IPL 2025: ഫിഫ്റ്റിയടിച്ച് മാർഷും മാർക്രവും; ലഖ്നൗവിനെതിരെ മുംബൈയ്ക്ക് ജയിക്കാൻ വേണ്ടത് 204 റൺസ്
IPL 2025 LSG First Innings Score: ഐപിഎലിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ മുംബൈ ഇന്ത്യൻസിൻ്റെ വിജയലക്ഷ്യം 204 റൺസ്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ, ഓപ്പണർമാർ നേടിയ അർദ്ധസെഞ്ചുറികളുടെ മികവിലാണ് മികച്ച ടോട്ടൽ പടുത്തുയർത്തിയത്.

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 203 റൺസ് നേടി. 60 റൺസ് നേടിയ മിച്ചൽ മാർഷ് ലഖ്നൗവിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ എയ്ഡൻ മാർക്രവും (53) ഫിഫ്റ്റി നേടി. മുംബൈക്കായി 5 വിക്കറ്റ് നേടിയ ഹാർദിക് പാണ്ഡ്യയാണ് തിളങ്ങിയത്.
തകർപ്പൻ തുടക്കമാണ് ലഖ്നൗവിന് ലഭിച്ചത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലഖ്നൗവിനായി മിച്ചൽ മാർഷ് തൻ്റെ ഫോം തുടർന്നു. അനായാസം ബൗണ്ടറി കണ്ടെത്തിയ താരം സഹ ഓപ്പണർ എയ്ഡൻ മാർക്രത്തെ ഒരു വശത്ത് നിർത്തി കത്തിക്കയറി. 27 പന്തിലാണ് മാർക്രം ഫിഫ്റ്റി തികച്ചത്. പവർപ്ലേയിൽ 69 റൺസ് നേടിയ ലഖ്നൗവിന് ഏഴാം ഓവറിലെ അവസാന പന്തിൽ ആദ്യ വിക്കറ്റ് വീണു. തൻ്റെ ആദ്യ ഓവറിൽ മിച്ചൽ മാർഷിനെ സ്വന്തം ബോളിൽ പിടികൂടിയ മലയാളി താരം വിഗ്നേഷ് പുത്തൂർ ആണ് മുംബൈയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 31 പന്തിൽ 60 റൺസെടുത്ത മാർഷ് ആദ്യ വിക്കറ്റിൽ എയ്ഡൻ മാർക്രവുമൊത്ത് കൂട്ടിച്ചേർത്തത് 76 റൺസ്.
ഇതിന് ശേഷം ലഖ്നൗവിന് തുടരെ വിക്കറ്റുകൾ നഷ്ടമായി. അസാമാന്യ ഫോമിലുള്ള നിക്കോളാസ് പൂരാൻ (12), മോശം ഫോമിലുള്ള ക്യാപ്റ്റൻ ഋഷഭ് പന്ത് (2) എന്നിവരെ ഹാർദിക് പാണ്ഡ്യ മടക്കി അയച്ചു. നാലാം വിക്കറ്റിൽ ആയുഷ് ബദോനിയും എയ്ഡൻ മാർക്രവും ചേർന്ന കൂട്ടുകെട്ടാണ് ലഖ്നൗവിനെ വീണ്ടും കൈപിടിച്ചുയർത്തിയത്. 51 റൺസ് നീണ്ട കൂട്ടുകെട്ടിൽ ബദോനിയായിരുന്നു അപകടകാരി. 19 പന്തിൽ 30 റൺസ് നേടിയ താരത്തെ ഒടുവിൽ അശ്വിനി കുമാർ പുറത്താക്കി.
ഇതിനിടെ 34 പന്തിൽ മാർക്രം ഫിഫ്റ്റി തികച്ചു. എന്നാൽ, അവസാന ഓവറുകളിൽ റൺസ് ഉയർത്താനുള്ള ശ്രമത്തിനിടെ മാർക്രം മടങ്ങി. 38 പന്തിൽ 53 റൺസ് നേടിയ താരത്തെയും ഹാർദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. ബൗണ്ടറിയടിച്ച് തുടങ്ങിയ അബ്ദുൽ സമദിനെ (4) ട്രെൻ്റ് ബോൾട്ട് മടക്കി അയച്ചു. അവസാന ഓവറിൽ ഡേവിഡ് മില്ലറിൻ്റെ കൂറ്റനടികളാണ് ലഖ്നൗവിനെ 200 കടത്തിയത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ 20ആം ഓവറിൽ ഒരു ബൗണ്ടറിയും ഒരു സിക്സറും സഹിതം 12 റൺസ് നേടിയ മില്ലറെ അടുത്ത പന്തിൽ ഹാർദിക് തന്നെ പുറത്താക്കി. 14 പന്തിൽ 27 റൺസ് നേടിയാണ് മില്ലർ പുറത്തായത്. തൊട്ടടുത്ത പന്തിൽ ആകാശ് ദീപിനെക്കൂടി (0) മടക്കി അയച്ച ഹാർദിക് തൻ്റെ ടി20 കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.