Delhi Capitals: ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്; രാഹുലും, ഡുപ്ലെസിസുമല്ല
Axar Patel To Lead Delhi Capitals: ഡൽഹി ക്യാപിറ്റൽസിനെ നയിക്കാൻ കഴിയുന്നത് വലിയ ബഹുമതിയായി കാണുന്നുവെന്ന് അക്‌സര്‍ പറഞ്ഞു. തന്നിൽ വിശ്വാസം അർപ്പിച്ചതിന് ടീം ഉടമകളോടും സപ്പോർട്ട് സ്റ്റാഫിനോടും നന്ദിയുണ്ടെനന്നും താരം വ്യക്തമാക്കി

Delhi Capitals
അക്‌സര്‍ പട്ടേല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനാകും. അക്‌സര്‍ ക്യാപ്റ്റനാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും ഇന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കെ.എല്‍. രാഹുല്‍, ഫാഫ് ഡു പ്ലെസിസ്, അക്‌സര്‍ പട്ടേല്‍ എന്നിവരായിരുന്നു ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പേരുകള്‍. ക്യാപ്റ്റന്‍ സ്ഥാനത്തിന് രാഹുല്‍ തയ്യാറല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് ഓള്‍റൗണ്ടറായ അക്‌സര്‍ പട്ടേലിന് നറുക്ക് വീണത്. ഏതാനും മത്സരങ്ങളില്‍ ക്യാപിറ്റല്‍സിനെ നയിച്ചിട്ടുള്ള താരമാണ് അക്‌സര്‍. മുന്‍ സീസണില്‍ ഡല്‍ഹിയുടെ ക്യാപ്റ്റനായിരുന്ന ഋഷഭ് പന്ത് താരലേലത്തിന് മുമ്പ് ടീം വിട്ടിരുന്നു. തുടര്‍ന്ന് പന്തിനെ 27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി.
താരലേലത്തിന് മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തിയ താരങ്ങളില്‍ അക്‌സറുമുണ്ടായിരുന്നു. 16.50 കോടി രൂപയ്ക്കാണ് അക്‌സറിനെ ഡല്‍ഹി നിലനിര്‍ത്തിയത്. ഏഴ് സീസണുകളിലായി അക്‌സര്‍ ഡല്‍ഹിക്കൊപ്പമുണ്ട്. 150 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 131 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 1,653 റൺസ് നേടി. 7.28 എന്ന മികച്ച ഇക്കണോമി റേറ്റിൽ 123 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ഡല്‍ഹിക്ക് വേണ്ടി 82 മത്സരങ്ങള്‍ കളിച്ചു. 967 റണ്‍സ് നേടി. 7.09 എന്ന മികച്ച ഇക്കണോമിയിൽ 62 വിക്കറ്റുകളും സ്വന്തമാക്കി. ഐപിഎല്ലില്‍ മികച്ച പ്രകടനം പുലര്‍ത്തിയിട്ടുള്ള താരം, നിലവില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യവുമാണ്. ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിലും അക്‌സറുണ്ടായിരുന്നു.
ഡൽഹി ക്യാപിറ്റൽസിനെ നയിക്കാൻ കഴിയുന്നത് വലിയ ബഹുമതിയായി കാണുന്നുവെന്ന് അക്‌സര്‍ പറഞ്ഞു. തന്നിൽ വിശ്വാസം അർപ്പിച്ചതിന് ടീം ഉടമകളോടും സപ്പോർട്ട് സ്റ്റാഫിനോടും നന്ദിയുണ്ടെനന്നും താരം വ്യക്തമാക്കി.
“ക്യാപിറ്റൽസിൽ ഞാൻ ഒരു ക്രിക്കറ്റ് കളിക്കാരനായും മനുഷ്യനായും വളർന്നു. ഈ ടീമിനെ മുന്നോട്ട് നയിക്കാൻ തയ്യാറാണ്. ആത്മവിശ്വാസം തോന്നുന്നുണ്ട്. മെഗാ ലേലത്തിൽ പരിശീലകരും സ്കൗട്ടുകളും മികച്ച പ്രകടനം കാഴ്ചവച്ചു. വളരെയധികം സാധ്യതകളുണ്ട്. സന്തുലിതവും ശക്തവുമായ ഒരു ടീമിനെ ഒരുക്കി. ടീമില്‍ ധാരാളം ലീഡേഴ്‌സുണ്ട്. കൂടാതെ ഞങ്ങളുടെ ആരാധകരുടെ അതിരറ്റ സ്നേഹവും പിന്തുണയുമുണ്ട്”-അക്‌സര്‍ പറഞ്ഞു.