IPL 2025: ലഖ്നൗവിനെതിരെ മുംബൈ നിരയിൽ രോഹിതില്ല; കാരണം പറഞ്ഞ് ഹാർദിക് പാണ്ഡ്യ
IPL 2025 No Rohit Sharma In Mumbai Indians: ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ രോഹിത് ശർമ്മയില്ലാതെ മുംബൈ ഇന്ത്യൻസ്. ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട് നിരയിൽ പോലും രോഹിത് ശർമ്മ ഉൾപ്പെട്ടിട്ടില്ല.

ഐപിഎലിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ മുൻ ക്യാപ്റ്റനും ഇന്ത്യയുടെ നായകനുമായി രോഹിത് ശർമ്മ കളിക്കില്ല. രോഹിത് ശർമ്മയില്ലാതെയാണ് മുംബൈ ഇന്ത്യൻസ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. തിലക് വർമ്മ, കോർബിൻ ബോഷ്, റോബിൻ മിൻസ്, സത്യനാരായണ രാജു, കരൺ ശർമ്മ എന്നിവരാണ് ഇമ്പാക്ട് സബിൽ ഉള്ളത്.
പരിശീലനത്തിനിടെ പരിക്കേറ്റതിനാലാണ് രോഹിത് ശർമ്മ ഇന്ന് പുറത്തിരിക്കുക. ടോസിനിടെ ഹാർദിക് പാണ്ഡ്യ തന്നെ ഇക്കാര്യം അറിയിച്ചു. പരിശീലനത്തിനിടെ രോഹിതിൻ്റെ മുട്ടിൽ പന്ത് കൊണ്ടു എന്നും അതുകൊണ്ടാണ് താരം ഇന്ന് കളിക്കാത്തത് എന്നും ഹാർദിക് പറഞ്ഞു. പരിക്കേറ്റ് ചികിത്സയിലുള്ള സൂപ്പർ താരം ജസ്പ്രീത് ബുംറ ഉടൻ തിരികെയെത്തുമെന്നും ഹാർദിക് പറഞ്ഞു. രോഹിത് കളിക്കാത്തതിനാൽ റിയാൻ റിക്കിൾട്ടണും വിൽ ജാക്ക്സും ചേർന്നാവും മുംബൈ ഇന്ത്യൻസ് ഓപ്പൺ ചെയ്യുക. മുംബൈ ഫീൽഡിംഗ് തിരഞ്ഞെടുത്തതിനാൽ തിലക് വർമ്മ ഇംപാക്ട് സബ് ആയി എത്തും.
ലഖ്നൗ നിരയിൽ ആകാശ് ദീപ് ടീമിലെത്തി. മണിമാരൻ സിദ്ധാർത്ഥിന് പകരമാണ് താരം ടീമിലെത്തിയത്. ഇമ്പാക്ട് സബ് നിരയിലുള്ള രവി ബിഷ്ണോയ് രണ്ടാം ഇന്നിംഗ്സിൽ പകരക്കാരനായി എത്തിയേക്കും. പ്രിൻസ് യാദവിനും സാധ്യതയുണ്ടെങ്കിലും ആദ്യ ഇലവനിൽ ദിഗ്‌വേഷ് റാഠി മാത്രമാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർ. അതിനാൽ ബിഷ്ണോയ്ക്ക് തന്നെയാണ് സാധ്യത.




ടീമുകൾ
ലഖ്നൗ സൂപ്പർ ജയൻ്റ്സ്: എയ്ഡൻ മാർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരാൻ, ഋഷഭ് പന്ത്, ആയുഷ് ബദോനി, ഡേവിഡ് മില്ലർ, അബ്ദുൽ സമദ്, ശാർദുൽ താക്കൂർ, ഡിഗ്‌വേഷ് സിംഗ് റാഠി, ആകാശ് ദീപ്, ആവേശ് ഖാൻ.
മുംബൈ ഇന്ത്യൻസ്: വിൽ ജാക്ക്സ്, റിയാൻ റിക്കിൾട്ടൺ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, നമൻ ധിർ, രാജ് ബാവ, മിച്ചൽ സാൻ്റ്നർ, ദീപക് ചഹാർ, അശ്വനി കുമാർ, വിഗ്നേഷ് പുത്തൂർ, ട്രെൻ്റ് ബോൾട്ട്.
മുംബൈ ഇന്ത്യൻസും ലഖ്നൗ സൂപ്പർ ജയൻ്റ്സും പോയിൻ്റ് പട്ടികയിൽ യഥാക്രമം 6, 7 സ്ഥാനങ്ങളിലാണ്. മൂന്ന് മത്സരം വീതം കളിച്ച ടീമുകൾക്ക് രണ്ട് വീതം പരാജയവും ഒരു ജയവുമടക്കം രണ്ട് പോയിൻ്റ് വീതമാണ് ഉള്ളത്.