5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: പോരായ്മകളുടെ നടുവില്‍ മുംബൈ ഇന്ത്യന്‍സ്, ഇന്ന് ജയിച്ചേ പറ്റൂ; വിഘ്‌നേഷ് പുത്തൂര്‍ കളിക്കുമോ?

Mumbai Indians vs Kolkata Knight Riders Match Preview In Malayalam: ആര്‍സിബിക്കെതിരായ ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആത്മവിശ്വാസത്തിലാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രാജസ്ഥാനെതിരെ കളിക്കാതിരുന്ന ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ ഇന്ന് കളിച്ചേക്കും

IPL 2025: പോരായ്മകളുടെ നടുവില്‍ മുംബൈ ഇന്ത്യന്‍സ്, ഇന്ന് ജയിച്ചേ പറ്റൂ; വിഘ്‌നേഷ് പുത്തൂര്‍ കളിക്കുമോ?
മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മയും, പരിശീലകന്‍ മഹേല ജയവര്‍ധനെയും
jayadevan-am
Jayadevan AM | Published: 31 Mar 2025 11:01 AM

പിഎല്‍ 2025 സീസണില്‍ ഇതുവരെ ഒരു വിജയം പോലുമില്ലാത്ത ടീമുകളുടെ പട്ടികയില്‍ ‘ദൈവത്തിന്റെ പോരാളികള്‍’ തനിച്ചാണ്. ഇന്നലെ വരെ കൂട്ടിനുണ്ടായിരുന്ന രാജസ്ഥാന്‍ റോയല്‍സും ഒടുവില്‍ ‘കാലുവാരി’. തോറ്റുതുടങ്ങുന്ന ദൈവത്തിന്റെ പോരാളികളെ ഭയക്കണമെന്നാണ് മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ ഭാഷ്യം. പക്ഷേ, ഇന്ന് നടക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ കൂടി തോറ്റാല്‍ ടീമിന്റെ ഉള്ള ആത്മവിശ്വാസം കൂടി ചോരുമെന്ന് തീര്‍ച്ച. എങ്കിലും ദയനീയമായി തുടങ്ങി കിരീടജേതാക്കളായി സീസണ്‍ അവസാനിപ്പിച്ച ചരിത്രം മുംബൈ ഇന്ത്യന്‍സിനുണ്ട്. ആ ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ബാറ്റിങ് അമ്പേ പരാജയം

ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് മുംബൈ തോറ്റത് നാലു വിക്കറ്റിന്. ആദ്യം ബാറ്റു ചെയ്ത മുംബൈ നേടിയത് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 155 റണ്‍സ് മാത്രം. ചെന്നൈ 19.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവച്ച 197 റണ്‍സ് പിന്തുടര്‍ന്ന മുംബൈയ്ക്ക് നേടാനായത് 160 റണ്‍സ് മാത്രം. മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങിലെ പാളിച്ചകള്‍ അക്കമിട്ട് നിരത്തുന്ന കണക്കുകള്‍. ഈ സീസണില്‍ ഇതുവരെ ഒരു മുംബൈ ബാറ്റര്‍ക്കു പോലും അര്‍ധ ശതകം തികയ്ക്കാനായിട്ടില്ല. ഇരട്ടയക്കത്തില്‍ പോലും എത്താന്‍ പാടുപെടുന്ന രോഹിത് ശര്‍മയുടെ പ്രകടനമാണ് ഏറെ പരിതാപകരം.

ബൗളിങിലും നിരാശ

ബൗളിങില്‍ ഇതുവരെ എടുത്തുപറയത്തക്ക പ്രകടനം നടത്തിയത് ചെന്നൈയ്‌ക്കെതിരെ ഇമ്പാക്ട് പ്ലയറായി കളിച്ച വിഘ്‌നേഷ് പുത്തൂര്‍ മാത്രം. കന്നി മത്സരത്തില്‍ താരം നാലോവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറ്റൊരു മുംബൈ ബൗളര്‍ക്കും ഈ സീസണില്‍ മൂന്ന് വിക്കറ്റ് നേട്ടം കൈവരിക്കാനായിട്ടില്ല. ഗുജറാത്തിനെതിരെ പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന വിഘ്‌നേഷ് ഇന്ന് ഇമ്പാക്ട് പ്ലയറായി കളിക്കാന്‍ സാധ്യതയുണ്ട്. വിഘ്‌നേഷിന് പകരം ഗുജറാത്തിനെതിരെ അന്തിമ ഇലവനിലെത്തിയ മുജീബു ഉര്‍ റഹ്‌മാന് കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല.

കൊല്‍ക്കത്ത ആത്മവിശ്വാസത്തില്‍

ആര്‍സിബിക്കെതിരായ ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആത്മവിശ്വാസത്തിലാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രാജസ്ഥാനെതിരെ കളിക്കാതിരുന്ന ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ ഇന്ന് കളിക്കുമെന്നാണ് സൂചന.

Read Also : IPL 2025: റോയല്‍സിനായി വിജയം പിടിച്ചെടുത്ത് സന്ദീപ് ശര്‍മയുടെ അവസാന ഓവര്‍; ക്യാപ്റ്റന്‍സി നഷ്ടപ്പെടും മുമ്പ് റിയാന്‍ പരാഗിനും നേട്ടം

വാങ്കഡെയില്‍

മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ രാത്രി 7.30ന് മത്സരം ആരംഭിക്കും. ചേസിങ് ടീമിനെ കൂടുതല്‍ പിന്തുണച്ച ചരിത്രമാണ് വാങ്കഡെയ്ക്കുള്ളത്. ടോസ് നേടുന്ന ടീം ഫീല്‍ഡിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. താരതമ്യേന ചെറിയ ബൗണ്ടറികളായതിനാല്‍ ആരാധകര്‍ റണ്ണൊഴുക്കും പ്രതീക്ഷിക്കുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, ജിയോഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം.