5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: അശ്വനിയുടെ അരങ്ങേറ്റത്തില്‍ ആടിയുലഞ്ഞ് കൊല്‍ക്കത്ത; മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം

Mumbai Indians vs Kolkata Knight Riders: രമണ്‍ദീപ് സിംഗിന്റെ കാമിയോ ഇന്നിംഗ്‌സാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ 100 കടത്തിയത്. മിച്ചല്‍ സാന്റ്‌നര്‍ക്കായിരുന്നു രമണ്‍ദീപിന്റെ വിക്കറ്റ്. ഹര്‍ഷിത് റാണയുടെ വിക്കറ്റ് മലയാളിതാരം വിഘ്‌നേഷ് പുത്തൂരിന് ലഭിച്ചു. വിഘ്‌നേഷ് രണ്ടോവറില്‍ 21 റണ്‍സ് വഴങ്ങി

IPL 2025: അശ്വനിയുടെ അരങ്ങേറ്റത്തില്‍ ആടിയുലഞ്ഞ് കൊല്‍ക്കത്ത; മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം
മുംബൈ ഇന്ത്യന്‍സ്‌ Image Credit source: PTI
jayadevan-am
Jayadevan AM | Published: 01 Apr 2025 06:10 AM

തുശരി. അപ്പോള്‍ ഇത്രയും മികച്ച കിടിലന്‍ താരങ്ങളെ ടീമില്‍ ഒളിപ്പിച്ചുവെച്ചിട്ടാണോ ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റത്? ഐപിഎല്‍ 2025 സീസണില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യ വിജയം നേടുമ്പോള്‍ ആരാധകരുടെ മനസിലുയരുന്ന ചോദ്യമാണിത്. ഐപിഎല്ലില്‍ ആദ്യമായി കളിക്കുന്ന ഒരു 23കാരന്റെ മാസ്മരിക ഏറിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മുംബൈ നിഷ്പ്രഭമാക്കിയത്. മൂന്നോവര്‍ എറിഞ്ഞ അശ്വനി കുമാര്‍ 24 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തി. അശ്വനിയാണ് കളിയിലെ താരം.

കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു അജിങ്ക്യ രഹാനെയും സംഘവും. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട മുംബൈയെ അനായാസമായി കീഴടക്കാമെന്ന് കരുതിയ കൊല്‍ക്കത്തയ്ക്ക് എല്ലാം പിഴച്ചു. ‘ഔട്ട് ഓഫ് സിലബസാ’യി എത്തിയ അശ്വനി എന്ന വജ്രായുധം കൊല്‍ക്കത്തയെ തരിപ്പണമാക്കി. അതും തീര്‍ത്തും അപ്രതീക്ഷിതമായി.

ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്തയ്ക്ക് ആദ്യ ഓവറില്‍ തന്നെ അപകടകാരിയായ സുനില്‍ നരൈനെ നഷ്ടമായി. ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ കുപ്രസിദ്ധനായ ട്രെന്‍ഡ് ബോള്‍ട്ട് നരൈനെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. രണ്ട് പന്ത് നേരിട്ട നരൈന് അക്കൗണ്ട് തുറക്കാനായില്ല. തൊട്ടടുത്ത ഓവറില്‍ ക്വിന്റണ്‍ ഡി കോക്കിനെയും കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. മൂന്ന് പന്തുകള്‍ നേരിട്ട ഡി കോക്കിന് ഒരു റണ്‍സ് മാത്രമാണ് നേടാനായത്. ദീപക് ചഹറിനായിരുന്നു വിക്കറ്റ്. അശ്വനി കുമാര്‍ ക്യാച്ചെടുക്കുകയായിരുന്നു.

നാലാം ഓവറില്‍ കൊല്‍ക്കത്തയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. ഏഴ് പന്തില്‍ 11 റണ്‍സെടുത്ത ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് ഇത്തവണ വീണത്. അശ്വനി കുമാറിന്റെ ആദ്യ ഐപിഎല്‍ വിക്കറ്റ്. അശ്വനിയുടെ പന്തില്‍ തിലക് വര്‍മ ക്യാച്ചെടുക്കുകയായിരുന്നു. ഒമ്പത് പന്തില്‍ മൂന്ന് റണ്‍സെടുത്ത ഉപനായകന്‍ വെങ്കടേഷ് അയ്യരും മടങ്ങിയതോടെ കൊല്‍ക്കത്ത കൂട്ടത്തകര്‍ച്ച നേരിട്ടു. ദീപക് ചഹറിനായിരുന്നു വെങ്കടേഷിന്റെ വിക്കറ്റ്. അധികം വൈകാതെ കൊല്‍ക്കത്തയുടെ ടോപ് സ്‌കോററായ ആങ്ക്രിഷ് രഘുവന്‍ശി (16 പന്തില്‍ 26) മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

Read More: IPL 2025: റോയല്‍സിനായി വിജയം പിടിച്ചെടുത്ത് സന്ദീപ് ശര്‍മയുടെ അവസാന ഓവര്‍; ക്യാപ്റ്റന്‍സി നഷ്ടപ്പെടും മുമ്പ് റിയാന്‍ പരാഗിനും നേട്ടം

തുടര്‍ന്ന് തുടരെ തുടരെ മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തി അശ്വനി കുമാര്‍ കൊല്‍ക്കത്തയുടെ കാര്യം തീരുമാനമാക്കി. റിങ്കു സിംഗ്-14 പന്തില്‍ 17, ഇമ്പാക്ട് പ്ലയറായെത്തിയ മനീഷ് പാണ്ഡെ-14 പന്തില്‍ 19, ആന്ദ്രെ റസല്‍-11 പന്തില്‍ അഞ്ച് എന്നിവരാണ് അശ്വനിക്ക് മുന്നില്‍ പതറിവീണത്.

രമണ്‍ദീപ് സിംഗിന്റെ കാമിയോ ഇന്നിംഗ്‌സാണ് (12 പന്തില്‍ 22) കൊല്‍ക്കത്തയുടെ സ്‌കോര്‍ 100 കടത്തിയത്. മിച്ചല്‍ സാന്റ്‌നര്‍ക്കായിരുന്നു രമണ്‍ദീപിന്റെ വിക്കറ്റ്. ഹര്‍ഷിത് റാണയുടെ (മൂന്ന് പന്തില്‍ ഒന്ന്) വിക്കറ്റ് മലയാളിതാരം വിഘ്‌നേഷ് പുത്തൂരിന് ലഭിച്ചു. വിഘ്‌നേഷ് രണ്ടോവറില്‍ 21 റണ്‍സ് വഴങ്ങി. 16.2 ഓവറില്‍ 116 റണ്‍സിന് കൊല്‍ക്കത്ത ഓള്‍ ഔട്ടായി.

മുന്നിലുണ്ടായിരുന്നത് ചെറിയ വിജയലക്ഷ്യമായിരുന്നിട്ടും രോഹിത് ശര്‍മ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഇമ്പാക്ട് പ്ലയറായി ക്രീസിലെത്തിയ രോഹിത് 12 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി. വില്‍ ജാക്ക്‌സും (17 പന്തില്‍ 16) നിറംമങ്ങി. മുംബൈയ്ക്ക് നഷ്ടമായ രണ്ട് വിക്കറ്റുകളും ആന്ദ്രെ റസലാണ് സ്വന്തമാക്കിയത്. റിയാന്‍ റിക്കല്‍ട്ടണും (പുറത്താകാതെ 41 പന്തില്‍ 62), സൂര്യകുമാര്‍ യാദവും (ഒമ്പത് പന്തില്‍ 27) കൂടുതല്‍ നാശനഷ്ടമുണ്ടാക്കതെ മുംബൈയ്ക്കായി വിജയലക്ഷ്യം മറികടന്നു.