5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: തിലക് വര്‍മയെ പിന്‍വലിച്ചിട്ടും രക്ഷയില്ല; മുംബൈ ഇന്ത്യന്‍സ് പിന്നെയും തോറ്റു; ലഖ്‌നൗവിന് ആശ്വാസം

Lucknow Super Giants vs Mumbai Indians: തിലക് വര്‍മയ്ക്ക് വിജയലക്ഷ്യത്തിന് അനുസൃതമായി ബാറ്റ് ചെയ്യാനായില്ല. സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് ചലിപ്പിക്കുന്നതിലും റണ്‍റേറ്റിന് അനുസരിച്ച് ബൗണ്ടറികള്‍ കണ്ടെത്തുന്നതിലും തിലക് പരാജയപ്പെട്ടു. ബാറ്റിങ് മന്ദഗതിയിലായതോടെ താരം ഡ്രസിങ് റൂമിലേക്ക് മടങ്ങി. റിട്ടയേര്‍ഡ് ഔട്ടായി മടങ്ങുമ്പോള്‍ 23 പന്തില്‍ 25 റണ്‍സാണ് തിലക് നേടിയത്

IPL 2025: തിലക് വര്‍മയെ പിന്‍വലിച്ചിട്ടും രക്ഷയില്ല; മുംബൈ ഇന്ത്യന്‍സ് പിന്നെയും തോറ്റു; ലഖ്‌നൗവിന് ആശ്വാസം
എല്‍എസ്ജി-എംഐ മത്സരം Image Credit source: IPL FB Page
jayadevan-am
Jayadevan AM | Published: 05 Apr 2025 06:14 AM

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പിക്കാനായതിന്റെ ആത്മവിശ്വാസത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിട്ട മുംബൈ ഇന്ത്യന്‍സിന് തൊട്ടതെല്ലാം പിഴച്ചു. മുംബൈയുടെ പ്ലാനെല്ലാം അമ്പേ പൊളിഞ്ഞ മത്സരത്തില്‍ ലഖ്‌നൗവിന് 12 റണ്‍സ് ജയം. സ്‌കോര്‍: ലഖ്‌നൗ-20 ഓവറില്‍ എട്ട് വിക്കറ്റിന് 203. മുംബൈ-20 ഓവറില്‍ അഞ്ച് വിക്കറ്റിന് 191. മിച്ചല്‍ മാര്‍ഷിന്റെയും, എയ്ഡന്‍ മര്‍ക്രമിന്റെയും തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളാണ് ലഖ്‌നൗവിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍മാരായെത്തിയ ഇരുവരും തകര്‍പ്പന്‍ തുടക്കമാണ് ലഖ്‌നൗവിന് സമ്മാനിച്ചത്.

മര്‍ക്രമിനെ ഒരു വശത്ത് സാക്ഷിയാക്കി മാര്‍ഷ് അക്രമിച്ച് കളിക്കുകയായിരുന്നു. സീസണിലെ മൂന്നാമത്തെ അര്‍ധ സെഞ്ചുറിയാണ് താരം നേടിയത്. 31 പന്തില്‍ 60 റണ്‍സെടുത്ത മാര്‍ഷ് മലയാളിതാരം വിഘ്‌നേഷ് പുത്തൂരിന് വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. സ്വന്തം പന്തില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് വിഘ്‌നേഷ് മാര്‍ഷിനെ പുറത്താക്കിയത്.

ഉജ്ജ്വല ഫോമിലുള്ള നിക്കോളാസ് പുരന്‍ വന്നയുടന്‍ അടി തുടങ്ങിയെങ്കിലും ഉടന്‍ മടങ്ങി. ആറു പന്തില്‍ 12 റണ്‍സാണ് താരം നേടിയത്. ഋഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി. നേടിയത് ആറു പന്തില്‍ രണ്ട് റണ്‍സ് മാത്രം. പിന്നീട് ആയുഷ് ബദോനിയുടെയും മര്‍ക്രമിന്റെയും നാലാം വിക്കറ്റ് കൂട്ടുക്കെട്ട് ലഖ്‌നൗവിനായി രക്ഷാപ്രവര്‍ത്തനം നടത്തി.

19 പന്തില്‍ 30 റണ്‍സെടുത്ത ബദോനിയെ പുറത്താക്കി അശ്വനി കുമാര്‍ ഈ കൂട്ടുക്കെട്ട് പൊളിച്ചു. അധികം വൈകാതെ മര്‍ക്രമും (38 പന്തില്‍ 53) പുറത്തായി. അവസാന ഓവറുകളില്‍ ഡേവിഡ് മില്ലര്‍ കാഴ്ചവച്ച ഭേദപ്പെട്ട ബാറ്റിംഗിലൂടെ (14 പന്തില്‍ 27) ലഖ്‌നൗ 200 കടന്നു. മുംബൈയ്ക്കായി ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ച് വിക്കറ്റ് വീഴ്ത്തി.

പരിക്കേറ്റ മുന്‍ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇല്ലാതെയാണ് മുംബൈ കളിക്കാനിറങ്ങിയത്. മുംബൈയ്ക്ക് മികച്ച തുടക്കം നല്‍കുന്നതില്‍ ഓപ്പണര്‍മാരായ വില്‍ ജാക്ക്‌സും ( ഏഴ് പന്തില്‍ അഞ്ച്), റിയാന്‍ റിക്കല്‍ട്ടണും (അഞ്ച് പന്തില്‍ 10) പരാജയപ്പെട്ടു. തുടര്‍ന്ന് ക്രീസിലെത്തിയ നമന്‍ ധിറിന്റെയും, സൂര്യകുമാര്‍ യാദവിന്റെയും ബാറ്റിങ് മുംബൈയ്ക്ക് പ്രതീക്ഷയേകി. 24 പന്തില്‍ 46 റണ്‍സെടുത്ത നമനെ ദിഗ്വേഷ് സിങും, 43 പന്തില്‍ 57 റണ്‍സെടുത്ത സൂര്യയെ ആവേശ് ഖാനും പുറത്താക്കിയത് മുംബൈയ്ക്ക് ഇരട്ട പ്രഹരമായി.

Read Also : IPL 2025: ചെന്നൈ സൂപ്പർ കിംഗ്സ് നായകനായി എംഎസ് ധോണി തിരികെയെത്തുന്നു; കാരണം ഋതുരാജ് ഗെയ്ക്വാദിൻ്റെ പരിക്ക്

തുടര്‍ന്ന് ക്രീസിലെത്തിയ തിലക് വര്‍മയ്ക്ക് വിജയലക്ഷ്യത്തിന് അനുസൃതമായി ബാറ്റ് ചെയ്യാനായില്ല. സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് ചലിപ്പിക്കുന്നതിലും റണ്‍റേറ്റിന് അനുസരിച്ച് ബൗണ്ടറികള്‍ കണ്ടെത്തുന്നതിലും തിലക് പരാജയപ്പെട്ടു. ബാറ്റിങ് മന്ദഗതിയിലായതോടെ താരം ഡ്രസിങ് റൂമിലേക്ക് മടങ്ങി. റിട്ടയേര്‍ഡ് ഔട്ടായി മടങ്ങുമ്പോള്‍ 23 പന്തില്‍ 25 റണ്‍സാണ് തിലക് നേടിയത്. ഐപിഎല്ലില്‍ റിട്ടയേര്‍ഡ് ഔട്ടാകുന്ന നാലാമത്തെ താരമാണ് തിലക്.

തിലക് മടങ്ങുമ്പോള്‍ ഏഴ് പന്തില്‍ 24 റണ്‍സായിരുന്നു മുംബൈയുടെ വിജയലക്ഷ്യം. തുടര്‍ന്ന് ക്രീസിലെത്തിയ മിച്ചല്‍ സാന്റ്‌നര്‍ക്കും (രണ്ട് പന്തില്‍ രണ്ട്), ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും (16 പന്തില്‍ 28) മുംബൈയെ വിജയിപ്പിക്കാനായില്ല.