IPL 2025 : റിക്കിൾട്ടണും സൂര്യക്കും ഫിഫ്റ്റി; ലഖ്നൗവിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ
IPL 2025 MI Score Against LSG: ഐപിഎലിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത മുംബൈ റയാൻ റിക്കിൾട്ടണിൻ്റെയും സൂര്യകുമാർ യാദവിൻ്റെയും അർദ്ധസെഞ്ചുറികളുടെ മികവിൽ 215 റൺസാണ് അടിച്ചെടുത്തത്.

ലഖ്നൗ സൂപ്പർ കിംഗ്സിന് മുന്നിൽ 216 റൺസിൻ്റെ വിജയലക്ഷ്യം വച്ച് മുംബൈ ഇന്ത്യൻസ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 215 റൺസ് നേടി. 58 റൺസ് നേടിയ റയാൻ റിക്കിൾട്ടണാണ് മുംബൈയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവ് 54 റൺസ് നേടി. ലഖ്നൗ സൂപ്പർ ജയൻ്റ്സിനായി ആവേശ് ഖാനും മായങ്ക് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് മികച്ച തുടക്കം ലഭിച്ചു. റയാൻ റിക്കിൾട്ടണും രോഹിത് ശർമ്മയും തുടരെ ബൗണ്ടറികൾ കണ്ടെത്തിയതോടെ സ്കോർ കുതിച്ചു. എന്നാൽ, മൂന്നാം ഓവറിലെ അവസാന പന്തിൽ രോഹിത് ശർമ്മയെ (5 പന്തിൽ 12) മടക്കി മായങ്ക് യാദവ് ലഖ്നൗവിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു.
മൂന്നാം നമ്പറിലെത്തിയ വിൽ ജാക്ക്സ് തുടക്കത്തിൽ ഏറെ ബുദ്ധിമുട്ടി. എന്നാൽ, അനായാസം ബാറ്റിംഗ് തുടർന്ന റയാൻ റിക്കിൾട്ടൺ മുംബൈയെ മുന്നോട്ടുനയിച്ചു. 25 പന്തിൽ റിക്കിൾട്ടൺ ഫിഫ്റ്റി തികച്ചു. ഈ സമയത്ത് വിൽ ജാക്ക്സും ബൗണ്ടറികൾ കണ്ടെത്തി. 55 റൺസാണ് ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 32 പന്തിൽ 58 റൺസ് നേടിയ റിക്കിൾട്ടണെ വീഴ്ത്തി ദിഗ്‌വേഷ് റാഠി ഈ കൂട്ടുകെട്ട് പൊളിച്ചു. നാലാം നമ്പറിലെത്തിയ സൂര്യകുമാർ യാദവും ആക്രമിച്ചുകളിച്ചു. ഇതിനിടെ വിൽ ജാക്ക്സിനെ (21 പന്തിൽ 29) പ്രിൻസ് യാദവും തിലക് വർമ്മയെ (5 പന്തിൽ 6) രവി ബിഷ്ണോയും ഹാർദിക് പാണ്ഡ്യയെ (5) മായങ്ക് യാദവും വീഴ്ത്തി. മായങ്കിൻ്റെ രണ്ടാം വിക്കറ്റായിരുന്നു ഇത്.




Also Read: IPL 2025: ഐപിഎല്ലില്‍ ഇന്ന് ഡബിള്‍ ധമാക്ക; എല്ലാ കണ്ണുകളും ഋഷഭ് പന്തില്‍
ഒരു വശത്ത് തുടരെ വിക്കറ്റുകൾ നഷ്ടമാവുമ്പോഴും ആക്രമിച്ചുകളിച്ച സൂര്യകുമാർ യാദവാണ് മുംബൈ ഇന്നിംഗ്സിനെ മുന്നോട്ടുനയിച്ചത്. 27 പന്തിൽ സൂര്യ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിയ്ക്ക് പിന്നാലെ 27 പന്തിൽ 54 റൺസെടുത്ത സൂര്യകുമാർ യാദവിനെ ആവേശ് ഖാൻ മിച്ചൽ മാർഷിൻ്റെ കൈകളിലെത്തിച്ചു. അവസാന ഓവറുകളിൽ ബൗണ്ടറികൾ കണ്ടെത്തിയ നമൻ ധിറും കോർബിൻ ബോഷുമാണ് മുംബൈയെ 200 കടത്തുയത്. ആദ്യ ഐപിഎൽ മത്സരം കളിച്ച ബോഷ് 10 പന്തിൽ 20 റൺസ് നേടി പുറത്തായപ്പോൾ നമൻ ധിർ 11 പന്തിൽ 25 റൺസുമായി നോട്ടൗട്ടാണ്. ആവേശ് ഖാനാണ് ബോഷിനെ വീഴ്ത്തിയത്.