IPL 2025: ഞെട്ടിക്കുന്ന തോൽവിയുടെ ക്ഷീണം തീർക്കാൻ പഞ്ചാബ് ഇന്ന് കൊൽക്കത്തയ്ക്കെതിരെ; ശ്രേയാസിന് ഇത് വ്യക്തിപരം
IPL 2025 PBKS vs KKR Preview: ഐപിഎലിൽ ഇന്ന് പഞ്ചാബ് കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ. മുള്ളൻപൂരിൽ രാത്രി 7.30ന് ആരംഭിക്കുന്ന മത്സരത്തിൽ തൻ്റെ മുൻ ടീമിനെതിരെ ശ്രേയാസ് അയ്യർ ഇറങ്ങുകയാണ്.

ഐപിഎലിൽ ഇന്ന് പഞ്ചാബ് കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും. പഞ്ചാബിൻ്റെ ഹോം ഗ്രൗണ്ടായ ഛണ്ഡീഗഡിലെ മുള്ളൻപൂരിൽ വച്ചാണ് മത്സരം. രാത്രി 7.30ന് മത്സരം ആരംഭിക്കും. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ വഴങ്ങിയ ഞെട്ടിക്കുന്ന തോൽവിയുടെ ക്ഷീണം തീർക്കാനാണ് പഞ്ചാബ് ഇന്നിറങ്ങുക. കൊൽക്കത്തയാവട്ടെ വിജയം തുടരാമെന്ന പ്രതീക്ഷയിലും. പിണങ്ങിപ്പിരിഞ്ഞ പഴയ ടീമിനെതിരെ ആദ്യമായി കളിക്കുന്നു എന്നതിനാൽ പഞ്ചാബ് നായകൻ ശ്രേയാസ് അയ്യരിന് ഇത് വ്യക്തിപരമായ മത്സരവുമാണ്.
245 റൺസെന്ന വമ്പൻ ടോട്ടൽ പടുത്തിയർത്തിയിട്ടും ഹൈദരാബാദിനെതിരെ പരാജയപ്പെട്ടതിൻ്റെ ഞെട്ടൽ ഇതുവരെ പഞ്ചാബിന് മാറിയിട്ടില്ല. ഇതുവരെ നല്ല പ്രകടനങ്ങൾ നടത്തിയിരുന്ന ലോക്കി ഫെർഗൂസൻ പരിക്കേറ്റ് പുറത്തായതും പഞ്ചാബിന് തിരിച്ചടിയാണ്. ഫെർഗൂസണിൻ്റെ അഭാവത്തിൽ പകരം പരിഗണിക്കാവുന്ന താരങ്ങൾ പഞ്ചാബിലുണ്ട്. അസ്മതുള്ള ഒമർസായ്, സാവിയർ ബാർലേ, ആരോൺ ഹാർഡി, വിജയകുമാർ വൈശാഖ് എന്നിവർ ആരെങ്കിലും ടീമിൽ ഇടം നേടും.
കൊൽക്കത്തയാവട്ടെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ തകർപ്പൻ ജയം നേടിയാണ് എത്തുന്നത്. ആന്ദ്രേ റസൽ, ക്വിൻ്റൺ ഡികോക്ക് എന്നിവരുടെ മോശം ഫോമാണ് കൊൽക്കത്തയുടെ തലവേദനകൾ. ബാക്കിയെല്ലാവരും വിവിധ മത്സരങ്ങളിൽ ചില നല്ല പ്രകടനങ്ങൾ നടത്തി. ചെന്നൈയിലെ സ്പിൻ പിച്ചിൽ മൊയീൻ അലിയെ പരിഗണിച്ചിരുന്ന കൊൽക്കത്ത പഞ്ചാബിനെതിരെ സ്പെൻസർ ജോൺസണെ തിരികെ വിളിച്ചേക്കും.




Also Read: IPL 2025 : അവസാനം തലയും ആറുച്ചാമിയും വിളയാടി; ചെന്നൈയ്ക്ക് സീസണിലെ രണ്ടാം ജയം
പോയിൻ്റ് പട്ടികയിൽ കൊൽക്കത്തയും പഞ്ചാബും യഥാക്രമം അഞ്ച്, ആറ് സ്ഥാനങ്ങളിലാണ്. ആറ് മത്സരം കളിച്ച കൊൽക്കത്ത മൂന്ന് മത്സരങ്ങളിൽ വിജയിച്ചു. ആറ് പോയിൻ്റുണ്ട്. അഞ്ച് മത്സരം കളിച്ച പഞ്ചാബിനും മൂന്ന് ജയം സഹിതമുള്ളത് ആറ് പോയിൻ്റ്. നെറ്റ് റൺ റേറ്റാണ് കൊൽക്കത്തയെ മുന്നിൽ നിർത്തിയിരിക്കുന്നത്. ഇന്നത്തെ കളി വിജയിച്ചാൽ പഞ്ചാബിന് ആദ്യ നാലിലെത്താനുള്ള അവസരമൊരുങ്ങും.