക്കറ്റില്‍ മാര്‍ക്കോ യാന്‍സനുമായി ചേര്‍ന്ന് ശശാങ്ക് പഞ്ചാബിന്റെ സ്‌കോര്‍ബോര്‍ഡ് 150 കടത്തി. ശശാങ്ക് 33 പന്തില്‍ 31 റണ്‍സുമായും, യാന്‍സന്‍ 20 പന്തില്‍ 25 റണ്‍സുമായും പുറത്താകാതെ നിന്നു. ആര്‍സിബിക്ക് വേണ്ടി ക്രുണാല്‍ പാണ്ഡ്യയും, സുയാഷ് ശര്‍മയും രണ്ട് വിക്കറ്റ് വീതവും, റൊമാരിയോ ഷെപ്പേര്‍ഡ് ഒരു വിക്കറ്റും വീഴ്ത്തി.