IPL 2025: ഒടുവിൽ രോഹിത് ശർമ്മ ഹിറ്റ്മാനായി; ചെന്നൈ സൂപ്പർ കിംഗ്സിനെ 9 വിക്കറ്റിന് തകർത്തെറിഞ്ഞ് മുംബൈ
MI Wins Against CSK: ചെന്നൈ സൂപ്പർ കിംഗ്സിനെ തകർത്ത് മുംബൈ ഇന്ത്യൻസ്. 177 റൺസ് വിജയലക്ഷ്യം വെറും 9 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 16ആം ഓവറിൽ മറികടക്കാൻ മുംബൈയ്ക്ക് സാധിച്ചു.

ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ തകർപ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്. 9 വിക്കറ്റിനാണ് മുംബൈയുടെ വിജയം. ചെന്നൈ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം വെറും 15.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു. 76 റൺസ് നേടി പുറത്താവാതെ നിന്ന രോഹിത് ശർമ്മയാണ് മുംബൈയുടെ ടോപ്പ് സ്കോറർ.
മുംബൈ ഇന്ത്യൻസിന് നല്ല തുടക്കമാണ് ലഭിച്ചത്. രോഹിത് ശർമ്മയും റയാൻ റിക്കിൾട്ടണും ബൗണ്ടറികൾ കണ്ടെത്തിയതോടെ പവർപ്ലേയിൽ സ്കോർ കുതിച്ചു. 63 റൺസാണ് ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. സീസണിൽ മുംബൈയുടെ ഏറ്റവും ഉയർന്ന പവർ പ്ലേ സ്കോറും ഇത് തന്നെ. ഒടുവിൽ 19 പന്തിൽ 24 റൺസ് നേടിയ റയാൻ റിക്കിൾട്ടണെ വീഴ്ത്തി രവീന്ദ്ര ജഡേജ ചെന്നൈക്ക് ബ്രേക്ക് ത്രൂ നൽകി.
മറുവശത്ത് രോഹിത് ശർമ്മ അപാര ഫോമിലായിരുന്നു. തുടരെ ബൗണ്ടറികൾ കണ്ടെത്തിയ താരം അനായാസം മുന്നോട്ടുകുതിച്ചു. മൂന്നാം നമ്പറിലെത്തിയ സൂര്യകുമാർ യാദവും ഒപ്പം കൂടി. നൂർ അഹ്മദും മതീഷ പതിരനയും അടക്കമുള്ള ചെന്നൈ ബൗളർമാർ ഇവരുടെ ബാറ്റിൻ്റെ ചൂടറിഞ്ഞു.




Also Read: IPL 2025: ഇന്നലെ 14കാരൻ വൈഭവ്, ഇന്ന് 17കാരൻ ആയുഷ്; ഐപിഎല്ലിൽ തിമിർത്താടി ‘പയ്യൻസ്’
33 പന്തിൽ രോഹിത് ശർമ്മ ഫിഫ്റ്റി തികച്ചു. 26 പന്തിൽ സൂര്യകുമാർ യാദവും അർദ്ധസെഞ്ചുറിയിലെത്തി. ഫിഫ്റ്റിയ്ക്ക് ശേഷം ആക്രമണം കടുപ്പിച്ച ഇരുവരും ചേർന്ന് മുംബൈക്ക് അനായാസ ജയം സമ്മാനിക്കുകയായിരുന്നു. മതീഷ പതിരനയ്ക്കെതിരെ രണ്ട് തുടർ സിക്സറുകൾ നേടി സൂര്യയാണ് വിജയറൺ കുറിച്ചത്. അപരാജിതമായ 114 റൺസാണ് ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ കെട്ടിപ്പടുത്തത്. രോഹിത് ശർമ്മ 45 പന്തിൽ നാല് ബൗണ്ടറികളും ആറ് സിക്സറുകളും സഹിതം 76 റൺസ് നേടിയും സൂര്യകുമാർ യാദവ് 30 പന്തുകളിൽ ആറ് ബൗണ്ടറിയും അഞ്ച് സിക്സറുകളും സഹിതം 68 റൺസ് നേടിയും നോട്ടൗട്ടാണ്.
ജയത്തോടെ മുംബൈ പോയിൻ്റ് ടേബിളിൽ ആറാം സ്ഥാനത്തേക്ക് മുന്നേറി. തുടരെ മൂന്നാമത്തെ കളിയാണ് മുംബൈ വിജയിക്കുന്നത്. എട്ട് മത്സരങ്ങളിൽ നാല് ജയം സഹിതം 8 പോയിൻ്റാണ് മുംബൈയ്ക്കുള്ളത്.