IPL 2025 : ആദ്യം ബോളർമാരുടെ ഇംപാക്ട്, പിന്നെ രോഹിത് ശർമയുടെ ഇംപാക്ട്; ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് ജയം
IPl 2025 Mumbai Indians vs Sunrisers Hyderabad : 35ന് അഞ്ച് എന്ന നിലയിൽ തകർന്നടിഞ്ഞ സൺറൈസേഴ്സ് ഹൈദാരാബാദിനെ നാണക്കേഡിൽ നിന്നും രക്ഷപ്പെടുത്തിയത് വിക്കറ്റ് കീപ്പർ ബാറ്റർ ഹെയ്ൻറിച്ച് ക്ലാസനാണ്.

ഐപിഎല്ലിൽ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. സൺറൈസേഴ്സ് ഹൈദരാബാദിനെ അവരുടെ തട്ടകത്തിയ വെച്ച് ഏഴ് വിക്കറ്റിനാണ് മുംബൈ തകർത്തത്. മുംബൈയുടെ ബോളിങ് ആക്രമണത്തിൽ പതറിയ സൺറൈസേഴ്സ് രോഹിത് ശർമയുടെ ബാറ്റിങ്ങിന് മുന്നിൽ തകർന്നടിയുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദാരാബാദ് ഉയർത്തിയ 144 റൺസ് വിജയലക്ഷ്യം 16-ാം ഓവറിൽ മുംബൈ മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർക്ക് കന്നത്ത തിരിച്ചടിയാണ് നേരിട്ടത്. 250 റൺസ് നിസാരം തല്ലിക്കൂട്ടിയെടുത്തിരുന്ന ഹൈദരാബാദ് മുംബൈയുടെ ബോളർമാരുടെ മുന്നിൽ അടപതറി വീണു. സൺറൈസേഴ്സിൻ്റെ സ്കോർ ബോർഡ് 15 കടക്കുന്നതിന് മുമ്പ് നാല് മുന്നേറ്റ താരങ്ങളെയാണ് മുംബൈയുടെ പേസർമാർ ഡ്രെസ്സിങ് റൂമിലേക്ക് മടക്കിയത്. അവസാനം ദക്ഷിണാഫ്രിക്കൻ താരം ഹെയ്ൻറിച്ച് ക്ലാസൻ നടത്തിയ ചെറുത്ത് നിൽപ്പിലാണ് ഹൈദാരാബാദ് നാണംകെടാതെ രക്ഷപ്പെട്ടത്. എസ്ആർഎച്ചിനായി ക്ലാസെൻ 71 റൺസെടുക്കുകയും ചെയ്തു. മുംബൈക്കായി ട്രെൻ്റ് ബോൾട്ട് നാലും ദീപക് ചഹർ രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി. ജസ്പ്രിത് ബുമ്രയും ഹാർദിക് പാണ്ഡ്യയുമാണ് മറ്റ് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. മലയാളി താരം വിഘ്നേഷ് പുത്തൂരിന് ഇത്തവണയും ഒരു ഓവർ മാത്രമ ഹാർദിക് പാണ്ഡ്യ നൽകിയിരുന്നുള്ളൂ.
ALSO READ : IPL 2025: ഒരോവര്‍ എറിഞ്ഞ് പിന്നെയും വിഘ്‌നേഷ് പുറത്ത്, ഇഷാന്‍ കിഷന്റെ വിക്കറ്റില്‍ ഒന്നിലേറെ ചോദ്യങ്ങള്‍
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ ഹൈദരാബാദ് ആദ്യം ഒന്ന് വിറപ്പിച്ചെങ്കിലും പിന്നീട് രോഹിത് ശർമയുടെ നേതൃത്വത്തിൽ മുംബൈ ജയത്തിലേക്ക് വേഗം അടിച്ചു കയറി. 46 പന്തിൽ 70 റൺസാണ് ഇംപാക്ട് താരമായി എത്തിയ രോഹിത് ശർമ സ്വന്തമാക്കിയത്. 19 പന്തിൽ 40 റൺസെടുത്ത സൂര്യകുമാർ യാദവ് മുംബൈയുടെ ജയം ഒന്നും കൂടി അനായാസമാക്കി. എസ്ആർഎച്ചിനായി ജയ്ദേവ് ഉനദ്ഘട്ടും ഇഷാൻ മലിംഗയും സീഷാൻ അൻസാരിയും ഓരോ വിക്കറ്റുകൾ വീതം നേടി.
ജയത്തോടെ പത്ത് പോയിൻ്റുമായി ഐപിഎൽ പോയിൻ്റ് പട്ടികയിൽ മുംബൈ ഇന്ത്യൻസ് മൂന്നാം സ്ഥാനത്തേക്കെത്തി. ടൂർണമെൻ്റിൻ്റെ ആദ്യഘട്ടത്തിൽ അഞ്ചിൽ നാല് മത്സരങ്ങളിലും മുംബൈ തോറ്റിയിരുന്നു. ആ തകർച്ചയിൽ നിന്നാണ് മുംബൈ ഇന്ത്യൻസ് ഈ സീസണിൽ നിലവിൽ മൂന്നാം സ്ഥാനത്തേക്കെത്തിയിരിക്കുന്നത്. ഐപിഎല്ലിൽ നാളെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു രാജസ്ഥാൻ റോയൽസിനെ നേരിടും