IPL 2025: ബൂം ബൂം!; ഇങ്ങനെയൊക്കെ പന്തെറിഞ്ഞാലെങ്ങനെ?; ലഖ്നൗവിനെതിരെ മുംബൈക്ക് വമ്പൻ വിജയം
MI Wins Against LSG: ലഖ്നൗവിനെ 54 റൺസിന് വീഴ്ത്തി വീഴ്ത്തി മുംബൈ ഇന്ത്യൻസിന് തുടർച്ചയായ അഞ്ചാം ജയം. 4 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ലഖ്നൗവിനെ തകർത്തത്.

ഐപിഎലിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്. 54 റൺസിനാണ് മുംബൈയുടെ വിജയം. മുംബൈ മുന്നോട്ടുവച്ച 216 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലഖ്നൗ അവസാന പന്തിൽ 161 റൺസിന് ഓൾഔട്ടായി. 35 റൺസ് നേടിയ ആയുഷ് ബദോനിയാണ് ലഖ്നൗവിൻ്റെ ടോപ്പ് സ്കോറർ. മുംബൈ ഇന്ത്യൻസിനായി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്നൗ സൂപ്പർ ജയൻ്റ്സിന് മൂന്നാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. സീസണിൽ ആദ്യമായി പവർ പ്ലേയിൽ പന്തെടുത്ത ജസ്പ്രീത് ബുംറ ഇന്നിംഗ്സിലെ മൂന്നാം ഓവറിൽ മികച്ച ഫോമിലുള്ള എയ്ഡൻ മാർക്രത്തെ മടക്കി അയച്ചു. 9 റൺസെടുത്താണ് മാർക്രം മടങ്ങിയത്. രണ്ടാം വിക്കറ്റിൽ മിച്ചൽ മാർഷും നിക്കോളാസ് പൂരാനും ചേർന്ന് പവർപ്ലേയിൽ ലഖ്നൗവിനെ 60 റൺസിലെത്തിച്ചു. എന്നാൽ, ഏഴാം ഓവറിലെ ആദ്യ പന്തിൽ പൂരാനെയും (15 പന്തിൽ 27) നാലാം പന്തിൽ ഋഷഭ് പന്തിനെയും (4) വീഴ്ത്തി വിൽ ജാക്ക്സ് ലഖ്നൗവിന് തിരിച്ചടി നൽകി.
നാലാം വിക്കറ്റിൽ മിച്ചൽ മാർഷും ആയുഷ് ബദോനിയും ചേർന്ന് ലഖ്നൗവിന് വീണ്ടും പ്രതീക്ഷ നൽകി. ബദോനി ആക്രമിച്ച് കളിച്ചപ്പോൾ താരത്തിന് മാർഷ് ഉറച്ച പിന്തുണ നൽകി. 46 റൺസാണ് സഖ്യം കൂട്ടിച്ചേർത്തത്. 24 പന്തിൽ 34 റൺസ് നേടിയ മിച്ചൽ മാർഷിനെ ട്രെൻ്റ് ബോൾട്ട് വീഴ്ത്തിയതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. ആയുഷ് ബദോനിയും (22 പന്തിൽ 35) ബോൾട്ടിന് മുന്നിൽ വീണു. ഡേവിഡ് വില്ലർ (16 പന്തിൽ 24), അബ്ദുൽ സമദ് (2), ആവേശ് ഖാൻ (0) എന്നിവർ ബുംറയുടെ ഇരകളായി മടങ്ങി. ഇതോടെ ലഖ്നൗ തോൽവിയുറപ്പിച്ചു. രവി ബിഷ്ണോയിയെ (13) മടക്കി കോർബിൻ ബോഷ് തൻ്റെ ആദ്യ ഐപിഎൽ വിക്കറ്റ് സ്വന്തമാക്കി. അവസാന പന്തിൽ ദിഗ്‌വേഷ് റാഠിയുടെ കുറ്റി പിഴുത് ട്രെൻ്റ് ബോൾട്ട് ലഖ്നൗ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ജയത്തോടെ മുംബൈ ഇന്ത്യൻസ് പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.




Also Read: IPL 2025 : റിക്കിൾട്ടണും സൂര്യക്കും ഫിഫ്റ്റി; ലഖ്നൗവിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 215 റൺസ് നേടിയത്. 58 റൺസ് നേടിയ റയാൻ റിക്കിൾട്ടൺ മുംബൈയുടെ ടോപ്പ് സ്കോറർ ആയപ്പോൾ സൂര്യകുമാർ യാദവ് 54 റൺസെടുത്തു. ലഖ്നൗ സൂപ്പർ ജയൻ്റ്സിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ആവേശ് ഖാനും മായങ്ക് യാദവുമാണ് തിളങ്ങിയത്.