IPL 2025: ‘എന്‍ പുരാന്‍’ ഷോയില്‍ സണ്‍റൈസേഴ്‌സിനെ അവരുടെ മടയില്‍ വീഴ്ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്; അഞ്ച് വിക്കറ്റ് ജയം
Lucknow Super Giants vs Sunrisers Hyderabad: ലഖ്‌നൗവിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രമിനെ മുഹമ്മദ് ഷമിയാണ് സണ്‍റൈസേഴ്‌സിന് ആദ്യ ബ്രേക്ക് സമ്മാനിച്ചത്. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനൊപ്പം ചേര്‍ന്ന് നിക്കോളാസ് പുരന്‍ കഴിഞ്ഞ മത്സരത്തിലെ പോലെ തകര്‍ത്തടിച്ചു

ബാറ്റിങില്‍ നിക്കോളാസ് പുരനും (26 പന്തില്‍ 70), ബൗളിങില്‍ ശാര്‍ദ്ദുല്‍ താക്കൂറും (നാല് വിക്കറ്റ്) ആഞ്ഞടിച്ചപ്പോള്‍ ഹൈദരാബാദിലെ സ്വന്തം തട്ടകത്തില്‍ സണ്‍റൈസേഴ്‌സിന് തോല്‍വി. അഞ്ച് വിക്കറ്റിനായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ജയം. സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് -20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 190. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്-16.1 ഓവറില്‍ അഞ്ച് വിക്കറ്റിന് 193. ശാര്‍ദ്ദുല്‍ താക്കൂറാണ് കളിയിലെ താരം. പൊതുവെ റണ്ണൊഴുകുന്ന ഹൈദരാബാദിലെ പിച്ചില്‍ സണ്‍റൈസേഴ്‌സ് ആദ്യം ബാറ്റിങിന് ഇറങ്ങിയപ്പോള്‍ കൂറ്റന്‍ സ്‌കോറാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. 250ല്‍ കുറഞ്ഞൊന്നും ആരാധകരുടെ കണക്കുകൂട്ടലിലേ ഉണ്ടായിരുന്നില്ല.
എന്നാല്‍ മൂന്നാം ഓവറില്‍ തന്നെ അത്യന്തം അപകടകാരിയായ അഭിഷേക് ശര്‍മയെ താക്കൂര്‍ വീഴ്ത്തി. ആറു പന്തില്‍ ആറു റണ്‍സ് മാത്രമാണ് അഭിഷേകിന് നേടാനായത്. തൊട്ടടുത്ത പന്തില്‍ ഇഷന്‍ കിഷനും വീണു. രാജസ്ഥാന്‍ റോയല്‍സിനെതിരായ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിവീരനായ കിഷന്‍ ഇത്തവണ ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു.
മൂന്നാം വിക്കറ്റില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കൊപ്പം ഓപ്പണര്‍ ട്രാവിസ് ഹെഡ് സണ്‍റൈസേഴ്‌സിനെ കരകയറ്റാന്‍ ശ്രമിച്ചു. 28 പന്തില്‍ 47 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ എട്ടാം ഓവറില്‍ വീഴ്ത്തി പ്രിന്‍സ് യാദവ് സണ്‍റൈസേഴ്‌സിനെ ഞെട്ടിച്ചു. എക്‌സ്‌പ്ലോസീവ് ബാറ്റിങിന് പേരുകേട്ട ഹെഡിനെ പ്രിന്‍സ് യാദവ് ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.




17 പന്തില്‍ 26 റണ്‍സെടുത്ത ഹെയിന്റിച് ക്ലാസനെ റണ്ണൗട്ടാക്കി പ്രിന്‍സ് യാദവ് വീണ്ടും ആഞ്ഞടിച്ചു. ഉടന്‍ തന്നെ 28 പന്തില്‍ 32 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയും മടങ്ങി. ഇത്തവണ രവി ബിഷ്‌ണോയിക്കായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ക്രീസിലെത്തിയവരില്‍ അനികേത് വര്‍മ-13 പന്തില്‍ 36, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്-നാല് പന്തില്‍ 18 എന്നിവരുടെ ബാറ്റിംഗാണ് സണ്‍റൈസേഴ്‌സിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ലഖ്‌നൗവിന്റെ എല്ലാ ബൗളര്‍മാരും വിക്കറ്റ് വീഴ്ത്തി.
ലഖ്‌നൗവിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രമിനെ (നാല് പന്തില്‍ ഒന്ന്) വീഴ്ത്തി മുഹമ്മദ് ഷമിയാണ് സണ്‍റൈസേഴ്‌സിന് ആദ്യ ബ്രേക്ക് സമ്മാനിച്ചത്. ഇമ്പാക്ട് പ്ലയറായി ക്രീസിലെത്തിയ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനൊപ്പം ചേര്‍ന്ന് നിക്കോളാസ് പുരന്‍ കഴിഞ്ഞ മത്സരത്തിലെ പോലെ തകര്‍ത്തടിച്ചു.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ ഫോം ആവര്‍ത്തിച്ച ഇരുവരും അര്‍ധശതകം തികച്ചു. 116 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ലഖ്‌നൗവിന് സമ്മാനിച്ചത്. തുടര്‍ന്ന് ഇരുവരെയും പുറത്താക്കി സണ്‍റൈസേഴ്‌സ് നായകന്‍ പാറ്റ് കമ്മിന്‍സ് ലഖ്‌നൗവിന് ഇരട്ടപ്രഹരം സമ്മാനിച്ചു.
ലഖ്‌നൗ ക്യാപ്റ്റന്‍ ഋഷഭ് പന്ത് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. കഴിഞ്ഞ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ പന്തിന്, ഇത്തവണ നേടാനായത് 15 പന്തില്‍ 15 റണ്‍സ് മാത്രം. ആയുഷ് ബദോനിയും (ആറു പന്തില്‍ 6) വന്ന പോലെ മടങ്ങിയതോടെ ലഖ്‌നൗ അപകടം മണുത്തെങ്കിലും ഡേവിഡ് മില്ലറുടെയും (ഏഴ് പന്തില്‍ 13), അബ്ദുല്‍ സമദിന്റെയും (എട്ട് പന്തില്‍ 22) അപരാജിത ആറാം വിക്കറ്റ് കൂട്ടുക്കെട്ട് ലഖ്‌നൗവിനെ വിജയത്തീരത്തെത്തിച്ചു.