IPL 2025: ‘കാശ് കുറവായതിൻ്റെ പേരിൽ ഐപിഎലിൽ നിന്ന് പിന്മാറുന്നത് ശരിയല്ല’; ഹാരി ബ്രൂക്കിനെ വിമർശിച്ച് മൈക്കൽ ക്ലാർക്ക്
Michael Clarke Criticizes Harry Brook: ഐപിഎലിൽ നിന്ന് പിന്മാറിയ ഹാരി ബ്രൂക്കിനെ വിമർശിച്ച് ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. അടുത്ത രണ്ട് സീസണുകളിൽ നിന്ന് ബ്രൂക്കിനെ വിലക്കിയ നടപടി മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലേലത്തിൽ ലഭിച്ച പണം കുറവായതിനാൽ ഐപിഎലിൽ നിന്ന് പിന്മാറുന്നത് ശരിയല്ലെന്ന് ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. 6.25 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിലെടുത്തിട്ടും ഐപിഎലിൽ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രൂക്കിനെ വിമർശിച്ചുകൊണ്ടാണ് മൈക്കൽ ക്ലാർക്കിൻ്റെ പ്രസ്താവന. ഐപിഎലിൽ നിന്ന് പിന്മാറിയതോടെ അടുത്ത രണ്ട് സീസണുകളിലെ ലേലത്തിൽ നിന്ന് ബ്രൂക്കിനെ ബിസിസിഐ വിലക്കിയിരുന്നു.
“ഹാരി ബ്രൂക്കിന് ഇംഗ്ലണ്ടിൻ്റെ മുഴുവൻ സമയ കരാറുണ്ട്. പക്ഷേ, അവനിപ്പോ ഐപിഎലിൽ നിന്ന് വിലക്കിലാണ്. ഒരുപാട് താരങ്ങൾ ലേലത്തിലെത്തും. ലേലത്തിൽ അവരാഗ്രഹിച്ച തുക കിട്ടിയില്ലെങ്കിൽ ഇവരിൽ പലരും ഐപിഎലിൽ നിന്ന് പിന്മാറും. ഇങ്ങനെ പിന്മാറിയാൽ രണ്ട് വർഷ വിലക്കാണ് ഐപിഎൽ പറയുന്നത്. ഹാരി ബ്രൂക്കാണ് ഇങ്ങനെ വിലക്ക് ലഭിക്കുന്ന ആദ്യ താരം. പക്ഷേ, എന്തുകൊണ്ടാണ് അവരത് ചെയ്യുന്നതെന്ന് മനസ്സിലാവും. എല്ലാ കളിക്കാർക്കും കൂടുതൽ പണം വേണമെന്നുണ്ട്. പക്ഷേ, ലേലത്തിൽ ഏതെങ്കിലും ടീം നിങ്ങളെ തിരഞ്ഞെടുത്താൽ അതിനെ അംഗീകരിക്കണം. ആഗ്രഹിച്ച പണം കിട്ടിയില്ലെന്നതിനാൽ ഐപിഎലിൽ നിന്ന് പിന്മാറുന്നത് ശരിയല്ല.”- മൈക്കൽ ക്ലാർക്ക് പറഞ്ഞു. ബ്രൂക്ക് നല്ലൊരു താരമാണെന്നും ഭാവിയിൽ ഉറപ്പായും അദ്ദേഹം ഐപിഎലിൽ ഭാഗമാവുമെന്നും ക്ലാർക്ക് കൂട്ടിച്ചേർത്തു.
Also Read: IPL 2025: ആദ്യ മൂന്ന് കളി സഞ്ജു ഇംപാക്ട് പ്ലയർ; സ്വന്തം നാട്ടിലടക്കം രാജസ്ഥാനെ നയിക്കുക റിയാൻ പരഗ്




ഈ മാസം 22നാണ് ഇത്തവണത്തെ ഐപിഎൽ സീസൺ ആരംഭിക്കുക. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിലാണ് ഉദ്ഘാടന മത്സരം. ഫൈനലും ഈഡനിൽ തന്നെ. ഈ മാസം 24നാണ് ഡൽഹി ക്യാപിറ്റൽസ് ആദ്യ മത്സരത്തിനിറങ്ങുക. വിശാഖപട്ടണത്തെ ഡൽഹിയുടെ സെക്കൻഡ് ഹോമായ എസിഎ – വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലാന് മത്സരം. ലഖ്നൗ സൂപ്പർ ജയൻ്റാണ് എതിരാളികൾ. കഴിഞ്ഞ സീസണിൽ ഡൽഹിയുടെ ക്യാപ്റ്റനായ ഋഷഭ് പന്ത് ഇക്കുറി ലഖ്നൗവിൻ്റെ ക്യാപ്റ്റനാണ്. കഴിഞ്ഞ സീസണിൽ എൽഎസ്ജിയെ നയിച്ച കെഎൽ രാഹുൽ ഇത്തവണ ഡൽഹിക്കൊപ്പം കളിക്കും.