5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: 19 പന്തിൽ ഫിഫ്റ്റി; 39 പന്തിൽ സെഞ്ചുറി; പ്രിയാൻഷ് ആര്യയുടെ അഴിഞ്ഞാട്ടത്തിൽ പഞ്ചാബിന് മികച്ച സ്കോർ

IPL 2025 Punjab Kings First Innings Score: ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സിന് വമ്പൻ സ്കോർ. ആദ്യ ഐപിഎൽ സീസൺ കളിക്കുന്ന പ്രിയാൻഷ് ആര്യയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ 219 റൺസാണ് പഞ്ചാബ് അടിച്ചുകൂട്ടിയത്.

IPL 2025: 19 പന്തിൽ ഫിഫ്റ്റി; 39 പന്തിൽ സെഞ്ചുറി; പ്രിയാൻഷ് ആര്യയുടെ അഴിഞ്ഞാട്ടത്തിൽ പഞ്ചാബിന് മികച്ച സ്കോർ
പ്രിയാൻഷ് ആര്യImage Credit source: IPL X
abdul-basith
Abdul Basith | Updated On: 08 Apr 2025 21:12 PM

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ തകർപ്പൻ സ്കോർ പടുത്തുയർത്തി പഞ്ചാബ് കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 219 റൺസാണ് നേടിയത്. 103 റൺസ് നേടിയ യുവ ഓപ്പണർ പ്രിയാൻഷ് ആര്യയാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. താരത്തിൻ്റെ ആദ്യ ഐപിഎൽ സീസൺ ആണിത്. ചെന്നൈയ്ക്കായി ആർ അശ്വിനും ഖലീൽ അഹ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഖലീൽ അഹ്മദ് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ സിക്സറടിച്ച് തുടങ്ങിയ പ്രിയാൻഷ് ആര്യ ആ ഓവറിൽ ആകെ നേടിയത് 17 റൺസ്. മറുവശത്ത് തുടരെ വിക്കറ്റുകൾ നഷ്ടമാവുന്നത് പ്രിയാൻഷിൻ്റെ സ്കോറിംഗിനെ ബാധിച്ചില്ല. പ്രഭ്സിമ്രാൻ സിംഗിനെ (0) മുകേഷ് ചൗധരി വീഴ്ത്തിയപ്പോൾ ക്യാപ്റ്റൻ ശ്രേയാസ് അയ്യർ (9), മാർക്കസ് സ്റ്റോയിനിസ് (4) എന്നിവർ ഖലീൽ അഹ്മദിൻ്റെ ഇരയായി മടങ്ങി. നേഹൽ വധേര (9), ഗ്ലെൻ മാക്സ്‌വൽ (1) എന്നിവർ ആർ അശ്വിന് മുന്നിൽ വീണു.

5 വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന നിലയിൽ പ്രിയാൻഷ് ആര്യയ്ക്ക് കൂട്ടായി ശശാങ്ക് സിംഗ് എത്തി. ഇതിനിടെ 19 പന്തിൽ പ്രിയാൻഷ് ഫിഫ്റ്റി തികച്ചിരുന്നു. ഇരുവരും ചേർന്ന് ചെന്നൈ ബൗളിംഗ് നിരയെ ഫലപ്രദമായി നേരിട്ടു. 39 പന്തിൽ പ്രിയാൻഷ് സെഞ്ചുറി തികച്ചു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അഞ്ചാമത്തെ സെഞ്ചുറിയാണ് പ്രിയാൻഷ് ഇന്ന് സ്വന്തം പേരിലാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയും ഇത് തന്നെ. 2010 സീസണിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിനായി യൂസുഫ് പത്താൻ 37 പന്തിൽ നേടിയ സെഞ്ചുറിയാണ് ഒന്നാമത്. 42 പന്തിൽ ഏഴ് ബൗണ്ടറിയും 9 സിക്സറും സഹിതം 103 റൺസ് നേടിയ പ്രിയാൻഷിനെ ഒടുവിൽ നൂർ അഹ്മദ് മടക്കി. ഇതിനിടെ പ്രിയാൻഷിൻ്റെ മൂന്ന് ക്യാച്ചുകൾ ചെന്നൈ നിലത്തിട്ടിരുന്നു. ആറാം വിക്കറ്റിൽ 71 റൺസാണ് പ്രിയാൻഷും ശശാങ്കും ചേർന്ന് കൂട്ടിച്ചേർത്തത്.

Also Read: IPL 2025: ഗ്ലെൻ ഫിലിപ്സ് പരിക്കേറ്റ് കിടക്കുമ്പോൾ ഗില്ലും കിഷനും തമാശ പറഞ്ഞ് ചിരിച്ചോ?; സത്യമെന്തെന്നറിയാം

ശേഷം ക്രീസിലെത്തിയ മാർക്കോ യാൻസനും മികച്ച പ്രകടനം കാഴ്ചവച്ചു. അവസാന ഓവറുകളിൽ ബൗണ്ടറികൾ കണ്ടെത്തിയ സഖ്യം പഞ്ചാബിനെ 200 കടത്തി. അവസാന പന്തിൽ ശശാങ്ക് സിംഗ് ഫിഫ്റ്റി തികച്ചു. 36 പന്തിലാണ് താരം അർദ്ധസെഞ്ചുറിയിലെത്തിയത്. അപരാജിതമായ 68 റൺസാണ് ശശാങ്കും യാൻസനും ചേർന്ന് ഏഴാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 52 റൺസ് നേടിയ ശശാങ്കിനൊപ്പം 19 പന്തിൽ 34 റൺസ് നേടിയ യാൻസനും നോട്ടൗട്ടാണ്.